തെ(േ)ന്‍റ ഇടം കണ്ടെത്താം --ദിവ്യ ഗോപിനാഥ്

തെ(േ)ന്‍റ ഇടം കണ്ടെത്താം
      ദിവ്യ ഗോപിനാഥ്
     നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ടു ചേരികളില്‍ നിന്ന് ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനകള്‍ ആശയ സംഘട്ടനം നടത്തുന്നതിനിടെയാണ് മലയാള ചലച്ചിത്ര ലോകത്തെ ഞെട്ടിച്ചു കൊണ്ട് മീ ടു ആരോപണം ഉയരുന്നത്. മലയാളത്തിലെ മുന്‍നിര സ്വഭാവ നടന്‍മാരില്‍ ഒരാളായ അലന്‍സിയര്‍ ലോപ്പസായിരുന്നു മീ ടു ആരോപണത്തിനു വിധേയനായത്. പേരു വെളിപ്പെടുത്താത്ത യുവ നടിയുടെ തുറന്നുപറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വന്നുകൊണ്ടിരുന്നു. ആരോപണത്തിന്‍റെ വിശ്വാസ്യതയെക്കുറിച്ച് പലരും സംശയം പ്രകടിപ്പിച്ചതോടെ അലന്‍സിയറില്‍ നിന്ന് ദുരനുഭവം നേരിടേണ്ടി വന്ന നടി ദിവ്യ ഗോപിനാഥ്  ഫെയ്സ്ബുക്ക് ലൈവില്‍ നേരിട്ടെത്തി വിമര്‍ശനശരങ്ങളുടെ മുനയൊടിച്ചു. ദിവ്യ നിലപാട് കടുപ്പിച്ചതോടെ അലന്‍സിയര്‍ ആരോപണം ഭാഗികമായി ശരിവെക്കുകയും ചെയ്തു.
     മലയാള ചലച്ചിത്ര ലോകത്ത് കാലങ്ങളായി നിലനില്‍ക്കുന്ന ചില തെറ്റായ പ്രവണതകളെ മാറ്റിയെഴുതാന്‍ ദിവ്യയുടെ വെളിപ്പെടുത്തല്‍ പ്രേരകമാകുമെന്ന് പ്രതീക്ഷിക്കാം. സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ചും മീ ടു ക്യാംപയിനിങ്ങിനെക്കുറിച്ചും സിനിമയെക്കുറിച്ചുമൊക്കെ ദിവ്യ മനസ്സ് തുറക്കുന്നു.
     ഓരോ സ്ത്രീയും തന്‍റെയിടങ്ങളും അവകാശങ്ങളും തിരിച്ചറിയണം.
     മീ ടു ക്യാംപയിനിങ്ങ് വന്നതുകൊണ്ടാണ് പൊതുസമൂഹത്തിന് മുന്നില്‍ ഇത്തരം ഒരു വെളിപ്പെടുത്തല്‍ ഇപ്പോള്‍ നടത്താന്‍ ധൈര്യം ലഭിച്ചത്. മീ ടു സംഭവിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ലോകത്തോട് ഇത് തുറന്നു പറയാന്‍ വൈകുമായിരുന്നു. മീ ടു ക്യാംപയിനിങ്ങിന് സ്വീകാര്യത ലഭിക്കും മുമ്പേ ബന്ധപ്പെട്ടവരോട് അലന്‍സിയറിനെതിരെ പരാതി നല്‍കിയിരുന്നു. പരാതി ബോധിപ്പിക്കുന്ന ഘട്ടത്തിലാണ് അദ്ദേഹം എന്നോട് മാത്രമല്ല മറ്റു പല അഭിനേത്രിമാരോടും ഇത്തരത്തില്‍ അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലാകുന്നത്.
     എ.എം.എം.എയുടെ ഒരു പ്രസ്സ് മീറ്റ് ഉണ്ടായിരുന്നു. അതില്‍ മീ ടു വിനെയും ആ ക്യാംപയിനിങ്ങിന്‍റെ ഭാഗമായ തുറന്നുപറച്ചിലുകളെയും സംഘടന സ്വാഗതം ചെയ്യുന്നതായി പറയുന്നുണ്ട്. മലയാള സിനിമയില്‍ നിന്ന് ഇതുവരെ അങ്ങനെയൊരു ആരോപണം ഉണ്ടായിട്ടില്ല എന്നത് സൂചിപ്പിക്കുന്നത് മലയാള ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സുരക്ഷിതരാണെന്നും ഇവിടെ സൗഹൃദപരമായ അന്തരീക്ഷത്തിലാണ് അവര്‍ ജോലി ചെയ്യുന്നതെന്നും ആ വാര്‍ത്താ സമ്മേളനത്തില്‍ സംഘടനാ ഭാരവാഹികള്‍ വിശദീകരിക്കുന്നുണ്ടായിരുന്നു. അത്
കേട്ടുകൊണ്ടിരുന്നപ്പോള്‍ എനിക്ക് തോന്നി ഇതല്ലല്ലോ ഇവിടെ സംഭവിക്കുന്നത്. ഒരുപാട് സ്ത്രീകള്‍ പലതരത്തില്‍ ഇവിടെ ബുദ്ധിമുട്ടുന്നില്ലേ എന്ന ചോദ്യവും മനസ്സില്‍ തെളിഞ്ഞു. തുറന്നു പറയാനുള്ള മറ്റൊരു പ്രചോദനം അതായിരുന്നു.
     ഓരോ സ്ത്രീയും അവരുടെ തൊഴിലിടത്തിലെ സ്വാതന്ത്ര്യത്തെക്കുറിച്ചും സ്പേസിനെക്കുറിച്ചും തിരിച്ചറിയണമെന്നു തോന്നി. ഇത് എന്‍റെ മാത്രം ഒരു പ്രശ്നമായിട്ടല്ല, മറിച്ച് ഈ മേഖലയുടെ ഭാഗമായി നില്‍ക്കുന്ന എന്നെപ്പോലെ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകളുടെ ഒരു പൊതു പ്രശ്നമായി അവതരിപ്പിക്കാനാണ് ഞാന്‍ ശ്രമിച്ചത്.
     സത്യത്തില്‍ പറയാതെ തന്നെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് ബഹുമാനവും സ്വാതന്ത്ര്യവും ലഭിക്കേണ്ടതാണ്. അത് ചോദിച്ചുവാങ്ങേണ്ടി വരുന്നത് സങ്കടകരമാണ്. എന്നിരുന്നാലും ഇത് പുറത്തേക്ക് കൊണ്ടുവരാന്‍ മീ ടു വലിയ തോതില്‍ ധെര്യം നല്‍കിയിട്ടുണ്ട്. അല്ലെങ്കില്‍ ഇത് മറ്റാരും അറിയാതെ എനിക്ക് പരാതിപ്പെടാനുള്ള ഒരു സ്പേസില്‍ മാത്രം ഒതുങ്ങുകയും അവര്‍ അദ്ദേഹത്തെ വിളിച്ച് സംസാരിക്കുകയോ, താക്കീത് ചെയ്യുകയോ ചെയ്യുന്നിടത്ത് അവസാനിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ താക്കീത് ചെയ്തതുകൊണ്ടോ സംസാരിച്ചത് കൊണ്ടോ ഇത്തരം ആളുകളില്‍ എന്തെങ്കിലും മാറ്റം വരുമോ എന്നത് സംശയം തന്നെയാണ്.
     അനുഭവം തുറന്നുപറയുമ്പോള്‍ കെട്ടുകഥയാണെന്ന് അധിക്ഷേപിച്ചത് മാനസികമായി തളര്‍ത്തി.
     എന്‍റെ  ഫെയ്സ്ബുക്ക് ലൈവ് കണ്ടവര്‍ക്ക് മനസ്സിലാകും ഒരു തയ്യാറെടുപ്പും കൂടാതെ പോസ്റ്റ് ചെയ്തൊരു വീഡിയോയാണ് അതെന്ന്. ഞാന്‍ ഉണര്‍ന്നപ്പോള്‍ വായിക്കേണ്ടി വന്ന ചില കമന്‍റുകള്‍ കണ്ടപ്പോഴുണ്ടായ മാനസിക സമ്മര്‍ദ്ദത്തിന്‍റെ പുറത്തുകൂടിയാണ് ഞാന്‍ ലൈവില്‍ വരുന്നത്.
     അലന്‍സിയറിനെതിരെ മീ ടു ക്യാംപയിനിങ്ങുകളെ പിന്തുണക്കുന്ന വെബ് സ്പേസിലൂടെ പേരു വെളിപ്പെടുത്താതെ ആയിരുന്നു എന്‍റെ തുറന്നു പറച്ചില്‍. പിറ്റേ ദിവസം ഉണരുമ്പോള്‍ ഞാന്‍ കാണുന്നത് څഇതൊരു ഭാവനാസൃഷ്ടിയാണ്', څഅലന്‍സിയറിനെ പോലൊരു വ്യക്തിയില്‍ നിന്ന് ഇത് ഒരിക്കലും  പ്രതീക്ഷിക്കാന്‍ കഴിയില്ല', څസിനിമയില്‍ മാത്രമല്ല സിനിമക്കു പുറത്തുള്ള വിഷയങ്ങളിലും ധീരമായ നിലപാടുകള്‍ എടുക്കുന്ന വ്യക്തിയാണ് അദ്ദേഹം, څഇത് അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യാന്‍ വേണ്ടി കരുതിയൊരുക്കിയ തിരക്കഥ മാത്രമാണ്, څവിമെന്‍ ഇന്‍ സിനിമാ കളക്റ്റീവിന്‍റെ പദ്ധതി അനുസരിച്ച് തയ്യാറാക്കിയ പ്രസ്താവന മാത്രമാണിത്چچതുടങ്ങിയ വാദങ്ങളാണ്.
     വളരെ സത്യസന്ധമായി ഒരാള്‍ തനിക്കുണ്ടായൊരു മോശമായ അനുഭവം പങ്കുവെക്കുമ്പോള്‍ പോലും അത് വെറും കെട്ടുകഥയാണെന്ന് ആളുകള്‍ അധിക്ഷേപിക്കുമ്പോള്‍ ആ അനുഭവത്തില്‍ കൂടി കടന്നുപോയ എനിക്ക് അത് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. അത്തരം കമന്‍റുകള്‍ വായിക്കുമ്പോള്‍ മാനസികമായി ഒരുപാട് പ്രയാസം തോന്നിയിരുന്നു. അതുകൊണ്ട് തന്നെയാണ് നേരിട്ട് പ്രത്യക്ഷപ്പെടണമെന്നു തീരുമാനിക്കാന്‍ കാരണം.
     ഇരകള്‍ ധീരമായി മുന്നോട്ട് വന്നു സംസാരിക്കണം;
     സമൂഹത്തിന്‍റെ കാഴ്ചപ്പാടുകളും മാറണം
     ആ വീഡിയോ പോസ്റ്റ് ചെയ്തതിനു ശേഷം വളരെ പോസിറ്റീവായ പ്രതികരണങ്ങളാണ് എനിക്ക് ലഭിച്ചത്. നെഗറ്റീവായ കുറെയധികം പ്രതികരണങ്ങള്‍ ഉണ്ടാകുമെന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നു.
സാധാരണ ഗതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകള്‍ സംസാരിക്കുമ്പോള്‍ നെഗറ്റീവ് കമന്‍റ്സിലൂടെ അവരുടെ സംസാരങ്ങളെ തകര്‍ക്കാനും അഭിപ്രായങ്ങളെ ഇല്ലാതെയാക്കാനും ശ്രമിക്കുന്ന തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരം പ്രവൃത്തികളും പ്രതികരണങ്ങളും എന്‍റെ തുറന്നുപറച്ചിലുകള്‍ക്കു നേരെയും ഉണ്ടാകുമെന്ന പേടിയോടെ തന്നെയാണ് ലൈവില്‍ വന്നത്.  സത്യമാണ് ഞാന്‍ പറയുന്നത് എന്ന ഉത്തമബോധ്യമുള്ളതു കൊണ്ടാണ് ഓരോ സംഭവങ്ങളും കൃത്യമായി ഓര്‍മിച്ചെടുത്ത് സൂക്ഷ്മമായി ഞാന്‍ പറഞ്ഞത്. വളരെ വ്യക്തമാണ് എനിക്ക് ഉണ്ടായിട്ടുള്ള അനുഭവവും അതില്‍ നിന്ന് ഞാന്‍ എങ്ങനെയാണ് സുരക്ഷിതമായി ഒഴിഞ്ഞു മാറിയതെന്നും.
സത്യമാണ് പറയുന്നത് എന്നതുകൊണ്ട് തന്നെ പേടിക്കാതെയാണ് സംസാരിച്ചത്. എന്നാല്‍ മറ്റു പല സ്ത്രീകള്‍ക്കും അത്തരത്തിലൊരു സുരക്ഷിത ഇടം ലഭിക്കണമെന്നില്ല. അവര്‍ക്ക് ചിലപ്പോള്‍ ധൈര്യമായി അത് തുറന്നു പറയാന്‍ പോലും കഴിഞ്ഞെന്നും വരില്ല.
    ഇരകള്‍ ധീരമായി മുന്നോട്ട് വന്നു സംസാരിച്ചാല്‍ മാത്രമേ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ക്ക് മാറ്റങ്ങള്‍ ഉണ്ടാകുകയുള്ളൂ. പിന്നെ നമ്മുടെ സമൂഹം അംഗീകരിക്കാത്ത ചില കാര്യങ്ങളുമുണ്ട്. ഇപ്പോള്‍ എല്ലാവരും ആരാധിക്കുന്ന ഒരു വ്യക്തിത്വത്തിനെതിരെയാണ് ഇത്തരത്തിലൊരു ആരോപണവുമായി ഒരാള്‍ മുന്നോട്ട് വരുന്നതെന്നു കരുതുക. അവിടെ ആക്ഷേപം ഉന്നയിക്കുന്ന ആളു തന്നെ ക്രൂരമായി ക്രൂശിക്കപ്പെടാം. സത്യം പറയുന്നവരെയും വളരെ മോശമായി ചിത്രീകരിക്കുന്ന ഒരു വിഭാഗമുണ്ട് നമ്മുടെ കൂട്ടത്തില്‍.
     ഞാന്‍ ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ പലരും എന്നോടു വിളിച്ച് സംസാരിച്ചിരുന്നു. അവരുടെ സിനിമാ സെറ്റുകളിലും സമാനമായ അനുഭവങ്ങള്‍ ഇതേ നടനില്‍ നിന്ന് അവര്‍ക്ക് ഉണ്ടായിട്ടുണ്ട്.  ദിവ്യ തുറന്നു പറഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്നു പറയുമ്പോഴും അവരില്‍ പലര്‍ക്കും അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ തുറന്നു പറയാന്‍ ധൈര്യമില്ല. പല സാഹചര്യങ്ങള്‍ മൂലമാണ് അത്തരത്തില്‍ തുറന്നു പറച്ചിലുകള്‍ നടക്കാത്തത്. ചിലരുടെ സിനിമ ഇനിയും റിലീസായിട്ടില്ല, മറ്റു ചില സെറ്റില്‍ പ്രൊഡക്ഷന്‍ തന്നെ വളരെ ദുസ്സഹമായിട്ടാണ് മുന്നോട്ട് പോകുന്നത്, അതിനിടയില്‍ ഇങ്ങനെയൊരു വിവാദം കൂടി വന്നാല്‍ ചിലപ്പോള്‍ സിനിമയുടെ ഷൂട്ടിങ് തന്നെ അവസാനിക്കും, ചിലരുടെ വീട്ടില്‍ ഇത് അറിഞ്ഞാല്‍ പിന്നെ ഒരിക്കലും അഭിനയിക്കാന്‍ വിടില്ല, ഇത് അവസാനത്തെ സിനിമയാകും. അങ്ങനെ വ്യത്യസ്ത പ്രശ്നങ്ങള്‍ കാരണമാണ് അവര്‍ക്ക് ധീരമായി മുന്നോട്ട് വന്നു പ്രതികരിക്കാന്‍ കഴിയാതെ പോകുന്നത്. സമൂഹം തന്നെയാണ് ധൈര്യം നല്‍കി അങ്ങനെയുള്ളവരെ മുന്നോട്ട് കൊണ്ടുവരാനുള്ള പ്രേരണ നല്‍കേണ്ടത്. ക്രെഡിബിലിറ്റിയോടെ മുന്നോട്ട് വരുന്നവരെ സമൂഹം തീര്‍ച്ചയായും പിന്തുണക്കണം.
     അലന്‍സിയര്‍ അദ്ദേഹത്തിന്‍റെ സ്വാഭാവ വൈകൃതങ്ങളെ സമാന്യവത്കരിക്കുന്നു.
     നമ്മള്‍ അഭിനേതാക്കളാണ്. നമ്മുടെ മനസ്സും ശരീരവും പൂര്‍ണമായി സമര്‍പ്പിച്ച് വൈകാരികമായിട്ടാണ് നമ്മള്‍ ഒരു കഥാപാത്രമായി മാറുന്നത്. സെറ്റിലെ അന്തരീക്ഷവും സഹതാരങ്ങളുടെയും ടെക്നീഷ്യന്മാരുടെയും പെരുമാറ്റവും സഹകരണവുമെല്ലാം നമ്മുടെ അഭിനയത്തെ നേരിട്ട് സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മനസ്സമാധാനമില്ലാത്ത ഒരു അന്തരീക്ഷത്തില്‍ നിന്നുകൊണ്ട് കഥാപാത്രത്തിന് പൂര്‍ണത നല്‍കാന്‍ കഴിയില്ല.
     ഇതാണ് ഞാന്‍, ഇങ്ങനെ തന്നെയാണ് ഞാന്‍ എല്ലായിടത്തും പെരുമാറുന്നത് എന്ന മട്ടില്‍ അലന്‍സിയര്‍ അദ്ദേഹത്തിന്‍റെ സ്വഭാവ വൈകൃതങ്ങളെ സമാന്യവത്കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. എനിക്ക് അദ്ദേഹത്തിന്‍റെ സംഭാഷണങ്ങള്‍ അരോചകമായി തോന്നുകയും ഞാന്‍ മാറിനടക്കുകയും ചെയ്തപ്പോള്‍, څനീയൊരു നാടകക്കാരിയല്ലേ, ശരീരത്തെക്കുറിച്ച് പറയുമ്പോള്‍ നീ എന്തിനാണ് നാണിക്കുന്നത്, അത് നിന്‍റെ ഏറ്റവും വലിയ ടൂള്‍ അല്ലേ എന്ന രീതിയില്‍ സംസാരിച്ച് അലന്‍സിയര്‍ അതിനെ വേറൊരു മട്ടില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുകയും അയാളുടെ സംഭാഷണങ്ങളെ മറ്റൊരു തരത്തില്‍ ന്യായീകരിക്കുകയുമാണ് ഉണ്ടായത്.
     അലന്‍സിയറിന്‍റെ സ്വാതന്ത്ര്യത്തെ തീരുമാനിക്കാന്‍ ഞാന്‍ ആളല്ല. പക്ഷെ മറ്റൊരാള്‍ക്ക് അത്തരം സംഭാഷണങ്ങളോ, ചേഷ്ടകളോ, പെരുമാറ്റങ്ങളോ ഇഷ്ടപ്പെടുന്നുണ്ടോ എന്നത് അവിടെ ചോദ്യം തന്നെയാണ്. മറ്റൊരാളുടെ സ്പേസിനെ ബഹുമാനിക്കാതെ എന്ത് സ്വാതന്ത്ര്യം പറഞ്ഞാലും അംഗീകരിക്കാന്‍ പറ്റില്ല. ഞാന്‍ എന്ത് സംസാരിക്കണം, എന്ത് കേള്‍ക്കണം, എങ്ങനെ പ്രതികരിക്കണം എന്നു തീരുമാനിക്കേണ്ടത് ഞാനാണ്. സിനിമയില്‍ മാത്രമല്ല നമ്മുടെ ചുറ്റുപാടും സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായി മാത്രം കാണുന്ന ഒട്ടേറെ പേരുണ്ട്. പക്ഷെ വ്യക്തിജീവിതത്തിലേക്ക് ഇടിച്ചുകേറി എനിക്ക് അലോസരമുണ്ടാക്കിയത് അലന്‍സിയറാണ്. അതുകൊണ്ടാണ് പ്രതികരിക്കേണ്ടി വന്നതും.
     സ്ത്രീയെ ഉപഭോഗ വസ്തുവായി പരിഗണിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് മീ ടു
     തുടര്‍ന്നും സിനിമയില്‍ നിന്നും നാടകത്തില്‍ നിന്നും ലഭിക്കുന്ന അവസരങ്ങള്‍ സ്വീകരിക്കും. അവിടെ ഇതുപോലെ എനിക്ക് അലോസരമുണ്ടാക്കുന്ന ആളുകള്‍ ഉണ്ടായാല്‍ പ്രതികരിക്കും. അവരില്‍ നിന്ന് കൃത്യമായ അകലം പാലിക്കുകയും ചെയ്യും.
     സ്ത്രീകളെ എന്തിനും ഉപയോഗിക്കാം എന്നതൊരു അവകാശമായി കാണുന്ന ആളുകളുണ്ട്. അത്തരക്കാര്‍ക്ക് മീ ടു മൂവ്മെന്‍റ് ഒരു മുന്നറിയിപ്പാണ്. വഴങ്ങി കൊടുക്കുമെന്ന മട്ടില്‍ സ്ത്രീകളെ സമീപിക്കാന്‍ തീര്‍ച്ചയായും അവര്‍ ഭയപ്പെടുമെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. അത് വളരെ പോസിറ്റീവായ ഒരു മാറ്റമാണ്. ഒരു അഭിനേതാവിന്‍റെ അല്ലെങ്കില്‍ ടെക്നീഷ്യന്‍റെ കഴിവിനെയാണ് വില കല്‍പ്പിക്കേണ്ടത്, അല്ലാതെ മറ്റൊന്നിനുമല്ല.
     കിലേൃിമഹ ഇീാുഹമശിേെ ഇീാാശലേേല (കഇഇ) പോലെയുള്ള സമിതികള്‍ നിലവില്‍ വരണം. ഒരു ഷൂട്ടിങ് ലൊക്കേഷനില്‍ ഒരു പ്രശ്നം ഉണ്ടായാല്‍ അത് എത്രയും പെട്ടെന്ന് പരിഹരിക്കാനും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനുമുള്ള സംവിധാനം ഉണ്ടാകണം.
     ഒരേ സമയം സിനിമയിലും നാടകത്തിലും സജീവമാണ് തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ എംഎഫില്‍ വിദ്യാര്‍ത്ഥിനിയായ ദിവ്യ ഗോപിനാഥ്. ലോകധര്‍മ്മിയുടെ ശാകുന്തളം നാടകത്തില്‍ കേന്ദ്രകഥാപാത്രമായ ശകുന്തളയെ അവതരിപ്പിക്കുന്ന ദിവ്യ, ദ്രാവിഡ എന്‍റര്‍ടെയിന്‍മെന്‍റ്സിന്‍റെ പുലിജന്മം നാടകത്തിന്‍റെ പ്രൊജക്റ്റ് ഡിസൈനറുമാണ്. ആഷിക്ക് അബു സംവിധാനം ചെയ്യുന്ന വൈറസാണ് ദിവ്യയുടെ അടുത്ത ചിത്രം.

Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts