ഫാസിസവും വര്‍ഗീയതയും --ഡോ.ഡി.ബാബു പോള്‍

ഫാസിസവും വര്‍ഗീയതയും
ഡോ.ഡി.ബാബു പോള്‍
     സൂക്ഷ്മമായി അപഗ്രഥിക്കേണ്ടത് സ്ഥൂലമായി അവലോകനം ചെയ്ത് അഭിപ്രായം പറഞ്ഞാല്‍ അസത്യം അര്‍ദ്ധസത്യവും അര്‍ദ്ധസത്യം സത്യവും ആയി തെറ്റിദ്ധരിക്കപ്പെടാം.
     ഫാസിസവും വര്‍ഗീയതയും ഈ രണ്ട് സംഗതികളുമായി മാധ്യമങ്ങള്‍ പ്രതികരിക്കേണ്ടത് എങ്ങനെ എന്നതും ചര്‍ച്ച ചെയ്ത ഒരു സെമിനാറില്‍ ഈയിടെ പങ്കെടുക്കാനിടയായി. ഫാസിസം എന്താണ് എന്ന് നിര്‍വചിക്കുകയും അക്കാദമിക തലത്തില്‍ വിശദീകരിക്കുകയും ചെയ്തപ്പോള്‍ ഫാസിസ്റ്റുകളെ കണ്ടെത്താന്‍ എളുപ്പമല്ലാത്ത മാനസികാവസ്ഥ സദസ്സില്‍ രൂപപ്പെട്ടു എന്നാണ് സദസ്യരുടെ മുഖത്തു നിന്ന് ഞാന്‍ വായിച്ചറിഞ്ഞത്.
     മുസോളിനിയുടെ കക്ഷിയാണ് ഫാസിസ്റ്റ് എന്ന് അറിയപ്പെട്ടത്. ഇപ്പോള്‍ ഫാസിസത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന പല സഖാക്കളും ധരിച്ചിട്ടുള്ളത് ഹിറ്റ്ലറുടെ പ്രസ്ഥാനമാണ് ഫാസിസം എന്നാണെന്ന് കരുതേണ്ടിയിരിക്കുന്നു.
     മുസോളിനിയുടെ കക്ഷിയെ ഫാസിസ്റ്റ് എന്ന് വിളിക്കാന്‍ കാരണം അവര്‍ പ്രാചീന റോമാസാമ്രാജ്യത്തിലെ ദണ്ഡനാധികാരത്തിന്‍റെ ചിഹ്നമായ ഫാസെസ് ഉപയോഗിച്ചതാണ്. എല്മ് (ലഹാ) എന്ന തണല്‍ വൃക്ഷത്തിന്‍റെയും ഭൂര്‍ജവൃക്ഷം എന്ന് ഇംഗ്ലീഷ്-മലയാളം നിഘണ്ടുവില്‍ വിവരിക്കുന്ന ബിര്‍ച് (യശൃരവ) മരത്തിന്‍റെയും കമ്പുകള്‍ കൂട്ടിക്കെട്ടി കൂടെ ഒരു മഴുവച്ചാല്‍ ഫാസെസ് ആയി.
     ഫാസിസം ഇരുപതാം നൂറ്റാണ്ടിലെ ഒരു ഇടവേളയില്‍ ജനിച്ച് ശക്തി പ്രാപിച്ചതും ഇന്ന് അസ്തപ്രഭമായതുമായ ഒരു പ്രത്യയശാസ്ത്രം ആണ്. പടിഞ്ഞാറ് അമേരിക്ക മുതല്‍ കിഴക്ക് ജപ്പാന്‍ വരെ ഫാസിസം പടര്‍ന്നിരുന്നു. ഇറ്റലി, ജര്‍മനി, സ്പെയിന്‍, നോര്‍വെ, ചൈന, അറബ് എന്നീ നാടുകളില്‍ ഒക്കെ ഫാസിസ്റ്റുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, എല്ലാവരും ഒരേ ആശയങ്ങളല്ല കൊണ്ടുനടന്നത് എല്ലാ കാര്യങ്ങളിലും. അതേസമയം എല്ലാ ഫാസിസ്റ്റുകളും വിശ്വസിച്ചു എന്ന് കരുതാവുന്ന ചില കാര്യങ്ങളുണ്ട്.
     ശക്തമായ ദേശീയബോധം ആണ് ആദ്യം പറയേണ്ടത്. ദേശസ്നേഹത്തിന് പല തലങ്ങള്‍ ഉണ്ട്. ഇംഗ്ലീഷില്‍ പല പദങ്ങള്‍ ഉപയോഗിച്ചാണ് അവയെ വെവ്വേറെ കാണുന്നത്. പേട്രിയോട്ടിസം, ഷോവിനിസം, ജിംഗോയിസം ഇത്യാദി. ഇതില്‍ അവസാനം പറഞ്ഞതിനും അപ്പുറത്തുള്ളതാണ് മിലിറ്ററിസ്റ്റ് നാഷണലിസം. ഫാസിസം വിശ്വസിക്കുന്നത് ഈ ദേശീയതയിലാണ്.
     ഫാസിസ്റ്റുകള്‍ സൈനിക മൂല്യങ്ങള്‍ക്ക് വളരെ പ്രാധാന്യം കല്പിക്കും. അനുസരണം, അച്ചടക്കം, കായികശേഷി, ധൈര്യം തുടങ്ങിയവയാണല്ലോ സൈന്യങ്ങള്‍ക്ക് പ്രധാനം. പട്ടാളത്തെപോലെ യൂണിഫോം, പ്രത്യേകമായ അഭിവാദനരീതി എന്നിവ സ്വീകരിച്ചവരായിരുന്നു ഫാസിസ്റ്റുകള്‍.
     യുദ്ധങ്ങളില്‍ വിധികര്‍ത്താവായിരുന്ന് അര്‍ഹിക്കുന്ന കക്ഷിയെ വിജയിപ്പിക്കുന്നവനായിരുന്നു ഹിറ്റ്ലറുടെ അഭിവീക്ഷണത്തിലെ ദൈവം. നൂറുകൊല്ലം ആട്ടിന്‍കുട്ടിയായി ജീവിക്കുന്നതിനെക്കാള്‍ നല്ലത് ഒരു മണിക്കൂര്‍ സിംഹമായി കഴിയുന്നതാണ്, രക്തം ചൊരിയാതെ വിജയം വിദൂരം എന്ന് ചരിത്രം പഠിപ്പിക്കുന്നു, യുദ്ധഭൂമിയിലെ ഒരു മിനിട്ടും ആയുഷ്കാലം മുഴുവന്‍ സമാധാനവും താരതമ്യപ്പെടുത്തിയാല്‍ ആദ്യത്തേതാണ് ഭേദം തുടങ്ങിയവ മുസോളിനിയുടെ വീക്ഷണം വ്യക്തമാക്കുന്ന പ്രസ്താവനകളാണ്.
     ജനാധിപത്യത്തോട് ഫാസിസ്റ്റുകള്‍ക്ക് പുച്ഛമാണ്. അധികാരത്തിലെത്താനുള്ള ഉപാധി എന്ന നിലയില്‍ ജനാധിപത്യത്തെ ഉപയോഗപ്പെടുത്തിയവരാണ് മുസോളിനിയും ഹിറ്റ്ലറും. മുസോളിനി കൊണ്ടുവന്ന ഒരു നിയമമനുസരിച്ച് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്ന കക്ഷിക്ക് പാര്‍ലമെന്‍റിലെ മൂന്നില്‍ രണ്ട് സീറ്റുകള്‍ പതിച്ചു കിട്ടും. അസെര്‍ബോ എന്നറിയപ്പെട്ടിരുന്ന ഈ വിചിത്രനിയമം ആണ് മുസോളിനിയുടെ ഏകാധിപത്യത്തിന് പച്ചക്കൊടി കാട്ടിയത്. ഹിറ്റ്ലറാകട്ടെ അധികാരത്തിലെത്തിയപാടെ പട്ടാളവേഷം പോലും ഉപേക്ഷിക്കുകയായിരുന്നു. ജനാധിപത്യത്തെ പരസ്യമായി ഉപയോഗിച്ചത് പിന്നീടാണ്. ജപ്പാനില്‍ ടോജോ രാഷ്ട്രീയകക്ഷികള്‍ പിരിച്ചുവിട്ടു.
     മാര്‍ക്സിസവും ഫാസിസ്റ്റുകള്‍ വെറുത്തു. സ്റ്റാലിനിസ്റ്റ് ഏകാധിപത്യവും സോഷ്യലിസ്റ്റ് ഏകാധിപത്യവും ഒരുപോലെ നിഷിദ്ധമായി കണ്ടു അവര്‍. ഇറ്റലിയിലെ കരിങ്കുപ്പായക്കാര്‍ (ആഹമരസ ടവശൃേെ), ജര്‍മനിയിലെ തവിട്ടുഷര്‍ട്ടുകാര്‍, ഫ്രാന്‍സിലെ ദേശസ്നേഹീ യുവത, പോര്‍ച്ചുഗലിലെ നീല ഷര്‍ട്ടുകാര്‍ തുടങ്ങി എല്ലാ ഫാസിസ്റ്റുകളും കൈയില്‍ കിട്ടിയ കമ്യൂണിസ്റ്റുകാരെ മുഴുവന്‍ വകവരുത്താന്‍ ശ്രമിച്ചു.
     സംസ്ക്കാരം ആണ് ഫാസിസ്റ്റുകള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ച മറ്റൊരു മേഖല. സാമ്പത്തിക രംഗത്ത് വളരെ യാഥാസ്ഥിതികമായിരുന്നു ഫാസിസ്റ്റ് ചിന്ത. സമ്പന്നരുടെ പക്ഷത്തായിരുന്നു ഫാസിസ്റ്റുകള്‍ പൊതുവെ. ഭൂപരിഷ്കരണത്തെ അനുകൂലിച്ച പോളിഷ് ഫാസിസ്റ്റുകളും ദേശസാല്‍ക്കരണത്തിന് വേണ്ടി വാദിച്ച ഫ്രഞ്ച് ഫാസിസ്റ്റുകളും നിയമത്തിന്‍റെ അപവാദങ്ങളായിരുന്നു എന്ന് ധരിക്കുക.
     ഇങ്ങനെ ഒരുപാട് പറയാനുണ്ട്. ഈ നിര്‍വചനം പൂര്‍ണമായി ബാധകമാവുന്ന ഏതെങ്കിലും കക്ഷിയോ, പ്രസ്ഥാനമോ ഭാരതത്തിലുണ്ടോ? ചില തൂവലുകള്‍ സ്വന്തം തൊപ്പിയില്‍ ചാര്‍ത്താവുന്നവര്‍ കണ്ടേക്കാം. എന്നാല്‍, ഭാരതീയ ജനതാപാര്‍ട്ടിയും രാഷ്ട്രീയ സ്വയംസേവക് സംഘവും മാത്രം ആണ് ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ എന്ന് പറയുന്നത് അജ്ഞതയല്ലെങ്കില്‍ ആത്മവഞ്ചനയാണ്.
     ഇനി വര്‍ഗീയത; മതപരമായ കാര്യങ്ങളില്‍ തീക്ഷ്ണത ഉള്ളതായ അവസ്ഥ പലപ്പോഴും വര്‍ഗീയതയായി വ്യാഖ്യാനിക്കപ്പെടും. അത് ശരിയല്ല. മത സഹിഷ്ണുത ഇല്ലാത്ത അവസ്ഥയുമല്ല വര്‍ഗീയത. മറിച്ച് അവനവന്‍റെ വര്‍ഗത്തിന് (ജാതിക്ക്, സമുദായത്തിന്) വേണ്ടി ന്യായമോ, അന്യായമോ എന്ന പരിഗണന കൂടാതെ പ്രവര്‍ത്തിക്കുന്നതും പറയുന്നതും ആണ് വര്‍ഗീയത. കുറെക്കാലം എന്‍റെ ഡ്രൈവര്‍ ഒരു മുസല്‍മാനായിരുന്നു. കൃത്യമായി നിസ്കരിക്കുകയും വ്രതമെല്ലാം പാലിക്കുകയും ചെയ്യുന്നവന്‍. അയാളുടെ മാതാമഹന്‍ ഒരു സാമുദായിക ലഹളയില്‍ ഹിന്ദു തീവ്രവാദികളാല്‍ വധിക്കപ്പെട്ടതാണ്. ڇഉപ്പ എല്ലാവര്‍ക്കും വേണ്ടപ്പെട്ടവനായിരുന്നു. അപ്പോള്‍ ഉപ്പയെ വെട്ടിയാല്‍ ലഹളയ്ക്ക് ആക്കം കൂടും എന്ന് ചിലര്‍ കരുതി. പകരം ഞാന്‍ എന്‍റെ കൂട്ടുകാരന്‍റെ മുത്തച്ഛനെ വെട്ടിയാല്‍ എന്‍റെ നിസ്കാരം അള്ളാഹു കേള്‍ക്കുമോ?ڈ എന്ന് ആ ചെറുപ്പക്കാരന്‍ പറഞ്ഞപ്പോള്‍ യഥാര്‍ത്ഥ ഭക്തന്‍ ഒരിക്കലും വര്‍ഗീയ വാദിയാവുകയില്ല എന്ന സിദ്ധാന്തം ഒരിക്കല്‍ കൂടെ തെളിഞ്ഞു.
     ഞാന്‍ പള്ളിയില്‍ പോകുന്ന ക്രിസ്ത്യാനിയാണ്. ആഴ്ചയില്‍ ആറു ദിവസം ലത്തീന്‍പള്ളിയിലും ഏഴാംനാള്‍ തിരുവനന്തപുരത്തെ യാക്കോബായ സിംഹാസന പള്ളിയിലും പോകും. അടുത്തകാലം വരെ ഞായറാഴ്ച ഞാന്‍ കപ്യാരും ഉപദേശിയുമായിരുന്നു. തലേന്ന് ഓഫീസിന് പുറത്ത് കാത്തിരുന്ന് എന്നെ കണ്ട് കാര്യം നടക്കാതെ നിരാശനായി പോയ ഏതെങ്കിലും വൈദികനായിരിക്കും ചിലപ്പോള്‍ കുര്‍ബാന ചൊല്ലുന്നത്. കപ്യാര്‍ എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തിന്‍റെ കൈ കഴുകാന്‍ ക്ഷാളനജലം ഒഴിച്ചുകൊടുക്കും. അദ്ദേഹത്തില്‍ നിന്ന് പാപമോചനം പ്രാപിക്കും. എന്നാല്‍, അന്യായമായ ഉപകാരം ഞാന്‍ അദ്ദേഹത്തിന് ചെയ്താല്‍ അതും അദ്ദേഹം മോചിപ്പിക്കേണ്ട പാപം ആവും എന്ന് ഞാന്‍ തിരിച്ചറിയുന്നു! അമ്പലത്തിലും പള്ളിയിലും മോസ്കിലും ഭക്തിയോടെ പോകുന്നവര്‍ക്ക് ഒരിക്കലും വര്‍ഗീയവാദികളാവാന്‍ കഴിയുകയില്ല.
     ചുരുക്കിപ്പറഞ്ഞാല്‍ വര്‍ഗീയതയും ഫാസിസവും വേണ്ടത്ര ശ്രദ്ധ ചെലുത്താതെ അമ്മാനമാടുന്ന പദങ്ങളാണ്. ഇവ രണ്ടും തിരസ്കരിക്കപ്പെടേണ്ടവ തന്നെ.
     
Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts