പച്ചമനുഷ്യരുടെ പച്ചയായ ജീവിതം കഥകള്‍ക്കിടയില്‍ മൂല്യവത്തായ ദര്‍ശനങ്ങളിലൂടെ കോര്‍ത്തുവച്ചുകൊണ്ട് മനോഹരമായ കൃതികള്‍ മലയാള സാഹിത്യത്തിനു നല്കിയ എഴുത്തുകാരനാണ് 2017ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം ഈയിടെ നേടിയ ചങ്ങനാശ്ശേരിക്കാരനായ വി.ജെ. ജെയിംസ്. അന്വേഷണങ്ങളിലൂടെയുള്ള കാലാനുഗതമായ തുടര്‍ച്ചയാണ് ജെയിംസിന്‍റെ എഴുത്തുകള്‍. വ്യത്യസ്തമായ പ്രമേയങ്ങള്‍ എഴുതി സാഹിത്യത്തിന്‍റെ പഴയ ചട്ടക്കൂടുകളില്‍ നിന്നും വഴിമാറി നടക്കുന്ന എഴുത്തുകാരന്‍.
ഒരു എഴുത്തുകാരന്‍റെ എഴുത്തനുഭവം വായിക്കുമ്പോള്‍ എഴുത്തുകാരനെ കൂടുതല്‍ ആഴത്തില്‍ അറിയാന്‍ വായനക്കാരനു കഴിയുന്നു. ഓരോ മനുഷ്യനിലും സദാ നിലകൊള്ളുന്ന നന്മയിലുള്ള വിശ്വാസമാണ് എഴുത്തിനു പ്രചോദനമാകുന്നത്. വി.ജെ ജെയിംസിന്‍റെ അഭിപ്രായത്തില്‍ കാല്പനികതയ്ക്കും യാഥാര്‍ത്ഥ്യത്തിനുമിടയിലുള്ള നേര്‍ത്ത നൂല്‍പ്പാലത്തിലൂടെയുള്ള സഞ്ചാരമാണ് ഓരോ എഴുത്തുസൃഷ്ടിയുടെയും മനോഹാരിത.
പ്രകൃതിയുമായി വിലയം പ്രാപിച്ച് ഓരോ എഴുത്തുകാരനും ഒരു തപസ്സുപോലെ ജീവിതം ഉഴിഞ്ഞുവയ്ക്കുന്നു. ആദ്യ നോവലായ 'പുറപ്പാടിന്‍റെ പുസ്തകം' പന്ത്രണ്ടുവര്‍ഷം കൊണ്ടാണ് ജെയിംസ് പൂര്‍ത്തിയാക്കിയത്. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ പഠിക്കുമ്പോള്‍ ഒരു സുഹൃത്തിന്‍റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി കൊച്ചിയിലെ ഒരു ചെറിയ തുരുത്തില്‍ എത്തി. അവിടെ താമസിച്ച് വ്യത്യസ്തമായ ഒരു ഭൂമിക അനുഭവിച്ചതാണ് 'പുറപ്പാടിന്‍റെ പുസ്തക' ത്തിലേക്ക് വി.ജെ യെ നയിച്ചത്. നോവല്‍ രചനാകാലഘട്ടത്തില്‍ പലപ്പോഴും അദ്ദേഹം ആ തുരുത്തിലെത്തുകയും അതിന്‍റെ ഭൂമിശാസ്ത്രപരമായ ഭാഷാവഴക്കങ്ങളും മിത്തും സ്വായത്തമാക്കുകയും ചെയ്തു. അങ്ങനെ നോവലിനു പശ്ചാത്തലം രൂപപ്പെടുത്തി. പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിച്ച് എഴുതിയ നോവലാണ് പുറപ്പാടിന്‍റെ പുസ്തകം.
ജെയിംസിന്‍റെ 'നിരീശ്വരന്‍' എന്ന നോവലിനാണ് 2017 - ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. ഈ വര്‍ഷം ജനുവരി 23-നായിരുന്നു അവാര്‍ഡ് പ്രഖ്യാപനം. ഭക്തിയും വിശ്വാസവും കപടമായി മാറുന്ന ഇക്കാലഘട്ടത്തില്‍ വായനക്കാരന്‍റെ മനസ്സില്‍ തിരിച്ചറിവിന്‍റെ ഒരുപാടു ചോദ്യങ്ങളുയര്‍ത്തുന്ന നോവലാണ് څനിരീശ്വരന്‍چ. ഈശ്വരവിശ്വാസത്തെ പരിഹസിച്ച് ദേവത്തെരുവിനെ ആഭാസത്തെരുവാക്കി മാറ്റിയ മൂന്നു ചെറുപ്പക്കാര്‍. ദേവനുപകരം നിരീശ്വരന്‍ എന്ന വിമത ദൈവപ്രതിമയെ സൃഷ്ടിച്ച സൃഷ്ടികര്‍ത്താക്കള്‍. ഗ്രാമീണമനുഷ്യരുടെ നിത്യജീവിതപ്രശ്നങ്ങള്‍ക്ക് വിമതദൈവം പരിഹാരമായി മാറിയപ്പോള്‍ സൃഷ്ടിതാക്കള്‍ക്കുപോലും സംഹരിക്കാന്‍ കഴിയാത്തവിധം ശക്തിയായി നിരീശ്വരന്‍ മനുഷ്യമനസ്സില്‍ പടുവൃക്ഷമായി വളരുന്ന കാഴ്ചയാണ് നോവലില്‍ ഉടനീളം അനുവാചകനു കാണാന്‍ കഴിയുന്നത്.
ശരിയായ ആത്മീയതയുടെയും വിശ്വാസത്തിന്‍റെയും സാക്ഷ്യപ്പെടുത്തല്‍ ജെയിംസിന്‍റെ ഈ നോവലിലുണ്ട്. വിശ്വാസം എന്നാല്‍ ആഴമേറിയ ആത്മീയതയാണ്. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കു മുമ്പിലും പതറാത്ത മനസ്സുമായി ഒരാളെ പിടിച്ചുനിര്‍ത്തുന്ന ഊര്‍ജം. ആത്മീയത വെറും കാട്ടിക്കൂട്ടലായി മാറാതെ, ഞാന്‍ എന്ന ഭാവം മാറി എല്ലാറ്റിനെയും സമത്വത്തോടെ ഉള്‍ക്കൊള്ളാന്‍ കഴിയലാണത്. 'നിരീശ്വരന്‍' എന്നു പേരുള്ള ഈ നോവല്‍ ഒരു ഈശ്വര നിഷേധമല്ല, മറിച്ച് ഈശ്വരനെ ഉള്‍ക്കൊള്ളലാണ്. ഗന്ധം, പ്രതിമ, വൃക്ഷം തുടങ്ങിയ ബിംബ രൂപകല്പനകളിലൂടെ യഥാര്‍ത്ഥ വിശ്വാസത്തെ പരിശോധിക്കാനുള്ള ശ്രമമാണ് നോവലില്‍ നടക്കുന്നത്. നാട്ടിന്‍പുറത്തെ സാധാരണക്കാര്‍ക്ക് നിരീശ്വരന്‍ എന്ന ദൈവം അത്ഭുതമായി മാറി. സത്യസന്ധതയോടെ ലക്ഷ്യങ്ങള്‍ക്കു പിറകേ യാത്രചെയ്യുന്ന സാധാരണജനങ്ങള്‍ക്ക് ആത്മീയ ഉണര്‍വ് ലഭിക്കുന്നു. വേശ്യയെ പരിശുദ്ധയാക്കണേ എന്ന നര്‍മ്മത്തില്‍ ചാലിച്ച പ്രാര്‍ത്ഥനയില്‍ വേശ്യയില്‍ നിന്ന് മികച്ച ഒരു മനുഷ്യവ്യക്തിയായി മാറുന്ന ജാനകി, രക്ഷിക്കണേ എന്ന പ്രാര്‍ത്ഥനയില്‍ ബുദ്ധിഭ്രമം മാറിപ്പോകുന്ന സുമിത്രന്‍, ദാരിദ്ര്യത്തിന്‍റെ പടുകുഴിയില്‍ വീണ നാലു പെണ്‍മക്കളുടെ അമ്മയായ അന്നാമ്മ തുടങ്ങി സാധാരണക്കാരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന പ്രതിഷ്ഠയാണ് നിരീശ്വരന്‍. കാലം, ദേശം, സമയം തുടങ്ങിയവയെ കരുതലോടെ സമ്മേളിപ്പിച്ചിരിക്കുന്നു ഈ നോവലില്‍.
ആന്‍റണി, ഭാസ്കരന്‍, സഹീര്‍ എന്ന പുത്തന്‍ തലമുറയിലെ യുക്തിവാദികള്‍ മദ്യത്തിനും ലൈംഗിക ആസക്തിക്കും മുന്‍തൂക്കം നല്കി ഈശ്വരനിഷേധികളായി മാറി വിപ്ളവാത്മകത പ്രകടിപ്പിച്ച് ജീവിതം തകര്‍ത്തു കളയുമ്പോള്‍ അര്‍ണോസ്, ഈശ്വരന്‍ എമ്പ്രാന്തിരി, സെയ്ദ് എന്നീ പഴയ തലമുറ ജീവിതത്തിന്‍റെ കയറ്റിറക്കങ്ങളില്‍ ജീവിതം തകര്‍ന്നുപോയിട്ടും ആന്തരികതയും ആത്മീയതയും നഷ്ടമാകാതെ ജീവിതത്തെ കരുപ്പിടിപ്പിക്കുന്ന കാഴ്ച നോവലില്‍ കാണാന്‍ കഴിയും. വര്‍ഷങ്ങളോളം കോമയില്‍ക്കിടന്ന ഇന്ദ്രജിത്ത് ജീവിതത്തിലേക്കു തിരിച്ചുവരുന്നത് വായനക്കാരന്‍റെ മനസ്സില്‍ വേദനയായി നില്ക്കുന്നു. പ്രായമായ തന്‍റെ പത്നിയെയും മക്കളെയും ഉള്‍ക്കൊള്ളാന്‍ കഴിയാതെ യൗവനം വിട്ടുമാറാത്ത ഇന്ദ്രജിത്തിന്‍റെ അവസ്ഥയെ മനശ്ശാസ്ത്രപരമായി അവതരിപ്പിച്ചിരിക്കുന്നു നോവലില്‍. വായനക്കാരനെ ഏറെ നൊമ്പരപ്പെടുത്തുന്ന നിരവധി കഥാപാത്രങ്ങളുടെ ഉള്‍ച്ചേരലുകളുണ്ട് ഈ കൃതിയില്‍. പതിവ്രതയായ ഭാര്യ സുധയുടെ പരിചരണമോ പ്രാര്‍ത്ഥനയോ അല്ലെങ്കില്‍ മേഘയുടെ ആത്മസമര്‍പ്പണം ആണോ അയാളെ ഉണര്‍ത്തിയതെന്ന ചോദ്യവും അവശേഷിക്കുന്നു.
പ്രധാന കഥാപാത്രമായ റോബര്‍ട്ടോ എന്ന ശാസ്ത്രജ്ഞനെ വി.ജെ ജെയിസ് അവതരിപ്പിക്കുമ്പോള്‍ നന്മയുടെ വ്യക്തിത്വത്തോടൊപ്പം തന്നെ ഗന്ധം ഉപയോഗിക്കേണ്ട മേഖലയുടെ ഗവേഷണവും നോവലിലൂടെ അവതരിപ്പിക്കുന്നു. പിരിമുറുക്കങ്ങള്‍ അയച്ചുകളയാന്‍ സ്ത്രീശരീരത്തെ തേടുന്ന ആന്‍റണി എന്ന ചെറുപ്പക്കാരന്‍ ജാനകിയെ പിഴച്ചവള്‍ എന്നു മുദ്രകുത്തുമ്പോള്‍ റോബര്‍ട്ട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ഈ നോവലില്‍. അവള്‍ പിഴച്ചവള്‍ എങ്കില്‍ പിഴപ്പിച്ച നീയും പിഴച്ചവന്‍ അല്ലേ? ഇത്തരത്തില്‍ ഒരുപിടി നേര്‍ചോദ്യങ്ങള്‍ അനുവാചകനിലേക്ക് ഈ നോവല്‍ ഉയര്‍ത്തുന്നുണ്ട്. മതത്തെയോ വ്യക്തിയെയോ ഈ നോവല്‍ ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യുന്നില്ല. മറിച്ച് ശാസ്ത്രവും ഫിലോസഫിയും മിത്തും ഉള്‍ച്ചേര്‍ത്ത് മനുഷ്യജീവിതത്തിന്‍റെ നേര്‍ക്ക് ചോദ്യങ്ങള്‍ ഉയര്‍ത്തി, ശത്രുത ഒരുവക തരംതാണ അന്ധതയാണെന്ന് ബോധ്യപ്പെടുത്തി, സൗഹൃദത്തെയും മനുഷ്യബന്ധങ്ങളുടെ ആഴത്തെയും ഈ നോവല്‍ അനുവാചകഹൃദയത്തില്‍ ഉറപ്പിക്കുന്നു. നിരീശ്വരനിലൂടെ ദൈവത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ ദൈവപ്രതിഷ്ഠയായ നിരീശ്വരന്‍ ദൈവമായിത്തന്നെ ഗ്രാമീണ ഹൃദയങ്ങളിലേക്ക് വിശ്വാസമായി ആഴ്ന്നിറങ്ങുന്ന കാഴ്ച ഏറെ കൗതുകം ഉളവാക്കുന്നതാണ്
സോഷ്യല്‍ മീഡിയയിലൂടെ വന്ന പുസ്തകാഭിപ്രായങ്ങളും മൗത്ത് പബ്ലിസിറ്റിയുമാണ് ജെയിംസിന്‍റെ കൃതികളെ ഏറെ പ്രശസ്തമാക്കിയത്. 2005-ല്‍ പുറത്തിറക്കിയ 'ദത്താപഹാരം' ഫെയ്സ്ബുക്കില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട നോവലാണ്. പ്രാകൃതം എന്നാല്‍ ഒരു വ്യക്തിയുടെ സ്വത്വം അഥവാ തനിമയാണ്. ആ തനിമയില്‍ കൃത്രിമത്വം കലര്‍ന്നാല്‍ താളം തെറ്റും. പ്രകൃതിയിലൂടെ അതു പ്രതിഫലിക്കും. ഓരോ മനുഷ്യന്‍റെയും ഉള്ളിന്‍റെ ഉള്ളില്‍ സ്വന്തം തനിമയിലേക്ക,് പ്രകൃതിയിലേക്ക് മടങ്ങാനുള്ള പ്രേരണയുണ്ട്. തനിമയുള്ള പൂര്‍ണലയമാണ് 'ദത്താപഹാരം'. മനുഷ്യനെ പ്രകൃതിയിലേക്ക് മടക്കാന്‍, പ്രകൃതിയെ ഒന്നായി കാണാന്‍ ഈ നോവല്‍ പ്രേരിപ്പിക്കുന്നു.
അഭിലാഷങ്ങളുടെ ആഖ്യാനത്തിലൂടെ സമൂഹം, അധികാരം, സമ്പത്ത്, ശാസ്ത്രം, ജ്ഞാനം, വിദ്യ എന്നിവയെപ്പറ്റിയെല്ലാം ചില മറു ചോദ്യങ്ങള്‍ അനുവാചകനോടു ചോദിക്കുന്ന നോവലാണ് 'ചോരശാസ്ത്രം'. പുരാവൃത്തവും ചരിത്രവും ശാസ്ത്രവും പഠിച്ച പ്രൊഫസര്‍ ഒരു സാധാരണ കള്ളനെ മോഷണത്തിന്‍റെ സാങ്കേതിക വിദ്യകള്‍ പഠിപ്പിച്ച് മഹാ തസ്ക്കരനാക്കി മാറ്റുകയും ഒടുവില്‍ ചോരശാസ്ത്രത്തിന്‍റെ നിഗൂഢപ്രമാണങ്ങള്‍ ലംഘിച്ച് കള്ളന്‍ കാലിടറിവീണ് അബദ്ധത്തില്‍ താന്‍ കൊളുത്തിവിട്ട അഗ്നിപ്രളയത്തില്‍ വിലയം പ്രാപിക്കുന്നതുമാണ് ഇതിവൃത്തം.
നോവലില്‍ കള്ളന്‍ പലതരം കെണിയില്‍ അകപ്പെടുന്നു. സോഫിയാ മരിയയുടെ വീട് കള്ളന് കെണിയായിരുന്നു - രതിയുടെയും പ്രേമത്തിന്‍റെയും കെണി. പ്രൊഫസറുടെ വീട് വാഗ്ദാനവും പ്രേരണകളും ഉള്‍ച്ചേര്‍ന്ന ചോരശാസ്ത്രത്തിന്‍റെ കെണിയായിരുന്നു. നോട്ടംകൊണ്ടു പൂട്ടുതുറക്കുന്ന, എല്ലാ നിധിയറകളും കാണാന്‍ കഴിയുന്ന കള്ളന്‍ ഒടുവില്‍, നേട്ടങ്ങള്‍ കൈക്കലാക്കി ധനവാനായിത്തീരുന്നു. ദൈവാലയം, ദേവസ്ഥാനങ്ങള്‍, കുഞ്ഞുങ്ങള്‍, അവരുടെ വസ്തുക്കള്‍, നാല്ക്കാലികള്‍, പാവപ്പെട്ടവര്‍ എന്നിവരില്‍ നിന്ന് മോഷണം അരുതെന്ന ചോരശാസ്ത്രനിയമം ലംഘിച്ച്, പട്ടര്‍ നിധിയായി കാത്തുസൂക്ഷിച്ച സ്നേഹവും അതിന്‍റെ ഓര്‍മയും (മരിച്ചുപോയ ഭാര്യയുടെയും മകന്‍റെയും ഫോട്ടോ) മോഷ്ടിച്ചപ്പോള്‍ അയാളില്‍ കുറ്റബോധം ആളിക്കത്തുകയും ജീവിതപരാജയം ഏറ്റുവാങ്ങുകയും ചെയ്തു. നോവലില്‍ ശാസ്ത്രങ്ങളുടെ അന്തിമ നിരര്‍ത്ഥകതകളില്‍പ്പെട്ടുപോകാതെ ശാന്തമായി ഉറങ്ങുവാന്‍ കൊതിക്കുന്ന ('എനിക്കിനി ശിശുവായാല്‍ മതി, കള്ളാ') പ്രൊഫസര്‍ക്ക് യഥാര്‍ത്ഥജ്ഞാനം കൈവരുന്നതായി കണ്ടെത്താന്‍ കഴിയും. ദൈവരാജ്യം ശിശുമനസ്സിന് മാത്രം പ്രാപ്തമാണെന്നും, ശാസ്ത്രത്തിനും യുക്തിക്കും വ്യക്തികള്‍ക്കും സകല ദാര്‍ശനികതകള്‍ക്കും അപ്പുറമാണെന്നും വ്യക്തമാക്കി ലോകത്തിന്‍റെ ഏക പ്രശ്നം ശിശു മനസ്സിന്‍റെ അഭാവമാണെന്നും സ്വാര്‍ത്ഥ ചിന്തകള്‍ വെടിഞ്ഞ് ശിശു സഹജമായ ഭാവം കൈവരിക്കാന്‍ അനുവാചകരെ പ്രേരിപ്പിക്കുന്ന രചനയാണ് 'ചോരശാസ്ത്രം'.
നിധി ജ്ഞാനമുണ്ടായിട്ടും മായാബന്ധനായ കള്ളന്‍, സഹായിയായ പയ്യന്‍ എല്ലാം മോഷ്ടിച്ചുകൊണ്ടുപോയി എന്നതില്‍ ഹതാശനാകുന്നു. ഒടുവില്‍ ഗുരു അവനെ ഉപദേശിക്കുന്നു: 'നിന്‍റെ അറയെക്കുറിച്ചു മാത്രം നീ ചിന്തിക്കുന്നു. ലോകത്ത് എവിടെയൊക്ക നിധി ഉണ്ടോ അതൊക്കെ നിന്‍റേതെന്ന് നീ അറിയാത്തതാണ് നിന്‍റെ പ്രശ്നം.' അറിവുകൊണ്ട് നേടിയ നേട്ടങ്ങള്‍ എല്ലാം സ്വന്തം സ്വാര്‍ത്ഥതയ്ക്കുവേണ്ടി ഉപയോഗിച്ചപ്പോള്‍ അയാള്‍ക്ക് എല്ലാം നഷ്ടമായി. മനസ്സ് ക്ഷുബ്ധമാകുമ്പോള്‍ ജ്ഞാനത്തിന്മേല്‍ മറ വീഴുന്നത് അറിയാതെപോകുന്നു ആധുനിക മനുഷ്യന്‍. ജന്മംകൊണ്ട് ഓരോ മനുഷ്യനും കള്ളനാണ്, പ്രപഞ്ചത്തില്‍നിന്ന് മോഷ്ടിക്കുന്ന മോഷ്ടാവ്. എല്ലാവരുമായി പങ്കുവയ്ക്കേണ്ട പ്രകൃതി സമ്പത്താകുന്ന നിധിയും ജ്ഞാനംകൊണ്ട് നേടിയ വിദ്യയും സ്വാര്‍ത്ഥതാല്പര്യത്തിനുവേണ്ടി ദുരുപയോഗിക്കപ്പെടുമ്പോള്‍ അവിടെ അധഃപതനം സംഭവിക്കുന്നുവെന്ന് 'ചോരശാസ്ത്രം' എന്ന നോവല്‍ ഓര്‍മിപ്പിക്കുന്നു.
ഒരെഴുത്തുകാരന്‍റെ ദാര്‍ശനികമായ സഞ്ചാരങ്ങളെ അടുത്തറിയണമെങ്കില്‍ കാലാനുഗതമായി അദ്ദേഹത്തിന്‍റെ കൃതി വായിക്കണം. പുറപ്പാടിന്‍റെ പുസ്തകത്തില്‍ നിന്നും ചോരശാസ്ത്രത്തിലൂടെ ദത്താപഹാരം വഴി നിരീശ്വരനിലേയ്ക്കു ഒരു സഞ്ചാരം നടത്തുമ്പോള്‍ എല്ലാത്തരം വൈരുദ്ധ്യങ്ങളും കൂടിച്ചേര്‍ന്നതാണ് ജെയിംസിന്‍റെ സൃഷ്ടികള്‍ എന്നു കണ്ടെത്താനാവും. രണ്ടു പ്രത്യക്ഷ വൈരുദ്ധ്യങ്ങള്‍ കൂട്ടിമുട്ടിക്കുന്ന ഒരു ഭൂമദ്ധ്യമുണ്ടെങ്കില്‍ അതിനെ കണ്ടെത്താനുള്ള ശ്രമമാണ് നിരീശ്വരന്‍ എന്ന കൃതിയില്‍. വൈജാത്യങ്ങള്‍ക്ക് അടിസ്ഥാനമായിരിക്കുന്ന ഏകത്വത്തെ ഭൗതികതലത്തില്‍ ചിത്രീകരിക്കാനുള്ള ശ്രമമാണ് നിരീശ്വരന്‍.
ബഹിരാകാശവുമായി ബന്ധപ്പെട്ട് മലയാളത്തിലെഴുതിയ കൃതിയാണ് ജെയിംസിന്‍റെ 'ലെയ്ക്ക' എന്ന ചെറു നോവല്‍. വിശ്വാസത്തിന്‍റെയോ അവിശ്വാസത്തിന്‍റെയോ കാര്യം മാത്രമല്ല, ഏതു കാര്യവും അനുഭവതലത്തില്‍ സ്വന്തമായി തീരുമ്പോള്‍ മാത്രമേ കൃതിക്ക് ജീവനുണ്ടാകൂ എന്ന തിരിച്ചറിവ് അദ്ദേഹത്തിന്‍റെ കൃതികളില്‍ സസൂക്ഷ്മം നിരീക്ഷിച്ചാല്‍ കാണാന്‍ കഴിയും. നിരീശ്വരന്‍, ചോരശാസ്ത്രം, ദത്താപഹാരം, ഒറ്റക്കാലന്‍ കാക്ക തുടങ്ങിയ കൃതികള്‍ എല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്. എഴുത്തുകാരന്‍റെ പ്രസക്തിയല്ല വായനക്കാരന്‍റെ ഉയര്‍ത്തെഴുന്നേല്പാണ് ഓരോ കൃതിയെയും മികവുറ്റതാക്കുന്നത്. അദ്ദേഹത്തിന്‍റെ ഓരോ നോവലും വ്യത്യസ്ത ക്യാന്‍വാസിലൂടെ നോക്കിക്കാണാന്‍ അനുവാചകരെ പ്രേരിപ്പിക്കുന്നവയാണ്.
എവിടെ ഒരാള്‍ ഞാന്‍ എന്ന ഭാവം മറന്ന് എന്തിനോടെങ്കിലും ഇഴുകിചേരുന്നുവോ അവിടെ അയാള്‍ പൂര്‍ണമായ ആനന്ദം അനുഭവിക്കുന്നു. ഓരോ കൃതിയും മികവുറ്റതാകുന്നത് എഴുത്തുകാരനും അനുവാചകനും ഈ അനുഭവമുണ്ടാകുമ്പോഴാണ്. ഇതുവരെ ആരും പറയാത്ത ഒരു പ്രമേയത്തെപ്പറ്റി പറയാന്‍ ആഗ്രഹിക്കുന്നവനാണ് എഴുത്തുകാരന്‍. വി.ജെ. ജെയിംസിന്‍റെ കൃതിയും ഇപ്രകാരമുള്ളതാണ്. നിരന്തരമായ അന്വേഷണത്തിലൂടെ സര്‍വസന്തോഷങ്ങളും ത്യജിച്ച് പുതുമയുള്ള ആശയങ്ങളെ അക്ഷരശക്തിയുള്ള വിശ്വാസം കൊണ്ട് എഴുതിയ എഴുത്തുകാരന്‍. ജെയിംസിന്‍റെ അഭിപ്രായത്തില്‍ എഴുത്ത് ആഴത്തില്‍ കുഴിച്ച് വെള്ളം കണ്ടെത്തുന്നതുപോലെയുള്ള ഒരുതരം കണ്ടെത്തലാണ്.
ഫ്രഞ്ച് എഴുത്തുകാരനായ റൊണാള്‍ഡ് ബര്‍ത്ത്സ പറഞ്ഞിട്ടുള്ളതുപോലെ എഴുത്തുകാരന്‍ മരിക്കുമ്പോള്‍ വായനക്കാരന്‍ ജനിക്കുന്നു. ഒരു കൃതി വായനക്കാരന്‍ ഏറ്റെടുത്തു കഴിയുമ്പോള്‍ എഴുത്തുകാര്‍ക്കു പ്രസക്തിയില്ലാതാകുന്നു. വായനക്കാരന്‍ അതിനു ജീവന്‍ നല്കുന്നു. വി. ജെ. ജെയിംസ് എന്ന എഴുത്തുകാരന്‍റെ കൃതിയെ ഏറ്റെടുക്കുന്നത് വായനക്കാരാണ്. ഉത്തരാധുനിക കാലഘട്ടത്തില്‍ വ്യത്യസ്തമായ രചനകളുടെ സ്രഷ്ടാവാണ് വി. ജെ. ജെയിംസ് എന്ന എഴുത്തുകാരന്‍.
No comments:
Post a Comment