ബാങ്കുകള്‍ നിര്‍ദ്ദേശിക്കുന്ന തുക മിനിമം ബാലന്‍സായി അക്കൗണ്ടില്‍ നിലനിര്‍ത്താന്‍ സാധിക്കാത്ത ദരിദ്രരായ ഇടപാടുകാരുടെ 41.16 ലക്ഷം അക്കൗണ്ടുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലോസ് ചെയ്തു. 2017 ഏപ്രില്‍ മുതല്‍ 2018 ജനുവരി മാസം വരെയുള്ള കണക്കാണിത്. അതായത് പത്ത് മാസം കൊണ്ട് 41.16 ലക്ഷം ദരിദ്രരെ പടിക്ക് പുറത്താക്കി. ആരുടെ ഉന്നമനത്തിനുവേണ്ടിയാണോ നമ്മള്‍ ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചത് ആ ബാങ്കുകള്‍ ഇന്ന് അവരെ ആട്ടിയോടിക്കുകയാണ്. ജനവിരുദ്ധ ബാങ്കിംഗ് പരിഷ്കാരങ്ങള്‍ തുടരുമ്പോള്‍ ദേശസാല്‍ക്കരണത്തിനുമുമ്പുള്ള അവസ്ഥയിലേക്കാണ് ബാങ്കുകള്‍ നടന്നടുക്കുന്നത്. പഴയ ക്ലാസ് ബാങ്കിംഗ് തിരിച്ചുവരുന്നു. സാധാരണക്കാര്‍ ഔട്ട്. മുന്‍ഗണനാ മേഖലകള്‍ തീരെ ഇല്ല. സ്വകാര്യ ബാങ്കുകളും പൊതുമേഖലാബാങ്കുകളും പകല്‍ക്കൊള്ളയാണ് തുടരുന്നത്. കഴിഞ്ഞ നാല് വര്‍ഷം ഇന്ത്യയിലെ ബാങ്കുകള്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്‍റെ പേരില്‍ പാവപ്പെട്ട ഇടപാടുകാരെ കൊള്ളയടിച്ചത് 11529 കോടി രൂപ. മിനിമം ബാലന്‍സ് ഇല്ലാത്തതിന്‍റെ പേരില്‍ കൊള്ളയടിച്ചതിന്‍റെ കണക്കുകള്‍ താഴെ.
2016-17ല്‍ നിന്നും ഒരു വര്‍ഷം പിന്നിടുമ്പോള്‍ കൊള്ളയടി ഇരട്ടിയില്‍ ഏറെയായി. ഈ കൊള്ള തുടരാന്‍ നാം അനുവദിക്കരുത്.
ഏറ്റവും കൂടുതല്‍ ദരിദ്രര്‍ പാര്‍ക്കുന്ന ഒരു രാജ്യത്തെ ബാങ്കിംഗ് സംവിധാനം ജനങ്ങളുടെ നിത്യജീവിതം അല്‍പ്പമെങ്കിലും മെച്ചപ്പെടുത്താനാണ് ഉപയോഗിക്കേണ്ടത്. ബാങ്കുകള്‍ ദേശസാല്‍ക്കരിക്കുമ്പോള്‍ നാം ഉദ്ദേശിച്ചതും സമൂഹത്തിന്‍റെ സമഗ്ര പുരോഗതി ആയിരുന്നു. 1969 ജൂലായ് 19 ഇന്ത്യയിലെ 14 വന്‍കിട ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചു. ഇന്ത്യന്‍ ജനത പ്രതീക്ഷകളോടെയാണ് ഈ പുരോഗമനപരമായ തീരുമാനത്തെ വരവേറ്റത്. എന്നാല്‍ ഇന്ന് കേന്ദ്രം ഭരിക്കുന്ന ഭരണകക്ഷിയുടെ പഴയ രൂപമായ ജനസംഘം അന്ന് കരിദിനമായി ആചരിച്ചു എന്നത് ചരിത്രത്തിലെ ഒരു പ്രധാന അടയാളമാണ്. അവര്‍ അതിലൂടെ കോര്‍പറേറ്റ് വിധേയത്വം പ്രകടമാക്കി. ഭരണത്തിലേറി വര്‍ഷം അഞ്ച് പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തെ നൂറ്റാണ്ടുകള്‍ പിറകോട്ടാണ് അവര്‍ നയിക്കുന്നത്.
പൊതുമേഖലാ ബാങ്കുകളുടെ എണ്ണം കുറയ്ക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. പരസ്പരം ലയിച്ച് വലിയ ബാങ്കുകളായാല്‍ ആഗോളതലത്തില്‍ മത്സരിക്കാം. മറുഭാഗത്ത് സ്വകാര്യ ബാങ്കുകള്‍ക്ക് യഥേഷ്ടം അനുമതി നല്‍കുകയാണ്. ഇതില്‍ നിന്നും ബാങ്ക് ലയനങ്ങളുടെ പിന്നില്‍ അടങ്ങിയിരിക്കുന്ന അജണ്ട വ്യക്തമാണ്. സ്വകാര്യവല്‍ക്കരണം കൂടുതല്‍ എളുപ്പമാക്കാനാണ് പൊതുമേഖലാ ബാങ്കുകളുടെ എണ്ണം കുറക്കുന്നത്. 2015 ഓഗസ്റ്റ് 14-ാം തീയതിയാണ് കേന്ദ്ര ധനമന്ത്രാലയം ഇന്ദ്രധനുസ് എന്ന പേരില്‍ ബാങ്കിംഗ് പരിഷ്ക്കാരങ്ങളെക്കുറിച്ച് ഒരു രേഖ പുറത്തിറക്കിയത്. ഈ രേഖയില്‍ പറയുന്ന പരിഷ്ക്കാരങ്ങളുടെ ഭാഗമാണ് പൊതുമേഖലാ ബാങ്കുകളുടെ ലയനം. ആഗോളതലത്തില്‍ മത്സരയോഗ്യമാക്കാനാണ് ലയനം എന്ന് പറയുന്ന ഭരണാധികാരികള്‍ ബാങ്കുകളുടെ ധര്‍മ്മം ജനക്ഷേമമാണെന്ന കാര്യം സൗകര്യപൂര്‍വം മറന്നുപോകുന്നു. ലോകത്തിലെ വന്‍കിട സ്വകാര്യബാങ്കുകള്‍ തകര്‍ന്ന് തരിപ്പണമായത് നമ്മുടെ ഭരണാധികാരികള്‍ അറിയാത്തതായി നടിക്കുകയാണ്.
ഗ്രാമത്തിലെ ഒരു സ്ത്രീ തന്‍റെ ഉപജീവനത്തിനായി ഒരു ആടിനെ വാങ്ങാന്‍ തീരുമാനിച്ചു. 7000 രൂപയാണ് വില. തന്‍റെ കൈയില്‍ പണമില്ലാത്തതുകൊണ്ട് വായ്പയ്ക്കായി ബാങ്കുകളെ സമീപിച്ചു. ഒരു ബാങ്കും വായ്പ നല്‍കാന്‍ തയ്യാറായില്ല. അവസാനം ഒരു മൈക്രോഫിനാന്‍സ് കമ്പനിയില്‍ നിന്നും വായ്പ വാങ്ങി. ആഴ്ചതോറും തിരിച്ചടക്കണം. 24 ശതമാനമാണ് പലിശ നിരക്ക്. തിരിച്ചടവില്‍ വീഴ്ച വന്നാല്‍ പലിശ നിരക്ക് 36 ശതമാനം. പ്രമുഖ വ്യവസായിയായ ലക്ഷ്മി മിത്തല്‍ (ഘമഃാശ ങശമേേഹ) പഞ്ചാബ് സംസ്ഥാന സര്‍ക്കാരുമായി യോജിച്ച് ബത്തില്‍ഡ പെഗോ റിഫൈനറി തുടങ്ങുന്ന ആവശ്യത്തിനായി പഞ്ചാബ് സര്‍ക്കാര്‍ 1250 കോടി രൂപ വായ്പ നല്‍കി. പലിശ നിരക്ക് 0.1 ശതമാനം. കൂടാതെ 15 വര്‍ഷത്തേക്ക് പൂര്‍ണ നികുതി സൗജന്യം. ടാറ്റാ ഗുജറാത്തില്‍ ആരംഭിക്കുന്ന നാനോ ഫാക്ടറിക്കുവേണ്ടി കോടിക്കണക്കിന് രൂപ 20 വര്‍ഷത്തെ തിരിച്ചടവ് നിശ്ചയിച്ച് 0.1 ശതമാനം പലിശ നിരക്കിലാണ് നല്‍കിയത്. പാവപ്പെട്ട സ്ത്രീക്ക് ആടിനെ വാങ്ങാന്‍ 0.1 ശതമാനം പലിശ നിരക്കില്‍ വായ്പ ലഭ്യമായിരുന്നെങ്കില്‍ അവരുടെ ജീവിതം അല്‍പ്പമെങ്കിലും മെച്ചപ്പെടുമായിരുന്നു.
ഇന്ത്യയിലെ മുഴുവന്‍ ഗ്രാമങ്ങളിലും ശാഖകള്‍ തുറന്ന് മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ബാങ്കിംഗ് സേവനം ലഭ്യമാക്കണം. ഗ്രാമീണ ദരിദ്രരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന രീതിയില്‍ വായ്പാ പദ്ധതികള്‍ നടപ്പിലാക്കണം. കൃഷി ഉള്‍പ്പെടെ പ്രധാന മേഖലകളില്‍ പൊതു നിക്ഷേപം വര്‍ദ്ധിപ്പിച്ച് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നടപടികള്‍ തുടരണം. ഇത്തരം ജനക്ഷേമ പദ്ധതികളില്‍ ശ്രദ്ധിക്കാതെ കോര്‍പ്പറേറ്റുകള്‍ക്ക് പുതിയ ബാങ്കുകള്‍ തുടങ്ങാന്‍ ലൈസന്‍സ് നല്‍കാനുള്ള നടപടികള്‍ അണിയറയില്‍ തുടരുകയാണ്. ഇന്ത്യന്‍ ജനതക്ക് ആവശ്യം സ്വകാര്യ ബാങ്കുകളല്ല ജനകീയ ബാങ്കിംഗ് നയമാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്വകാര്യ വിദേശ ബാങ്കുകളും ദേശസാല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ബാങ്കിംഗ് സേവനം ലഭ്യമാക്കാന്‍ ഓരോ ഇന്ത്യക്കാരനും ശബ്ദമുയര്‍ത്തുക. ബാങ്ക്, ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ പൊതുഉടമയില്‍ മാത്രം. ബാങ്കുസ്വകാര്യവല്‍ക്കരണ നടപടികള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തുക. ജനകീയ ബാങ്കിംഗ് ജനനന്മയ്ക്ക്. ജനകീയ ബാങ്കിംഗ് ഭരണകൂടം നല്‍കേണ്ട ഔദാര്യമല്ല, ജനതയുടെ അവകാശമാണ്. അവകാശ സംരക്ഷണത്തിനായി പോരാട്ടം ശക്തിപ്പെടുത്തുക. രാജ്യത്തിന്‍റെ സമ്പത്ത് രാജ്യ പുരോഗതിക്കുവേണ്ടി വിനിയോഗിക്കുക. സാമൂഹ്യ ബാങ്കിംഗ് നിലനിര്‍ത്താനും വ്യാപിപ്പിക്കാനും ശബ്ദമുയര്‍ത്തുക.
No comments:
Post a Comment