തിങ്കളാഴ്ചയാണ് ടിന കുരുവിളയുടെ ഇടംകവിളില്‍ ഒരു മുഖക്കുരു പ്രത്യക്ഷപ്പെട്ടത്. ചുവന്ന് തുടുത്ത ഒരു പൂമൊട്ട് പോലെ അത് ആദ്യം ടിനയുടെ കവിളില്‍ നാണിച്ചിരുന്നു. പിന്നെ പുതിയൊരു പദവി കൈവന്നത് പോലെ ക്ലാസ്സ് മുറിയിലാകെ കണ്ണോടിച്ചു. കിളരം കൊണ്ട് പിന്‍ബഞ്ചിലിരിക്കേണ്ടിവന്ന രോഹന്‍ ഫിലിപ്പിന്‍റെ മുഖത്ത് ചെന്ന് അതിന്‍റെ നോട്ടം തടഞ്ഞുനിന്നു. ശനിയാഴ്ച സ്പെഷ്യല്‍ ക്ലാസ്സ് കഴിഞ്ഞ് പോകുമ്പോഴും ടിന കുരുവിളയുടെ മുഖം കണ്ണാടിപോലെ മിനുത്തതായിരുന്നുവല്ലോ എന്ന് അവന്‍ അതിശയിച്ചു. ചിറകുകള്‍ തെരുതെരെ വീശി അവന്‍റെ കണ്ണുകള്‍ ഇടയ്ക്കിടെ മുഖക്കുരുവിനെ ചുറ്റിപ്പറന്നു. അതില്‍ ഒന്ന് തൊട്ട് നോക്കാന്‍ അവന്‍റെ വലംകൈയിലെ ചൂണ്ടുവിരല്‍ത്തുമ്പ് തരിച്ചു. മുഖക്കുരു അവനെ നോക്കി ഗൂഢമായി ഒന്ന് മന്ദഹസിച്ച്, അപ്പോള്‍ ക്ലാസ്സിലേക്ക് കടന്നുവന്ന ടീച്ചറെ അഭിവാദ്യം ചെയ്യാന്‍ വെട്ടിത്തിരിഞ്ഞു.
ടീച്ചര്‍ രോഹന്‍ ഫിലിപ്പിന്‍റെ പേര് വിളിച്ചപ്പോള്‍ അവന്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റത് പോലെ മിഴിച്ചു നോക്കി. കുട്ടികളുടെ പൊട്ടിച്ചിരിയിലേക്ക് ടീച്ചര്‍ ഒരു പുഞ്ചിരിയോടെ ഇറങ്ങിച്ചെന്നു. അവന്‍ പരിഭ്രാന്തിയോടെ മുഖക്കുരുവിനെ പാളിനോക്കി. ചുണ്ടുകള്‍ കൂര്‍പ്പിച്ച് മുഖക്കുരു കെറുവിച്ചത് കണ്ട് അവന്‍ വിഷണ്ണനായി. ടീച്ചര്‍ ഇംഗ്ലീഷ് കവിത പഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ വാക്കുകള്‍ ചുവട് വച്ച് അകന്നകന്ന് പോവുകയും രോഹന്‍ ഫിലിപ്പിന്‍റെ ചെവിക്കുള്ളില്‍ ചിലങ്കയുടെ കിലുക്കം മാറ്റൊലിക്കൊളളുകയും ചെയ്തു. ഒടുവില്‍ അവന്‍റെ നോട്ടം ഒരു പ്രാര്‍ത്ഥനപോലെ മുഖക്കുരുവില്‍ ചെന്ന് മുട്ടി. ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു! എന്നൊരു വചനം മുഖക്കുരുവില്‍ നിന്ന് വെളുത്ത ചിറകുകള്‍ നിവര്‍ത്തി അവന്‍റെ ഹൃദയത്തില്‍ പറന്നിറങ്ങി. ചിരി മറന്ന് പോയ രോഹന്‍ ഫിലിപ്പിന്‍റെ ചുണ്ടുകള്‍ വിറച്ചു.
വിരല്‍ത്തുമ്പത്ത് കണക്ക് മാത്രമല്ല ജീവിതവും ഭദ്രമാണെന്ന തലയെടുപ്പോടെ ക്ലാസ്സിലെത്തിയ പുതിയ ടീച്ചര്‍ കറുപ്പില്‍ വെളുപ്പ് കൊണ്ട് ഒരു പ്രശ്നം അടയാളപ്പെടുത്തി. പരിഹാരം ചികഞ്ഞ് ടീച്ചര്‍ കാണാപ്പുറത്തേക്ക് കടന്നപ്പോള്‍ രോഹന്‍ ഫിലിപ്പിന് വഴിതെറ്റി. എതിരെ വന്ന് മുഖക്കുരു അവനെ കണ്ണുരുട്ടി നോക്കി. എപ്പോഴോ കൂട്ടച്ചിരിയുടെ പ്രകാശത്തില്‍ വെളുത്ത് മെലിഞ്ഞ മലയാളം ടീച്ചര്‍ പ്രസന്നവതിയായി നില്‍ക്കുന്നത് കണ്ട് അവന്‍ അമ്പരന്നു. മുഖക്കുരു അന്നേരം അവന്‍റെ നേരെ ഒരു കണ്ണിറുക്കിക്കാണിച്ചു. ഒരാന്തലോടെ അവന്‍ മുഖം താഴ്ത്തി.
വീട്ടിലെ പഠനമുറിയിലിരുന്ന് പുസ്തകം നിവര്‍ത്തിയപ്പോള്‍ വരിവരിയായി മുഖക്കുരുക്കള്‍ മുളച്ച് പൊന്തുന്നത് കണ്ട് രോഹന്‍ ഫിലിപ്പ് വിസ്മയിച്ചു. അവന്‍റെ ചൂണ്ട് വിരല്‍ മുഖക്കുരുക്കളുടെ നേര്‍ക്ക് കൗതുകപ്പെട്ട് നീണ്ടു. അവയൊക്കെയും പൊട്ടിച്ചിരിച്ച് അദൃശ്യമായ ഏതോ മാളങ്ങളിലേക്ക് വലിയുന്നതറിഞ്ഞ് അവന്‍റെ ചുണ്ടില്‍ ജാള്യം പുരണ്ടു. പുസ്തകം അടച്ച് വച്ച് അവന്‍ കിടക്കയില്‍ കമിഴ്ന്ന് കിടന്നു. വലിയൊരു മുഖക്കുരുവിന്‍റെ ഉച്ചിയിലാണ് കിടക്കുന്നതെന്ന് അവന് തോന്നി. അതിന്‍റെ ഉള്ളില്‍ ലാവ തിളച്ച് മറിയുന്നുണ്ടോ എന്ന് അവന്‍ ചെവിയോര്‍ത്തു.
പിറ്റേന്ന് ക്ലാസ്സിലെത്തിയതും രോഹന്‍ ഫിലിപ്പിന്‍റെ കണ്ണുകള്‍ ഒരൊറ്റക്കുതിപ്പിന് ടിനയുടെ ഇടംകവിളിലെ മുഖക്കുരുവില്‍ ചെന്ന് പറ്റി. മുഖക്കുരു മായികമായ ഒരു പുഞ്ചിരിയോടെ അവനെ മാടിവിളിച്ചു. അവന്‍റെ ചൂണ്ട് വിരല്‍ പൊട്ടിത്തരിച്ച് അവന് മുന്നേ പാഞ്ഞു. വിരല്‍ സ്പര്‍ശമേറ്റ് ഇക്കിളിപ്പെട്ട മുഖക്കുരു അവന്‍റെ ചുണ്ടുകളെ വലിച്ചടുപ്പിച്ചു.
അപ്പോഴാണ് ഇംഗ്ലീഷ് ടീച്ചര്‍ ക്ലാസ്സിലേക്ക് കടന്ന് വന്നത്. ടീച്ചര്‍ ഞെട്ടി നിലവിളിച്ചു.
ڇ യു സ്കൗണ്ട്രല്‍!چ
ഓര്‍ക്കാപ്പുറത്ത് ടീച്ചര്‍ ഇംഗ്ലീഷ് വലിച്ചെറിഞ്ഞ് മലയാളം കൈയിലെടുത്തു.
നീയൊക്കെ സ്കൂളില് വരുന്നത് ഈവക വൃത്തികേട് കാണിക്കാനാണല്ലേ? കടക്ക് പുറത്ത് രണ്ടെണ്ണോം! ചെന്ന് മാഡത്തിനോട് വിവരമൊക്കെ കൃത്യായിട്ട് പറഞ്ഞ് കിട്ടുന്നതെന്താണ്ന്ന് വച്ചാല് വാങ്ങിച്ചോ?چ
രോഹന്‍ ഫിലിപ്പാണ് ആദ്യം ക്ലാസ്സിന് പുറത്ത് കടന്നത്. ഇപ്പോള്‍ കരയും എന്ന മട്ടില്‍ മുഖക്കുരു ടിനയോടൊപ്പം പിന്തുടര്‍ന്നു. വരാന്തയില്‍ അവര്‍ കുറച്ച് നേരം മുഖം കുനിച്ച് നിന്നു. തണുത്ത നോട്ടത്തിന്‍റെ മൂര്‍ച്ച പതുങ്ങിക്കിടക്കുന്ന ഇടുങ്ങിയ കണ്ണുകളില്‍ നിന്ന് തുടങ്ങി, തിടുക്കത്തിലാരോ താഴേയ്ക്ക് വരയ്ക്കുന്ന ചിത്രത്തിലെന്നപോലെ ഉരുണ്ടൊരു മൂക്കും അകത്തേയ്ക്ക് വലിഞ്ഞ ചുണ്ടുകളും തെളിഞ്ഞ് വന്നു. ഒരുമാത്ര കഴിഞ്ഞ് എപ്പോഴും വിയര്‍പ്പിന്‍റെ നൂലരുവികള്‍ ചാലിടുന്ന കഴുത്തും കാരുണ്യലേശമില്ലാതെ പരന്ന നെഞ്ചും ചേര്‍ന്ന രൂപം അവരുടെ ഉള്ളില്‍ പ്രതിബിംബിച്ചു. ഒരു ഞെട്ടലോടെ രോഹന്‍ ഫിലിപ്പും ടിന കുരുവിളയും മുഖമുയര്‍ത്തി പരസ്പരം നോക്കി. അവരുടെ കണ്ണുകളിലെ വെളിച്ചം പാടേ അണഞ്ഞ് പോയി. ഒരു സ്വപ്നത്തിലെന്നവണ്ണം കൈകള്‍ കോര്‍ത്ത് അവര്‍ ചരല്‍ വിരിച്ച മുറ്റത്തേയ്ക്കിറങ്ങി. അവരുടെ ഷൂസിനടിയില്‍പ്പെട്ട് ചരല്‍ക്കല്ലുകള്‍ പുളഞ്ഞു. പൂട്ടിയിട്ട ഗേറ്റിന്‍റെ ഇരുമ്പഴികളില്‍ മുഖമുയര്‍ത്തി അവര്‍ പുറത്തേക്ക് നോക്കി നിന്നു!
No comments:
Post a Comment