അത്രത്തോളം സന്തുഷ്ടനായ മറ്റൊരു മനുഷ്യനെ എനിക്ക് പരിചയമുണ്ടായിരുന്നില്ല. അത്രയ്ക്ക് ഇണക്കമുള്ള മറ്റ് മനുഷ്യഇണകളെയും അധികം പരിചയമുണ്ടായിരുന്നില്ല. ബേബിയും തങ്കയും. അത്രയും പോരാ. നാടി ബേബിയും നാടി തങ്കയും. വിഷ്ണു രമയ്ക്കു നിശയ്ക്കു ശശാങ്കനുമയ്ക്കു ഹരന്‍ നളനോര്‍ക്കില്‍ നിനക്കും എന്ന് പറഞ്ഞതു പോലെ തങ്കയ്ക്കു ബേബിയും.
വീടിനോടു ചേര്‍ന്നുള്ള ഞങ്ങളുടെ പീടികമുറ്റത്തേക്ക് ബേബിയും തങ്കയും വരുന്നത് പലപ്പോഴും സ്കൂട്ടറിലായിരിക്കും. സാങ്കല്‍പ്പിക സ്കൂട്ടറില്‍. സ്കൂട്ടര്‍ ഓടിക്കുമ്പോഴെന്ന പോലെ അരമണ്ഡലത്തില്‍ ഇരുന്ന് കൈകള്‍ ഹാന്‍ഡിലിലേക്കെന്നോണം നീട്ടിപ്പിടിച്ച് സ്കൂട്ടറിന്‍റെ കുടുകുടു ശബ്ദങ്ങള്‍ കേള്‍പ്പിച്ച് ബേബി ഓടി വരും. ബേബിയുടെ പിന്നില്‍ ഒരു വശം ചെരിഞ്ഞ് തോളില്‍പ്പിടിച്ച് ഒപ്പം ഓടി തങ്കയും. പീടികയുടെ അടുത്തു
വരെ ആടിപ്പാടി നടന്നു വന്നിട്ടാണ്, എന്നാല്‍ സ്കൂട്ടറെടുക്കാടീ... നീ പിടിച്ചിരുന്നോ എന്നു പറഞ്ഞ് ബേബി സാങ്കല്‍പ്പിക സ്കൂട്ടര്‍ സ്റ്റാര്‍ട്ടാക്കുന്നത്. ബേബിയുടെ തോളില്‍ പിടിച്ച് തങ്ക സ്കൂട്ടറിനു പിന്നില്‍ കയറും! സങ്കല്‍പ്പത്തിലാണെങ്കില്‍ പോലും വായുവിമാനത്തിലേറാനൊന്നും അവര്‍ക്കു കഴിയുമായിരുന്നില്ലല്ലോ എന്ന് ഇപ്പോള്‍ തിരിച്ചറിയാനാവുന്നുണ്ട്.
ഒരു പാളേങ്കോടന്‍ പഴത്തിന് 10 പൈസയാണ്. രണ്ടെണ്ണത്തിന് 15 പൈസ. രണ്ടു പഴവും പിന്നെ കുലയുടെ ഏറ്റവും മുകളില്‍ നില്‍ക്കുന്ന ഞാറുവാലി പിടിച്ച കായകളൊക്കെ സൗജന്യമായും വാങ്ങി രണ്ടു പേരും കൂടി കഴിക്കും. ചേച്ചിയേ... ഇച്ചിരി കഞ്ഞിവെള്ളം തന്നേരേ... എന്ന് അടുക്കളയിലേക്ക് അപേക്ഷ അയച്ച് കാത്തിരിക്കും. കഞ്ഞിവെള്ളത്തില് രണ്ട് വറ്റു കൂടുതലിട്ടേര് കെട്ടോ എന്ന് അപേക്ഷയിലേക്ക് ആഡ് ഓണ്‍ ചെയ്യും. വീടിനോടു ചേര്‍ത്ത് പണിയിച്ച ഒരു മുറിയില്‍ത്തന്നെയായിരുന്നു പീടിക എന്നതിനാല്‍, കടയില്‍ വരുന്നവരില്‍ ആരെങ്കിലുമൊക്കെയായി എന്നും കഞ്ഞിവെള്ളം കുടിക്കാന്‍ ആളുണ്ടാവും. അതു കണക്കാക്കി അധികം വെള്ളത്തിലാണ് കഞ്ഞി വേവിക്കാറുള്ളത്.
വലിയ പിഞ്ഞാണക്കോപ്പയുടെ അടിയില്‍ ഇത്തിരി കഞ്ഞിയുമായി കഞ്ഞി വെള്ളമെത്തുമ്പോള്‍ എന്നാ പിന്നെ ഇച്ചിരി ചമ്മന്തീം കൂടി തന്നേക്കാരുന്ന്... എന്ന് നേരത്തേ അപേക്ഷ സമര്‍പ്പിക്കാത്തതിലുള്ള നൈരാശ്യം അഭിനയിച്ചു ഫലിപ്പിക്കും. പാളേങ്കോടന്‍ പഴവും കഞ്ഞിവെള്ളവുമൊക്കെയായി ഉഷാറായിക്കഴിഞ്ഞാല്‍, പിന്നെ ബേബി ഒരു ചാര്‍മിനാര്‍ സ്വന്തമാക്കി വലിച്ച് ആസ്വദിക്കാന്‍ തുടങ്ങും. തങ്ക വാടിയ വെറ്റിലയുടെ നെടുകെ ഛേദിച്ച ഒരു പകുതി കറുത്ത ചകിരിത്തലയില്‍ ഉരച്ച് വെടിപ്പാക്കി നിറയെ ചുണ്ണാമ്പു പൂശി വൈറ്റ് വാഷ് ചെയ്ത് അടയ്ക്ക നുറുക്കാതെ തന്നെ വെറ്റിലയില്‍ തെറുത്ത് വായിലാക്കും. അത് ഒന്ന് ചവച്ച് പതമായാല്‍ വടക്കന്‍ പുകലയുടെ ഞെട്ടുമായി മല്‍പ്പിടിത്തമാണ്. ആവശ്യത്തിന് പൊട്ടിച്ചെടുക്കാന്‍ കുറച്ചു പാടാണ്, എല്ലു പോലെയുള്ള പുകല ഞെട്ട്. ബേബിയെക്കാത്ത് മിക്കപ്പോഴും തൊഴിലുടമകള്‍ ഇരിക്കുന്നുണ്ടാവും. തെങ്ങില്‍ കയറണം, എലി പിടിക്കണം, തേന്‍ എടുക്കണം, ചക്കയിടണം, കടന്നല്‍ക്കൂട് കത്തിക്കണം, കിണറ്റിലിറങ്ങണം... എലി പിടിത്തവും തേങ്ങയിടീലുമാണ് ഡിഫോള്‍ട് ടാക്സുകള്‍.
കുറിയ കാലുകള്‍ കുറുകെ ചവിട്ടി നാടി ബേബി തെങ്ങുകയറുന്നത് ഒരു കാര്‍ട്ടൂണ്‍ കോമിക് കഥാപാത്രത്തിന്‍റെ തവളച്ചാട്ടം പോലെയാണ്. മുകളില്‍ കയറിയിട്ട് പുള്ളി ചൂളം വിളിച്ച് ആംഗ്യം കാണിച്ച് ചില അപേക്ഷകള്‍ വയ്ക്കും. ഞാന്‍ രണ്ടു കരിക്ക് ഇട്ടോട്ടേ എന്നായിരിക്കും പ്രധാന ചോദ്യം. രണ്ടു കരിക്കിലൊന്ന് വീട്ടിലെ ഞങ്ങള്‍ പിള്ളേര്‍ക്കുള്ളതാണ്. ഒന്ന് ബേബിയുടെ മകള്‍ക്കായി കൊണ്ടു പോകാനും.
തെങ്ങുകയറ്റത്തെക്കാള്‍ പക്ഷെ, ബേബിക്ക് ഇഷ്ടം എലി പിടിത്തമാണ്. തെങ്ങുകയറാന്‍ വേറെയും ആളെ കിട്ടും. എലി പിടിക്കാന്‍ നാടി ബേബിയല്ലാതെ വേറെ അധികം ആളുകളില്ല. ചൂട്ടുകത്തിച്ച് എലിമാളത്തിന്‍റെ വായിലേക്കു വയ്ക്കും. കവുങ്ങിന്‍ പാള ചെത്തിയുണ്ടാക്കിയ വീശു പാള കൊണ്ട് (വീശാമ്പാള എന്നാണ് ഓമനപ്പേര്!) പുക മാളത്തിനുള്ളിലേക്ക് അടിച്ചു കയറ്റും. മാളത്തിനുള്ളില്‍ പുക നിറഞ്ഞ് പന്നിയെലി ശ്വാസം മുട്ടി ചാകും. മാളത്തിന്‍റെ ആഴങ്ങളിലേക്ക് കൈയിട്ട് ബേബി ഒരു മാജിക്കുകാരനെപ്പോലെ വമ്പന്‍ പന്നിയെലികളെ പുറത്തെടുക്കും. അര്‍ദ്ധ പ്രാണനായി പിടയുന്ന എലികളെ അധികം വിഷമിപ്പിക്കാതെ അപ്പോള്‍ത്തന്നെ തലയ്ക്കടിച്ചു കൊന്ന് തങ്ക കൂട്ടിലാക്കും, പൊരിച്ചു തിന്നാന്‍. നല്ല പോലെ ഇച്ചിരി മൊളകു പൊടിയും ഇച്ചിരി മല്ലിപ്പൊടിയും കൊറച്ച് ചൊമന്നുള്ളീം ചേര്‍ത്ത് ഒരു മാതിരി പെരളനായിട്ടാണ് എലിയെ കറി വയ്ക്കുന്നത്. കൊള്ളിക്കല്‍ കവലയിലെ കൊടും വളവുകളുടെ വശങ്ങളില്‍ വഴിയോരത്ത് കൂണു പോലെ നില്‍ക്കുന്ന കൂരകളിലാണ് നാടികള്‍ കഴിഞ്ഞിരുന്നത്. ഇടയ്ക്ക് ഏതോ പദ്ധതികളില്‍ പെടുത്തി കൂരുമലയുടെ മുകളിലെ പുറമ്പോക്കില്‍ നാലോ അഞ്ചോ ചെറുവീടുകള്‍ സര്‍ക്കാര്‍ പണിതു കൊടുത്തു. അതോടെ അതിനു ചുറ്റുമായി പത്തു പതിനഞ്ചു കൂരകള്‍ കൂടി വന്ന് അവിടെയും കോളനിയായി.
ഒന്നോ രണ്ടോ വീടുകളില്‍ തേങ്ങ ഇടുകയും എലി പിടിക്കുകയും ചെയ്താല്‍ പിന്നെ ബേബിയും തങ്കയും വിശ്രമത്തിലായിരിക്കും. ഇത്തിരി വറ്റുകളുള്ള കഞ്ഞി തരപ്പെടുത്തി കുടിച്ചു കഴിഞ്ഞാല്‍ തങ്ക ആദ്യത്തേതിന്‍റെ മറുപാതി വെറ്റിലയെടുത്ത് ഒന്നു കൂടി മുറുക്കും. ബേബിക്ക് മുറുക്കലില്ല. ചാര്‍മിനാറാണ്. മുറുക്കുന്നതിനിടയിലും തങ്ക വന്ന് ബേബിയുടെ കൈയില്‍ നിന്ന് ചാര്‍മിനാര്‍ വാങ്ങി രണ്ടു പുകയെടുക്കും. തങ്കയും മൂക്കിലൂടെ പുകവിടും. കണ്ണില്‍ കൂടി പുക വിടുന്നത് കാണണോ... എന്ന് ചോദിച്ച് ബേബി ചിലപ്പോള്‍ കുട്ടികളെ അടുത്തേക്ക് വിളിക്കും. കണ്ണിലേക്ക് സൂക്ഷിച്ചു നോക്കിയിരിക്കുന്ന കുട്ടിയുടെ കാലില്‍ നല്ലൊരു നുള്ളു കൊടുക്കും. നുള്ളുവല്ല വേണ്ടേ... ദേ ഇതും കൊണ്ട് ഒരു കുത്താ തരണ്ടത്, അപ്പഴേ കണ്ണിക്കൂടി തീപ്പൊരു വരുവൊള്ള്... ആ... എന്നു പറഞ്ഞ് ബേബി സിഗരറ്റിലെ തീ കാണിച്ചു തരും. കുഞ്ഞുങ്ങളെ പൊള്ളിക്കാന്‍ പക്ഷെ, ബേബിക്ക് ധൈര്യമില്ല. മനസ്സ് ഒട്ടുമില്ല.
സ്കൂളില്‍ ഞങ്ങളുടെ കൂടെ നാടികളുടെ കുട്ടികളുണ്ടാവാറുണ്ട്. ഉള്ളാടര്‍ സമുദായത്തില്‍പ്പെട്ടവരെയാണ് നാട്ടുകാര്‍ നാടികളെന്ന് വിളിച്ചിരുന്നതെന്ന് ഏറെ വൈകിയാണ് മനസ്സിലാക്കിയത്. ബേബിയുടെ ബന്ധുക്കളും മറ്റുമായി ഒരു പത്തമ്പത് കുടുംബങ്ങളെങ്കിലും ഉണ്ടായിരുന്നു അന്ന് ചുറ്റുവട്ടത്ത്. നാമക്കുഴിയിലെ ഏതാണ്ടെല്ലാ ക്ലാസ്സ് ഡിവിഷനുകളിലും ഉണ്ടായിരുന്നു നാടിക്കുട്ടികള്‍. പക്ഷെ, ആരും എട്ട് ഒമ്പതിനപ്പുറം പോകാറില്ല. നാട്ടിന്‍പുറത്തെ തികച്ചും സാധാരണക്കാരുടെയും ദരിദ്രരുടെയും കുട്ടികള്‍ മാത്രം പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളിലായിട്ടു പോലും നാടിക്കുട്ടികളോട് ആരും അങ്ങനെ കൂട്ടുകൂടാനൊന്നും പോകാറില്ലായിരുന്നു. സംസാരശേഷിയില്ലാത്തവരെപ്പോലെ അത്രമേല്‍ നിശ്ശബ്ദരായിരുന്നു സ്കൂളില്‍ പോലും മിക്കവരും.
ഏഴിലും എട്ടിലും ഞങ്ങളുടെ ക്ലാസ്സില്‍ ഒരു റീജ ഉണ്ടായിരുന്നു. ക്ലാസ്സിലെ ഏറ്റവും വലിയ കുട്ടി. നന്നായി പാട്ടു പാടും. മനോഹരമായി വായിക്കും. പടം വരച്ചതു പോലുള്ള കൈയക്ഷരം. സ്കൂളിലെ സകല കാര്യങ്ങള്‍ക്കും റീജയെയാണ് ടീച്ചര്‍മാര്‍ വിളിക്കുക. ചെറിയ ക്ലാസ്സിലെ കുട്ടികളാരെങ്കിലും ക്ലാസ്സില്‍ ഛര്‍ദിച്ചാല്‍ കഴുകിക്കൊടുക്കാന്‍ സഹായിക്കണം. സേവനവാരത്തിന് കപ്പ പുഴുങ്ങണം. കാന്താരിച്ചമ്മന്തി അരയ്ക്കണം. സ്പോര്‍ട്സും യൂത്ത് ഫെസ്റ്റിവലും വരുമ്പോള്‍ സകല കാര്യങ്ങളും നോക്കണം. ഷോട്പുട്ട് മത്സരത്തിലും റീജ പങ്കെടുത്തിട്ടുണ്ട്. പക്ഷെ, എട്ടാം ക്ലാസ്സ് കഴിഞ്ഞ് റീജ ക്ലാസ്സില്‍ വന്നിട്ടില്ല. പഴയ തലമുറയിലുള്ളവരിലേറെയും തെരുവില്‍ അലയുന്നതു കാണാമായിരുന്നു. ഇന്ന് പക്ഷെ, അത്തരക്കാര്‍ കുറവ്. അങ്ങനെ അലഞ്ഞിരുന്നവരില്‍ ഏറെപ്പേരും പിറവത്ത് ടൗണില്‍ പലപ്പോഴും മദ്യത്തിന്‍റെയോ മറ്റെന്തിന്‍റെയെങ്കിലുമോ ലഹരിയിലായിരിക്കും. കത്തുന്ന പട്ടിണിയെ വില കുറഞ്ഞ മദ്യം കൊണ്ട് ശമിപ്പിക്കാനുള്ള ശ്രമം പാളി അസുഖങ്ങള്‍ വന്ന് നേരത്തെ മരിച്ചവര്‍ കുറവല്ല.
അന്ന് സുലഭമായിരുന്ന അടിയന്തരങ്ങളിലും കല്യാണ സദ്യകളിലും ഒരു പന്തിക്ക് ഇരിക്കാന്‍ മാത്രം നാടികളുണ്ടാവാറുണ്ട്. ഇല മടക്കി കൊണ്ടു ചെന്നിടുന്ന കുഴിയില്‍ നിന്ന് പഴവും ഉപ്പേരികളും ശേഖരിച്ച് കിഴി കെട്ടി അതുമായിട്ടാണ് അവര്‍ പുറവര്‍ക്കുള്ള പന്തിയില്‍ വന്നിരിക്കുക. നിറയെ ചോറും എല്ലാ കറികളും ഒരുമിച്ച് വിളമ്പിയെടുത്ത് വലിയ ചുമടാക്കി കൊണ്ടു പോവുകയല്ലാതെ പന്തിയിലിരുന്ന് അവര്‍ ഉണ്ണാറില്ല. ബേബിയും തങ്കയും പക്ഷെ, ഇല വടിക്കാന്‍ പോകാറില്ല. അറിയാവുന്ന വീടുകളില്‍ പോയി പ്രത്യേകമായി എടുത്തു കൊടുക്കുന്നവയേ കെട്ടിച്ചുമന്ന് കൊണ്ടുപോകാറുള്ളൂ. അവരും പക്ഷെ, ചോറും സകല കറികളും ഒരുമിച്ച് ഒറ്റ പൊതിയായിട്ടാണ് കെട്ടുക. കറികളെല്ലാം കൂടിക്കുഴഞ്ഞ് ഒന്നും വേറിട്ടറിയാന്‍ പറ്റാത്ത മട്ടിലായിപ്പോകും.
പച്ചമരുന്നുകള്‍ പറിച്ചെടുത്തു വില്‍ക്കുന്നത് ചിലരുടെ പ്രധാന തൊഴിലുകളിലൊന്നായിരുന്നു. തേന്‍ എടുത്തു കൊണ്ടു നടന്ന് വില്‍ക്കുന്നവരുമുണ്ടായിരുന്നു. ബേബിയുടെ ചേട്ടനാണെന്നു തോന്നുന്നു പത്രോ. ഉമിക്കരി ഇട്ട് ഇറയത്ത് കെട്ടിത്തൂക്കാന്‍ പറ്റുന്ന ചെറിയ വള്ളം കൊത്തിയെടുക്കുന്നതില്‍ അതി വിദഗ്ധന്‍. മിക്കപ്പോഴും പത്രോച്ചേട്ടന്‍റെ കൈയില്‍ കാപ്പിയുടെയോ തേക്കിന്‍റെയോ ഒക്കെ വേരുകള്‍ കാണാറുണ്ട്. ആ വേരുകള്‍ ചെത്തിമിനുക്കി മനോഹരശില്‍പങ്ങളാക്കി മാറ്റും. അന്നൊന്നും അതിലൊന്നു പോലും വിറ്റിട്ടുണ്ടാവില്ല അദ്ദേഹം. പക്ഷെ, എന്തു മിനുപ്പും ഭംഗിയുമായിരുന്നെന്നോ മാന്‍കൊമ്പു പോലെ പിണഞ്ഞു നില്‍ക്കുന്ന ആ വേരുശില്‍പങ്ങള്‍ക്ക്!
ഒരിക്കല്‍ ബേബിയോടൊപ്പം മകളും സഞ്ചാരത്തിനിടെ കയറി വന്ന് മുറ്റത്തിരുന്നു. സിന്ധുവെന്നോ ബിന്ദു എന്നോ ആയിരുന്നു പേര്. ബംഗ്ലാവ് സ്കൂളില്‍ പഠിക്കുന്നുണ്ട്. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് മുറുക്കി തങ്ക മുറ്റത്തിന്‍റെ ഒരു കോണില്‍ ചുരുണ്ടു കിടന്നുറങ്ങുമ്പോള്‍ ബേബി മകളുടെ തലയില്‍ നിന്ന് പേന്‍ പിടിച്ച് അവളുടെ മുടിയെല്ലാം കെട്ടിക്കൊടുത്തു. ബേബി പാട്ടു പാടുമ്പോള്‍ മോള്‍ ഷീലയെപ്പോലെ അഭിനയിച്ചു കാണിച്ചു. മോളെ മയിസ്ട്രേട്ട് ആക്കാന്‍ പോവുകയാണ് എന്നാണ് ബേബി പറഞ്ഞത്.
ഒരു ദിവസം ഉച്ചയോടെ ബേബി പീടികവരാന്തയിലേക്ക് വന്നത് കൈയില്‍ ഇറുക്കിപ്പിടിച്ച ഒരു കൂറ്റന്‍ പല്ലിയെയും കൊണ്ടാണ്. പിന്നെയാണ് അറിഞ്ഞത് അത് ഉടുമ്പാണെന്ന്. ബേബിയോളം നീളമുണ്ട്. മുതലയെപ്പോലൊരു ജീവി. ഉടുമ്പാണെന്നറിഞ്ഞതോടെ എവിടെ നിന്നൊക്കെയോ പലരും എത്തി. ഗുല്‍മന്‍ ജോയിച്ചേട്ടന്‍ അപ്പോള്‍ത്തന്നെ വില പറഞ്ഞു - പത്തോ ഇരുപതോ രൂപയാണെന്നു തോന്നുന്നു. എല്ലാവരും കൂടി താഴെ പണിക്കന്‍റെ പറമ്പിലേക്ക് പോയി. ആരോ പീടികയില്‍ വന്ന് പുതിയൊരു അശോകാ ബ്ലേഡ് വാങ്ങി. ഉടുമ്പിന്‍റെ തൊലി പൊളിക്കാന്‍ ബ്ലേഡാണ് നല്ലത്. ഉള്ളിയും മുളകും മറ്റും പീടികയില്‍ നിന്ന് വാങ്ങി. പീടികയുടെ പിന്നിലെ ഉപ്പു പെട്ടിയില്‍ നിന്ന് ആവശ്യത്തിന് വാരിക്കൊണ്ടു പോയി. പാത്രം എവിടെ നിന്നാണോ! അര മണിക്കൂറിനുള്ളില്‍ ഉടുമ്പിനെ നുറുക്കി പൊരിച്ചു. വലിയ ആള്‍ക്കൂട്ടമായിരുന്നു ഉടുമ്പിനെ തിന്നാന്‍.
അച്ഛന്‍ വെജിറ്റേറിയനായിരുന്നതു കൊണ്ട് ഞങ്ങളും ഡിഫോള്‍ട് വെജിറ്റേറിയന്മാരായിരുന്ന കാലം. ഉടുമ്പിനെ തിന്നാന്‍ പറ്റാത്തതില്‍ കുറച്ചൊരു വിഷമം തോന്നാതിരുന്നില്ല. പക്ഷെ, അപ്പോഴേക്ക് വല്ലപ്പോഴുമൊക്കെ റോഡില്‍ വണ്ടിക്കടിയില്‍ പോകുന്ന കോഴികളെ വടക്കേവീട്ടിലെ രവിച്ചേട്ടന്‍ വന്ന് ശരിയാക്കി വീട്ടില്‍ കൊണ്ടു പോയി കറിവച്ച് അച്ഛന്‍ കാണാതെ ഒരു കോപ്പയിലാക്കി ഞങ്ങള്‍ക്ക് കൊണ്ടുവന്നു തരുമായിരുന്നു. ഒമ്പതാം ക്ലാസ്സിലെ വെക്കേഷന്‍ കാലമൊക്കെ ആയപ്പോഴേക്കും വടക്കേ വീട്ടില്‍ പോയി കപ്പയും മീനും അല്ലെങ്കില്‍ കോഴിയിറച്ചിയും ഒക്കെ കഴിക്കുന്നത് അത്ര രഹസ്യമല്ലാത്ത രഹസ്യമായി.
അക്കാലത്താണ് ഒരിക്കല്‍ എലി പിടിക്കാന്‍ വന്ന ബേബി പന്നിയെലിയുടെ മാളത്തില്‍ കൈയിട്ട് ഒന്നിനു പിറകെ ഒന്നായി ആറേഴ് എലിക്കുഞ്ഞുങ്ങളെ പുറത്തെടുത്തത്. അയ്യോടാ... പാവം... കണ്ണു തുറന്നിട്ടില്ലല്ലോ... എന്ന് സങ്കടപ്പെട്ട് ബേബി ആ എലിക്കുഞ്ഞുങ്ങള്‍ക്ക് വെള്ളവും ചോറുവറ്റുകളുമൊക്കെ കൊടുക്കാന്‍ ശ്രമിച്ചു. പക്ഷെ, എല്ലാം ചത്തു പോയിരുന്നു. പന്നിയെലിയുടെ തള്ളയെയും ബേബി പിടിച്ചു. പേറുകാലത്തുള്ള എലിയാണ് പിള്ളേര്‍ക്ക് തിന്നാന്‍ നല്ലതാണ് എന്ന് തങ്ക പറഞ്ഞെങ്കിലും അതിനെ കൊണ്ടു പോകണ്ടെടീ എന്ന് ബേബി വിലക്കി. പ്രീഷ്... ക്രീഷ്... എന്നൊക്കെ കുറെ ശബ്ദമുണ്ടാക്കിയിട്ട് ബേബി ചോദിച്ചു മക്കളേ നിങ്ങള്‍ക്ക് തിന്നോളാവോ... ബേബി പൊരിച്ചു തരാം...
അമ്മ അറിയാതെ പഴയ ചീനച്ചട്ടിയും ഉപ്പും മുളകും മഞ്ഞളുമൊക്കെ ഞങ്ങള്‍ പണിക്കന്‍റെ പറമ്പില്‍ എത്തിച്ചു. മിനിറ്റു വച്ച് ബേബി തൊലി പൊളിച്ച് എലിയെ നുറുക്കി എണ്ണയിലിട്ട് പൊരിച്ചു. ഓരോ കഷണമൊക്കെയെ ഞങ്ങള്‍ക്ക് കിട്ടിയുള്ളൂ. പ്ഫ! പന്നക്കഴുവേറീ! നാടിത്തീറ്റ പുള്ളേരെക്കൊണ്ട് തീറ്റിക്കണോടാ... എന്നു ചോദിച്ച് വല്യച്ചന്‍ വലിയ പുളിവാറുമായി വന്ന് അടുത്തെത്തിയപ്പോഴേ കണ്ടുള്ളൂ. എല്ലാവരും ഓടിയെങ്കിലും ഞങ്ങളിലൊരാള്‍ വല്യച്ഛന്‍റെ കൈയില്‍ പെട്ടു. അയ്യോ തണ്ണാനേ... കൊച്ചിനെ തല്ലല്ലേ... എന്ന് ബേബി ശരിക്കും വല്യച്ഛന്‍റെ കാലില്‍ പിടിച്ചു കരഞ്ഞു. അടിയുടെ പാടുകള്‍ ബേബിയുടെ പുറത്ത് തിണര്‍ത്തു കിടന്നു.
ഏറെക്കാലത്തേക്ക് പിന്നെ ബേബിയെ കാണാനില്ലായിരുന്നു. എലിയെ പിടിക്കാന്‍ വേറെ വഴിയില്ലാത്തതിനാല്‍ വിഷം വയ്ക്കുകയും അതു തിന്ന് കോഴികള്‍ ചാവുകയും അതിനെച്ചൊല്ലി അയലോക്കംകാരുമായി വഴക്കും വക്കാണവും പതിവായി.
വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞ് പിറവത്ത് പുതുതായുണ്ടാക്കിയ ബസ്സ്റ്റാന്‍റിനുള്ളില്‍ ബസ് കയറി ഒരാള്‍ മരിക്കാനിടയായതിനെക്കുറിച്ച് അതോടിച്ച ഡ്രൈവറുടെ അനുഭവവിവരണം സുകുച്ചേട്ടനാണ് പീടികയിലെ ബെഞ്ചിലിരുന്ന് വിവരിച്ചത്. റോട്ടില്‍ ആരാണ്ട് കൊട്ടടയ്ക്ക കൊണ്ട് ഇട്ടത് വണ്ടി കേറി ഞെരിയണ പോലെ ഒരൊച്ച കേട്ടാരുന്ന്... എന്ന്. തങ്കയുടെ തലയിലൂടെയാണ് ബസ് കയറിയിറങ്ങിയത്. തങ്കയില്ലാത്ത ബേബിയെക്കുറിച്ച് പിന്നെയൊന്നും കേട്ടില്ല.
ഏറെയേറെക്കഴിഞ്ഞ് ഒരിക്കല്‍ വീട്ടില്‍ രണ്ടു പിരിവുകാര്‍ വന്നു. പ്രായമുള്ള ഒരാളും ഒരു സ്ത്രീയും. അതിലെ പ്രായമുള്ളയാള്‍ ഉള്ളാട മഹാസഭയുടെ സംസ്ഥാന നേതാവാണെന്നു പറഞ്ഞു. കൂടെയുള്ള സ്ത്രീയും സഭയുടെ നേതാവോ പ്രവര്‍ത്തകയോ ആണ്. ഒരു ബിന്ദു. ഇവിടെയുള്ള ആളുകള്‍ക്കൊക്കെ ഞങ്ങളുടെ അച്ഛനെ അറിയാം. ബേബി... എലി പിടിക്കാനൊക്കെ വരുമായിരുന്നു... ബിന്ദു പറഞ്ഞു.
കൊള്ളിക്കല്‍ കവലയില്‍ ഇന്ന് നാടികളുടെ കുടിലുകള്‍ ഇല്ല. റോഡ് സൗന്ദര്യവല്‍ക്കരിച്ചു! മിക്കവരും ഏതൊക്കെയോ മലമുകളിലെ പാറക്കൂട്ടങ്ങള്‍ക്കിടയിലുണ്ടാക്കിയ കോളനിക്കൂരകളിലേക്ക് ചേക്കേറി. സ്ത്രീ പുരുഷ ഭേദമില്ലാതെ അക്കൂട്ടത്തിലെ ചിലര്‍ ഇന്നും ബിവറേജസ് ഷോപ്പിനു മുന്നില്‍ കൂലിക്ക് ക്യൂ നിന്ന് സാധനം വാങ്ങിക്കൊടുത്ത് പങ്ക് കൈപ്പറ്റുന്നു. രാത്രിയില്‍ ടൗണിലെ പീടികത്തിണ്ണകളില്‍ മയങ്ങി വീഴുന്നു. സ്കൂളില്‍ പോകണമെന്നും പഠിക്കണമെന്നും ജീവിക്കാന്‍ അവസരങ്ങളും സാധ്യതകളും കണ്ടെടുക്കാനാവുമെന്നും അവരോടൊന്നു പറയാന്‍ പോലും ആരുമുണ്ടായിരുന്നില്ല. അഥവാ ആരെങ്കിലും പറഞ്ഞു കൊടുത്താലും ആയിരക്കണക്കിനു വര്‍ഷങ്ങളായി ആ മനസ്സുകളില്‍ അടിഞ്ഞു കൂടി കട്ടപിടിച്ച പേടികളെയും അപകര്‍ഷതകളെയും മറികടക്കാന്‍ നാലോ അഞ്ചോ തലമുറകളുടെ കാലം തന്നെ പിടിച്ചേക്കും. ശക്തി കുറഞ്ഞ സമുദായമായതു കൊണ്ട് രാഷ്ട്രീയക്കാരോ പൊതുസമൂഹമോ ഇപ്പോള്‍ പോലും അവരെ അങ്ങനെ മൈന്‍ഡ് ചെയ്യാറില്ല. വിദ്യാഭ്യാസം നല്‍കുന്ന സാധ്യതകളും കേരളത്തിലെ പൊതുവെ തുറന്ന സാമൂഹിക സാഹചര്യവും വലിയൊരു വിഭാഗം ദലിത് സമുദായങ്ങളെയും മുഖ്യധാരയിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. ശരിയാണ്. എന്നാല്‍, ഇപ്പോള്‍ പോലും അസ്പര്‍ശ്യതയുടെയും അകറ്റി നിര്‍ത്തലിന്‍റെയും പ്രാഥമിക വിവേചനങ്ങള്‍ പോലും നേരിടുന്ന നൂറുകണക്കിനാളുകളുണ്ട് നമുക്കു ചുറ്റും. സ്കൂളുകളിലേക്കും വിദ്യാഭ്യാസത്തിലേക്കുമൊക്കെ എത്തുന്നതേയുള്ളൂ അവരുടെ പുതുതലമുറകള്‍. എത്രയോ ആയിരം കൊല്ലങ്ങളായി അവര്‍ പുലര്‍ത്തിപ്പോരുന്ന കട്ടി പിടിച്ച നിശ്ശബ്ദതയുണ്ട്. പൊതുസമൂഹത്തിന്‍റെ മുന്നിലേക്ക് കടന്നു നില്‍ക്കാനും ഒരേ ബെഞ്ചിലിരിക്കുന്ന കൂട്ടുകാരോട് തോളൊത്തു നിന്ന് വര്‍ത്തമാനം പറയാനും ചിരിക്കാനും കഴിഞ്ഞിട്ടു വേണമല്ലോ പഠിക്കാനും പരീക്ഷയെഴുതാനും പിന്നെ സംവരണം അനുഭവിച്ചു തുടങ്ങാനുമൊക്കെ! വയനാട്ടിലെ ആദിവാസി വിഭാഗങ്ങളില്‍ നിന്നു പോലും ഡോക്ടര്‍മാരൊക്കെ ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലുമായി ചിതറിത്തെറിച്ചു കിടക്കുന്ന ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അതിജീവനസാധ്യതകള്‍ കണ്‍വെട്ടത്തിലേക്ക് എത്തിത്തുടങ്ങിയിട്ടേയുള്ളൂ.
ബേബിയുടെ മകളെപ്പോലൊരാള്‍ക്ക് ഒരു സമുദായത്തെയാകെ ചുമലിലേറ്റി സാധാരണ മലയാളിയുടെ നിലയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍... നാട്ടിലെ ആദിവാസികള്‍ കാട്ടിലെ ആദിവാസികളെക്കാള്‍ ഉപേക്ഷിക്കപ്പെട്ടവരാണ്. ചിതറി നുറുങ്ങിയവരാണ്... അവരെ ആരെങ്കിലും ഏതെങ്കിലും തരത്തില്‍ പരിഗണിക്കുന്നതായി ഇന്നോളം കേട്ടിട്ടില്ല. സംവരണം കൊണ്ട് അവര്‍ ആരുടെയൊക്കെയൊ എന്തൊക്കെയൊ തട്ടിയെടുക്കുന്നു എന്ന ചിലരുടെ ശാപസങ്കടങ്ങളല്ലാതെ.
No comments:
Post a Comment