അഭിമുഖം
സംഘടിതവും ശക്തവുമായ ഒരു ക്വീര്‍ (ഘഏആഠകഝ+) ധാര കേരളത്തില്‍ ഇന്ന് സജീവമാണ്. കേരളത്തിലെ ക്വീര്‍ രാഷ്ട്രീയത്തിനുള്ളിലെ പ്രധാനപ്പെട്ട ശബ്ദമാണ് ചിഞ്ചു അശ്വതി രാജപ്പന്‍റേത്. ദളിത് ക്വീര്‍ എന്നാണ് ചിഞ്ചു സ്വന്തം ഐഡന്‍റിറ്റിയെ വിശേഷിപ്പിക്കുന്നത്. ജാതിയും ലിംഗതന്മയും ലൈംഗികതയും തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ചും, സവിശേഷമായി ഇന്‍റര്‍സെക്സ് മനുഷ്യരുടെ അവകാശങ്ങളെ കുറിച്ചുമാണ് ചിഞ്ചു നിരന്തരം സംസാരിക്കുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ നിന്നും ക്വീര്‍ - അംബേദ്കറിറ്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ചിഞ്ചു മത്സരിക്കുകയും 494 വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ തന്നെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട ആദ്യത്തെ ഇന്‍റര്‍സെക്സ് വ്യക്തി കൂടിയാണ് ചിഞ്ചു. 2017 മുതല്‍ കേരള ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡിലെ അംഗമാണ്. 2021 ല്‍ ഔട്ട്ലുക്ക് മാഗസിന്‍ പുറത്തിറക്കിയ ഇന്ത്യയെ പുനര്‍നിര്‍മിക്കുന്ന അമ്പത് ദളിതരുടെ പട്ടികയില്‍ ചിഞ്ചുവും ഇടം നേടിയിട്ടുണ്ട്.
ഔട്ട്ലുക്ക് മാഗസിന്‍ പുറത്തിറക്കിയ ഇന്ത്യയെ പുനര്‍നിര്‍മിക്കുന്ന 50 ദളിതരുടെ പട്ടികയില്‍ കാഞ്ച എലൈയ്യക്കും പാ രഞ്ജിത്തിനും ഹിമ ദാസിനുമൊക്കെ ഒപ്പം ചിഞ്ചുവുമുണ്ട്. ഈ അംഗീകാരത്തെ എങ്ങനെ നോക്കിക്കാണുന്നു?
ഔട്ട്ലുക്ക് മാഗസിന്‍ പുറത്തിറക്കിയ പട്ടികയില്‍ ഇന്ത്യയെ സ്വാധീനിച്ച 50 ദളിതരില്‍ ഒരാളാകാന്‍ എനിക്ക് കഴിഞ്ഞുവെന്നത് വലിയ അംഗീകാരമാണ്. ഇത് എനിക്ക് വലിയ ഒരു തിരിച്ചറിവ് കൂടിയാണ്. ഞാന്‍ ഒട്ടും പ്രതീക്ഷിച്ച സംഗതിയൊന്നുമല്ല ഇത്. ഫേസ്ബുക്കില്‍ ഒരു സുഹൃത്ത് എന്നെ ടാഗ് ചെയ്യുമ്പോഴാണ് ആ അമ്പത് പേരില്‍ എന്നെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഞാന്‍ അറിയുന്നത്. മഹാത്മ അയ്യങ്കാളി വിഭാവനം ചെയ്ത 10 ബി. എ ക്കാരില്‍ ഒരാളാകണമെന്നായിരുന്നു എന്‍റെ ആഗ്രഹം. ആ ആഗ്രഹം സാധിച്ചു. ഈ അംഗീകാരം ഞാന്‍ സമര്‍പ്പിക്കുന്നത് മഹാത്മ അയ്യങ്കാളിക്കും കേരളത്തിലെ ക്വീര്‍ മുന്നേറ്റത്തിനുമാണ്. ക്വീര്‍-ദളിത് മുന്നേറ്റങ്ങളില്‍ നിന്ന് കിട്ടിയ ദൃശ്യതയിലൂടെയാണ് ഈ അംഗീകാരം എന്നെ തേടി വന്നിട്ടുള്ളത്. എന്‍റെ രാഷ്ട്രീയ സ്വത്വ രൂപീകരണത്തില്‍ എന്നെ സഹായിച്ചിട്ടുള്ള, ദളിത് രാഷ്ട്രീയത്തിലും ക്വീര്‍ രാഷ്ട്രീയത്തിലും മുന്നേ ഇടപെട്ടിട്ടുള്ള, എനിക്ക് പഠിക്കാന്‍ അവസരം നല്‍കിയിട്ടുള്ള ഒരുപാട് പേര്‍ക്കാണ് ഞാന്‍ ഈ അംഗീകാരം സമര്‍പ്പിക്കുന്നത്. ഇന്ത്യയിലെ 50 ദളിതരില്‍ ഒരാളാകുകയെന്നത് ഒരു ചെറിയ കാര്യമല്ല. ഇതിനു വേണ്ടി എന്‍റെ കൂടെ നിന്നിട്ടുള്ള എല്ലാവരുടെയും സന്തോഷത്തില്‍ ഞാന്‍ പങ്കുചേരുന്നുണ്ട്.
പൊളിറ്റിക്കല്‍ ഐഡന്‍റിറ്റിയെ രൂപപ്പെടുത്തുന്നതില്‍ ക്വീര്‍ മുന്നേറ്റങ്ങള്‍ സഹായിച്ചിട്ടുണ്ടെന്നാണ് ചിഞ്ചു പറയുന്നത്. വളരെയധികം പിന്നാക്കാവസ്ഥയിലുള്ള ദളിത്-ബഹുജന്‍ മനുഷ്യര്‍ക്ക് ഇത്തരം ഇടങ്ങളിലേക്കുള്ള പ്രവേശനം ഒട്ടും എളുപ്പമല്ലല്ലോ. ചിഞ്ചു എങ്ങനെയാണ് ഈ മേഖലയിലേക്ക് കടന്നുവരുന്നത്?
ജീവിതത്തില്‍ വളരെ വൈകി ക്വീര്‍ ഐഡന്‍റിറ്റി തിരിച്ചറിഞ്ഞ ഒരാളാണ് ഞാന്‍. ഇവിടെ പല തരത്തിലുള്ള ജെന്‍ഡര്‍-സെക്ഷ്വല്‍ വൈവിധ്യങ്ങളുണ്ട്, ഇതില്‍ എന്‍റെ ശാരീരികാവസ്ഥ ഇന്‍റര്‍സെക്സാണ്, ജെന്‍ഡര്‍ ട്രാന്‍സ് ജെന്‍ഡറാണ്, സെക്ഷ്വാലിറ്റി ക്വീറാണ് എന്നൊക്കെ ഇരുപത്തിയൊന്നാമത്തെ വയസ്സിലാണ് ഞാന്‍ തിരിച്ചറിയുന്നത്. എനിക്ക് വിദ്യാഭ്യാസമുള്ളത് കൊണ്ടാണ് എനിക്കെന്‍റെ ഐഡന്‍റിറ്റി തിരിച്ചറിയാന്‍ സാധിച്ചത്. ഞാന്‍ ഒരുപാട് പുസ്തകങ്ങള്‍ വായിക്കുകയും സിനിമകള്‍ കാണുകയും ഒരുപാട് ആളുകളോട് സംസാരിക്കുകയും ചെയ്തതിന്‍റെ ഭാഗമായാണ് അത്ര വൈകിയാണെങ്കിലും എനിക്ക് എന്‍റെ ഐഡന്‍റിറ്റി തിരിച്ചറിയാന്‍ പറ്റിയത്. അതുകൊണ്ട് പൊതുസമൂഹത്തോട് ഇതേപ്പറ്റി സംസാരിക്കേണ്ടത് എന്‍റെ ഉത്തരവാദിത്തമായാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം എനിക്ക് മുമ്പും കുറെ ഇന്‍റര്‍സെക്സ് ആളുകള്‍ സ്വയം എന്താണെന്ന് അറിയാതെ ജനിച്ച്, ജീവിച്ച്, മരിച്ച് പോയിട്ടുണ്ട്.
ഒരുപാട് ആളുകള്‍ ഇപ്പോഴും ഇന്‍റര്‍സെക്സായി ജീവിക്കുന്നുണ്ട്. ഇനിയും ഒരുപാട് ഇന്‍റര്‍സെക്സ് കുഞ്ഞുങ്ങള്‍ ജനിക്കാനിരിക്കുന്നുണ്ട്. ഇവര്‍ക്കൊക്കെ വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്. എന്നെ സഹായിച്ച ഒരുപാട് വ്യക്തികളും സംഘടനകളുമുണ്ട്. എനിക്ക് ആദ്യം എടുത്തു പറയാനുള്ളത് സഹയാത്രികയുടെ ഇടപെടലുകളാണ്. സഹയാത്രിക ലിംഗഭേദത്തെയും ലൈംഗികതയെയും മുന്‍നിര്‍ത്തി വര്‍ക്ക്ഷോപ്പുകളൊക്കെ സംഘടിപ്പിക്കാറുണ്ട്. ഒരു ദിവസം എന്‍റെ ഒരു ബന്ധുവും കവിയുമായ സതി അങ്കമാലി സഹയാത്രികയുടെ ജെന്‍ഡര്‍ ട്രെയിനിങ് വര്‍ക്ക്ഷോപ്പ് കഴിഞ്ഞു വന്ന് ڇചിഞ്ചു, എങ്ങനെയാണ് സ്വയം മനസ്സിലാക്കുന്നത്ڈ എന്ന് എന്നോട് ചോദിച്ചു. ഇതെന്‍റെ ജീവിതം മാറ്റിമറിച്ച ഒരു ചോദ്യമാണ്. ഞാനെന്‍റെ ഐഡന്‍റിറ്റിയെ കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് ഇങ്ങനെയൊരു ചോദ്യത്തിന്‍റെ ബലത്തിലാണ്. പി. ജി പഠനത്തിന് ശേഷം ഞാന്‍ സഹയാത്രികയില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായി ജോലി ചെയ്തു. സഹയാത്രികയില്‍ വര്‍ക്ക് ചെയ്യുന്ന സമയം ക്വീര്‍ വിഷയങ്ങളെ കുറിച്ച് ക്യാമ്പസുകളിലും മറ്റുമായി നിരന്തരം ഞാന്‍ സംസാരിച്ചു. ആ സമയത്താണ് കേരള ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡിലേക്ക് എന്നെ തിരഞ്ഞെടുത്തത്. സഹയാത്രികയുടെ ഇടപെടലാണ് എന്‍റെ പൊളിറ്റിക്കല്‍ ഐഡന്‍റിറ്റി രൂപപ്പെടുന്നതില്‍ ഏറ്റവുമധികം സഹായിച്ചിട്ടുള്ളത്. ഇന്ത്യന്‍ ദളിത് ഫെഡറേഷന്‍, ഉഒഞങ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ ചെറുപ്പം മുതലേ എനിക്ക് സാധിച്ചിട്ടുണ്ട്. ഇത് അംബേദ്കറുടെ ചിന്തകളിലേക്കും ദളിത് രാഷ്ട്രീയത്തിലേക്കും എത്തിപ്പെടാന്‍ എന്നെ സഹായിച്ചു.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ചിഞ്ചുവിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായിരുന്നു. അന്ന് ചിഞ്ചു 494 വോട്ടുകള്‍ നേടി...
അതെ. കുറച്ച് സുഹൃത്തുക്കളുടെ ആവശ്യ പ്രകാരമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുന്നത്. രാഷ്ട്രീയ അധികാരമാണ് ഏറ്റവും വലിയ അധികാരമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇലക്ഷന് മത്സരിക്കുന്ന സമയത്ത് ഒരു റപ്രസെന്‍റേഷന്‍ എന്ന തരത്തിലാണ് ഞാന്‍ ഉദ്ദേശിച്ചിരുന്നത്. മറ്റുള്ള വ്യക്തികളെ പോലെ ഞാന്‍ പ്രിതിനിധാനം ചെയ്യുന്ന സമൂഹത്തിനും ഒരു പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുള്ള എല്ലാ കഴിവും അവകാശവും ഉണ്ടെന്ന് സ്ഥാപിക്കാനുള്ള ഒരു ചെറിയ ശ്രമമായിരുന്നു അത്. എനിക്ക് കിട്ടിയ 494 വോട്ടുകള്‍ അതിന്‍റെ തെളിവാണ്. എന്‍റെ രാഷ്ട്രീയത്തെ അംഗീകരിക്കുന്ന 494 പേര്‍ ഉണ്ടെന്ന തിരിച്ചറിവ് വലിയ ഒരു അനുഭവമായിരുന്നു.
തിരഞ്ഞെടുപ്പില്‍ ചിഞ്ചുവിന്‍റെ ചിഹ്നം ലാപ്ടോപ്പായിരുന്നു. ഇങ്ങനെ ഒരു ചിഹ്നം സ്വീകരിച്ചത് വളരെ ബോധപൂര്‍വമായാണോ?
എന്‍റെ ചിഹ്നം ലാപ്ടോപ്പായിരുന്നു. അത് ഞാന്‍ സ്വയം തിരഞ്ഞെടുത്ത ചിഹ്നമാണ്. അറിവ് അധികാരമാണ്. വിദ്യാഭ്യാസം ലഭിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഈ നൂറ്റാണ്ടില്‍ ലാപ്ടോപ്പ് വലിയൊരു വിപ്ലവത്തിന്‍റെ ചിഹ്നമാണ്. ഇന്‍റര്‍നെറ്റിന്‍റെ വലിയ തോതിലുള്ള വ്യാപനം ഇവിടെ വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. ഈ മാറ്റം സാധാരണക്കാരിലേക്കെത്തേണ്ടതുണ്ട്. ഇവിടെയൊരു വിപ്ലവം സാധ്യമായിട്ടുണ്ടെങ്കില്‍ അത് കമ്പ്യൂട്ടറിന്‍റെ വരവോട് കൂടിയാണ്. അറിവിന്‍റെയും വിപ്ലവത്തിന്‍റെയുമൊക്കെ അടയാളമായാണ് ലാപ്ടോപ്പ് ഞാന്‍ തിരഞ്ഞെടുത്തത്.
ട്രാന്‍സ്ജെന്‍ഡര്‍ പോളിസിയൊക്കെ നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. എന്നിട്ടും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്ന് കടുത്ത അവഗണനയാണ് ക്വീര്‍ മനുഷ്യര്‍ നേരിടുന്നത്. ഇതിനോടുള്ള ഒരു പ്രതിഷേധമെന്ന നിലയില്‍ ചിഞ്ചുവിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ അടയാളപ്പെടുത്താമെന്ന് തോന്നുന്നു...
കേരളത്തിന്‍റെ കഴിഞ്ഞ ഇരുപത് വര്‍ഷത്തിന്‍റെ ചരിത്രത്തില്‍ ക്വീര്‍ രാഷ്ട്രീയ ധാരയുടെ സജീവമായ ഇടപെടലുകളുണ്ട്. ക്വീര്‍ പ്രൈഡ് പരേഡുകളുടെയും ചര്‍ച്ചകളുടെയും അവകാശ സമരങ്ങളുടെയും വലിയ ഒരു ചരിത്രം നമ്മള്‍ക്കുണ്ട്. ഇതിന്‍റെയൊക്കെ ചുവട് പിടിച്ചാണ് ഒരു പോളിസി നിലവില്‍ വരുന്നത്. വളരെ സ്വാഭാവികമായി ഒരു സുപ്രഭാതത്തില്‍ അവതരിപ്പിക്കപ്പെടുന്നതല്ല ട്രാന്‍സ്ജെന്‍ഡര്‍ പോളിസി. അതിന് പിന്നില്‍ കുറെയധികം ക്വീര്‍ മനുഷ്യരുടെ പരിശ്രമങ്ങളുണ്ട്. പോളിസി വന്നതിന് ശേഷം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഒരു പരിധി വരെ ദൃശ്യതയുണ്ടായിട്ടുണ്ട്. ഗവണ്‍മെന്‍റ് തലത്തിലുള്ള സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. ഇതുകൊണ്ട് മാത്രം പൂര്‍ണമായ ഒരു സ്വീകാര്യത, സാമൂഹികാംഗീകാരം ക്വീര്‍ വ്യക്തികള്‍ക്ക് കിട്ടിയെന്ന് പറയാന്‍ സാധിക്കില്ല. ഇതിനാലാണ് തിരഞ്ഞെടുപ്പിന് ഞാന്‍ അത്തരം ആവശ്യങ്ങളെ മുന്നോട്ട് വച്ചത്. പോളിസിയുണ്ടായത് കൊണ്ടു മാത്രം ഇവിടെ വലിയ ഒരു മാറ്റമുണ്ടായെന്ന് പറയാന്‍ എനിക്ക് സാധിക്കില്ല. അതിന് പിന്നില്‍ ക്വീര്‍ രാഷ്ട്രീയത്തിന്‍റെ ഒരു ഇരുപത് വര്‍ഷത്തെ ചരിത്രം തന്നെ പറയാനുണ്ട്. ഇപ്പോഴും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ക്വീര്‍ വ്യക്തികളെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുകളുണ്ട്. ഇപ്പോഴും രാഷ്ട്രീയാധികാരികള്‍ സംസാരിക്കുമ്പോള്‍ څനപുംസകംچ എന്നൊക്കെ ഉപയോഗിക്കുന്നുണ്ട്. څനീയൊരു ട്രാന്‍സ്ജെന്‍ഡറിനെ പോലെ പെരുമാറുന്നെچന്നാണ് ആളുകള്‍ ഇപ്പോള്‍ പറയുന്നത്. څട്രാന്‍സ്ജെന്‍ഡര്‍چ എന്ന പദം ജനകീയമാകാന്‍ ഗവണ്മെന്‍റ് തലത്തിലുള്ള ഇടപെടലുകളും ട്രാന്‍സ്ജെന്‍ഡര്‍ പോളിസിയും സഹായിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുള്ളിലെ വ്യക്തികള്‍ എത്രത്തോളം പരിഷ്കരിക്കപ്പെട്ടിട്ടുണ്ട് എന്നത് നമ്മള്‍ പരിശോധിക്കേണ്ട കാര്യമാണ്. ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ നിന്ന് ഒരു ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്ത് മത്സരിക്കുകയുണ്ടായി. പക്ഷെ, അവര്‍ മത്സരിക്കാന്‍ ഉദ്ദേശിച്ച രാഷ്ട്രീയ പാര്‍ട്ടി തന്നെ അവരെ ദുരുപയോഗം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുകയാണുണ്ടായത്.
ക്വീര്‍ വിഷയങ്ങളില്‍ നിരന്തരം ഇടപെടുന്ന ചെറുതും വലുതുമായ നിരവധി സംഘടനകള്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
സമാന മനസ്ക്കരായ, സമാന സ്വത്വബോധമുള്ള ക്വീര്‍ സുഹൃത്തുക്കളുടെ കൂടെയാണ് ഞാന്‍ ആദ്യകാലം ചെലവഴിച്ചിരുന്നത്. ചഏഛ കളും ഇആഛ കളും എല്ലാം ഈ ജീവിതത്തെ കുറെക്കൂടി എളുപ്പമാക്കാനേറെ സഹായിച്ചിട്ടുണ്ട്. സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായ സംതൃപ്തി എനിക്കുണ്ട്. കേരളത്തില്‍ സഹയാത്രികയ്ക്ക് പുറമെ ക്വീറള, ക്വീറിഥം തുടങ്ങി പല സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. ആളുകള്‍ക്ക് കൂടുതല്‍ ദൃശ്യത കിട്ടാനും നമ്മളോടൊപ്പം കൂടുതല്‍ പേരുണ്ടെന്ന തോന്നലുണ്ടാക്കാനും ഈ ഇആഛ കളും ചഏഛ കളും സഹായിച്ചിട്ടുണ്ട്.
ചിഞ്ചു ഒരു ഇന്‍റര്‍സെക്സ് വ്യക്തിയാണ്. ഇത് ഘഏആഠകഝ+ നുള്ളില്‍ വലിയ ദൃശ്യതയൊന്നും ലഭിക്കാത്ത ഒരു വിഭാഗമാണ്. ഇന്‍റര്‍സെക്സ് വ്യക്തികളെ കുറിച്ച് പല തരത്തിലുള്ള തെറ്റിദ്ധാരണകളും മുന്‍വിധികളും പൊതുസമൂഹത്തിനുണ്ട്. എങ്ങനെയാണ് ഇന്‍റര്‍സെക്സ് വ്യക്തികള്‍ക്ക് വേണ്ടി ഒരു സപ്പോര്‍ട്ട് സിസ്റ്റം രൂപപ്പെടുത്തിയെടുക്കാന്‍ പറ്റുക?
ഇന്‍റര്‍സെക്സ് ഐഡന്‍റിറ്റിയെ പറ്റി പല തെറ്റിധാരണകളുമുണ്ട്. ആണും പെണ്ണും കെട്ട, വില കുറഞ്ഞ മനുഷ്യരായാണ് ഇന്‍റര്‍സെക്സ് മനുഷ്യരെ പരിചരിക്കുന്നത്. ആദ്യ കാലങ്ങളില്‍ ഇന്‍റര്‍സെക്സ് മനുഷ്യരെ ഭിന്നലിംഗമെന്നാണ് സൂചിപ്പിച്ചിരുന്നത്. തൊണ്ണൂറുകളിലാണ് ഭിന്നലിംഗം എന്ന വാക്കിന്‍റെ ഉപയോഗം ആരംഭിക്കുന്നത്. ആണ്‍-പെണ്‍ ലിംഗാവസ്ഥകളില്‍ നിന്ന് വ്യത്യസ്തമായി ജനിക്കുന്ന ആളുകളെ സൂചിപ്പിക്കുന്ന പദമായാണ് ഈ വാക്ക് പ്രയോഗത്തിലുണ്ടായിരുന്നത്. പിന്നീട്, ട്രാന്‍സ്ജെന്‍ഡര്‍ രാഷ്ട്രീയം ശക്തമായപ്പോള്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ ഭിന്നലിംഗം എന്ന് വിളിക്കാന്‍ തുടങ്ങി. ട്രാന്‍സ്ജെന്‍ഡര്‍ എന്നത് ഭിന്നലിംഗമല്ല. ട്രാന്‍സ്ജെന്‍ഡര്‍ എന്ന പദത്തിന് സമമായ ഒരു മലയാള പദം നമുക്കില്ല. ഗവണ്മെന്‍റ് തലത്തിലുള്ള ഇടപെടലുകള്‍ വഴി ഈയിടെ ഭിന്നലിംഗം എന്ന വാക്ക് നിരോധിക്കുകയുണ്ടായി. ഭിന്നലിംഗം എന്ന വാക്കിന്‍റെ നിരോധനം ഭിന്നമായ ലിംഗാവസ്ഥകളില്‍ ജനിക്കുന്ന ഇന്‍റര്‍സെക്സ് മനുഷ്യരെ അദൃശ്യതയിലേക്ക് തള്ളിവിടുകയാണ് ചെയ്തത്. ഇന്‍റര്‍സെക്സ് മനുഷ്യര്‍ വളരെ സവിശേഷവും സങ്കീര്‍ണവുമായ ശാരീരിക-മാനസിക അവസ്ഥകളിലൂടെയാണ് കടന്നുപോകുന്നത്. ഇവര്‍ക്ക് കൃത്യമായ ശ്രദ്ധയും സ്നേഹവും പരിഗണനയും ലഭിക്കേണ്ടതുണ്ട്. ജീവിച്ചിരിക്കാനുള്ള അവകാശം എല്ലാ മനുഷ്യര്‍ക്കുമുണ്ട്. ഇന്‍റര്‍സെക്സായ ഒരു കുട്ടിക്ക് വെളിച്ചം കാണാന്‍ പോലും കഴിയുന്നില്ല. ഗര്‍ഭാവസ്ഥയില്‍ സ്കാനിംഗ് വഴി ഒരു കുട്ടി ഇന്‍റര്‍സെക്സാണെന്ന് അറിയുകയാണെങ്കില്‍ ആ കുട്ടിയെ അബോര്‍ഷന്‍ ചെയ്തുകളയുന്ന പ്രവണത നമ്മുടെ നാട്ടിലുണ്ട്. ഇന്‍റര്‍സെക്സായി ജനിച്ചാല്‍ തന്നെ കുട്ടിയെ സര്‍ജറി ചെയ്യുന്ന സ്ഥിതിയുണ്ട്. ഈ സര്‍ജറി മൂലം ജീവിതകാലം മുഴുവന്‍ പ്രശ്നം നേരിടുന്ന ഇന്‍റര്‍സെക്സ് മനുഷ്യരുണ്ട്. ഇങ്ങനെ വളരെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ഒരു വിഭാഗമാണ് ഇന്‍റര്‍സെക്സ് സമൂഹം. ഇവര്‍ക്ക് കൃത്യമായ ഒരു സപ്പോര്‍ട്ട് മെക്കാനിസം ഇവിടെ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. ഇതില്‍ ഡോക്ടര്‍മാരുടെയും മാനസികാരോഗ്യ വിദഗ്ധരുടെയും അഭിഭാഷകരുടെയും സഹായം ആവശ്യമായിട്ടുണ്ട്. ഇങ്ങനെ ഒരു കൂട്ടം ആളുകള്‍ പരിശ്രമിച്ചാല്‍ മാത്രം ഉണ്ടാക്കിയെടുക്കാവുന്ന ഒരു സപ്പോര്‍ട്ട് സിസ്റ്റമാണ് ഇന്‍റര്‍സെക്സ് മനുഷ്യര്‍ക്ക് വേണ്ടത്.
ട്രാന്‍സ്ജെന്‍ഡര്‍ കവിയായ വിജയരാജമല്ലികയുടെ കവിതകള്‍ നിലനില്‍ക്കുന്ന ഭാഷ എത്രത്തോളം പരിമിതമാണെന്ന് വെളിപ്പെടുത്തുന്നുണ്ട്. പുതിയ പദങ്ങള്‍ കണ്ടെടുക്കുന്നതിന്‍റെയും പഴയ പദങ്ങളെ പുതിയ രീതിയില്‍ ഉപയോഗിക്കുന്നതിന്‍റെയുമൊക്കെ വലിയ ഒരു ചരിത്രം ക്വീര്‍ വ്യവഹാരങ്ങള്‍ക്കുള്ളിലുണ്ട്. ഇതിന്‍റെ തുടര്‍ച്ചയിലല്ലേ ചിഞ്ചു സ്വന്തം ഐഡന്‍റിറ്റിയെ വിശേഷിപ്പിക്കാന്‍ څമിശ്രലിംഗംچ എന്ന പുതിയ ഒരു പദം രൂപപ്പെടുത്തിയെടുക്കുന്നതിനെ വിശദീകരിക്കേണ്ടത്.
തീര്‍ച്ചയായും. ഒരുപാട് വര്‍ഷത്തെ സംസാരത്തിന്‍റെയും എഴുത്തിന്‍റെയും വായനയുടെയും ഫലമായാണ് څമിശ്രലിംഗംچ എന്ന വാക്ക് ഞാന്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. ഇന്‍റര്‍സെക്സ് എന്ന് ഉപയോഗിക്കുമ്പോള്‍ പലര്‍ക്കും അത് മനസ്സിലാകാത്ത അവസ്ഥയുണ്ട്. ഇന്‍റര്‍സെക്സ് എന്ന വാക്ക് ഒരു പുതിയ അനുഭവമാണ് ആളുകള്‍ക്ക് നല്‍ക്കുന്നത്. അപ്പോള്‍ അതിനെ കുറെക്കൂടി ലളിതമായി മലയാളീകരിക്കേണ്ടതുണ്ട്. മുമ്പ് ഉഭയലിംഗം എന്ന വാക്കാണ് ഇന്‍റര്‍സെക്സ് എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരുന്നത്. ഇത് പല ആശയക്കുഴപ്പങ്ങളുമുണ്ടാക്കുന്നുണ്ട്. സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുകയും ഈ ആശയത്തെ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു വാക്കാണ് വേണ്ടത്. എല്ലാ ഇന്‍റര്‍സെക്സ് വ്യക്തികളും മിശ്രലിംഗാവസ്ഥയില്‍ ജനിക്കുന്നവരാകണമെന്നില്ല. ഹോര്‍മോണല്‍ വ്യതിയാനവും ക്രോമസോം വ്യതിയാനവുമൊക്കെ ഇന്‍റര്‍സെക്സ് അവസ്ഥയ്ക്ക് കാരണമാകാം. എങ്കിലും ഇന്‍റര്‍സെക്സ് എന്നതിനെ കൃത്യമായി ഉള്‍ക്കൊള്ളുന്ന ഒരു മലയാളപദം മിശ്രലിംഗം എന്നതാണെന്നാണ് എനിക്ക് തോന്നുന്നത്. മല്ലിക ചേച്ചി പല സ്ഥലങ്ങളിലും ഈ പദം ഉപയോഗിക്കുകയും മിശ്രലിംഗക്കാരായ കുട്ടികള്‍ക്കു വേണ്ടി ഒരു താരാട്ടുപാട്ട് എഴുതുകയും ചെയ്തിരുന്നു. ഇതിലൂടെ ഈ പദം കൂടുതല്‍ ജനകീയമാകുകയാണ് ചെയ്യുന്നത്. പിന്നെ ഈ പദം ചില സ്വാതന്ത്ര്യമൊക്കെ നമുക്ക് അനുവദിച്ചുതരുന്നുണ്ട്. സ്വയം വിശദീകരിക്കാനും നിര്‍വചിക്കാനും സ്വന്തമായ ഒരു ഭാഷ രൂപപ്പെടുത്തിയെടുക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണല്ലോ.
കേരള ക്വീര്‍ പ്രൈഡിന്‍റെ സംഘാടക നിരയില്‍ ചിഞ്ചു സജീവമാണ്. 2010 ലാണ് കേരളം ആദ്യമായി ക്വീര്‍ പ്രൈഡ് ആഘോഷിച്ചത്. കോവിഡിന് മുന്നേ 2019 ല്‍ എറണാകുളത്ത് വച്ച് പ്രൈഡ് നടന്നു. ഈ ഒമ്പത് വര്‍ഷങ്ങളില്‍ ക്വീര്‍ പ്രൈഡിന്‍റെ സ്വഭാവത്തിലും ആളുകളുടെ മനോഭാവത്തിലും വന്ന മാറ്റങ്ങള്‍?
ക്വീര്‍ പ്രൈഡ് വളരെ സ്വതന്ത്രമായി നിലനില്‍ക്കുന്ന, സംഘടനാ സ്വഭാവമില്ലാത്ത ഒരു കൂട്ടമാണ്. പ്രൈഡിന്‍റെ സമയമാകുമ്പോള്‍ ഒരുപാട് ക്വീര്‍ ആളുകള്‍ ഒരുമിച്ചു വരുകയും കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുകയും ചെയ്യുന്ന രീതിയാണുള്ളത്. 2016 മുതലാണ് ഞാന്‍ ക്വീര്‍ പ്രൈഡില്‍ പങ്കെടുത്തു തുടങ്ങുന്നത്. പ്രൈഡ് വളരെ വലിയ ദൃശ്യതയാണ് ക്വീര്‍ മനുഷ്യര്‍ക്ക് നല്‍കിയത്. മുഖ്യധാര മാധ്യമങ്ങള്‍ക്ക് അവഗണിക്കാന്‍ പറ്റാത്ത വിധത്തില്‍ ഈ കൂട്ടങ്ങള്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. ആദ്യകാലങ്ങളില്‍ ക്വീര്‍ വ്യക്തികള്‍ മാസ്ക് ഉപയോഗിച്ച് മുഖം മറച്ചാണ് പ്രൈഡ് പരേഡുകളില്‍ പങ്കെടുത്തിരുന്നത്. 2019 ല്‍ പത്തു വര്‍ഷം പിന്നിടുമ്പോള്‍ ആത്മാഭിമാനത്തോടെ പ്രൈഡില്‍ പങ്കെടുക്കുന്ന ഒരുപാട് മനുഷ്യരെ നമുക്ക് കാണാന്‍ സാധിച്ചിട്ടുണ്ട്. പിന്നെ, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കിയെടുക്കാന്‍ നമുക്ക് പറ്റിയിട്ടുണ്ട്. ആദ്യ കാലങ്ങളില്‍ പ്രൈഡ് എല്ലാവരും ഒത്തുചേരുന്നു, റാലി നടത്തുന്നു, സന്തോഷിക്കുന്നു, പിരിയുന്നു എന്ന മട്ടിലായിരുന്നു. പിന്നീട്, സെമിനാറുകളും കവിയരങ്ങുമൊക്കെയായി ക്വീര്‍ പ്രൈഡ് വിപുലപ്പെടുന്നുണ്ട്. കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാനും ചര്‍ച്ചകളുടെ ഭാഗമാക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്. ഒരു ആഘോഷ പരിപാടി എന്നതില്‍ നിന്ന് മാറി ആളുകളെ ബോധവല്‍ക്കരിക്കുന്ന തരത്തില്‍, അക്കാദമിക്കായ ചര്‍ച്ചകളുണ്ടാക്കുന്ന തരത്തില്‍ കേരള ക്വീര്‍ പ്രൈഡ് മാറുന്നുണ്ട്. ഇതിനെ പ്രൈഡിന്‍റെ പൊതുസ്വഭാവത്തില്‍ വന്ന പ്രധാനപ്പെട്ട മാറ്റമായാണ് ഞാന്‍ കാണുന്നത്.
ഏതെങ്കിലും ഒരു ക്വീര്‍ പ്രൈഡ് ഓര്‍മ പങ്കുവയ്ക്കാമോ?
ഞാന്‍ എറണാകുളത്ത് പി. ജി ക്ക് പഠിക്കുമ്പോള്‍ തിരുവനന്തപുരത്ത് വച്ചാണ് ക്വീര്‍ പ്രൈഡ് നടക്കുന്നത്. അന്ന് പ്രൈഡില്‍ നേരിട്ട് പങ്കെടുക്കാനോ, തിരുവനന്തപുരം വരെ യാത്ര ചെയ്യാനോ ഉള്ള ധൈര്യമൊന്നും എനിക്കില്ലായിരുന്നു. തിരുവനന്തപുരത്ത് നടക്കുന്ന പ്രൈഡിനോട് അനുബന്ധിച്ച് കുറച്ച് ആളുകള്‍ എറണാകുളത്ത് റെയിന്‍ബോ വാക്ക് സംഘടിപ്പിച്ചിരുന്നു. ഞാന്‍ ആ പ്രോഗ്രാമില്‍ പങ്കെടുത്തിരുന്നു. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ എല്ലാവരും പോസ്റ്ററുകളൊക്കെ എഴുതുകയാണ്. അതില്‍ ഒരു പോസ്റ്റര്‍ എനിക്ക് വളരെ ഇഷ്ടമായി. ആണും പെണ്ണും പ്രേമിക്കുന്നത് പോലെ ആണും ആണും പെണ്ണും പെണ്ണും പ്രേമിക്കട്ടെ - അതും കൈയില്‍ പിടിച്ച് ഞാന്‍ തെരുവുകളിലൂടെ നടന്നു. ഈ ചിത്രം മാതൃഭൂമിയില്‍ അച്ചടിച്ചുവരികയും ഫേസ്ബുക്കിലൊക്കെ വൈറലാകുകയും ചെയ്തു. ഇത് കണ്ട് എന്‍റെ ക്ലാസ്സ് മേറ്റ്സ് എന്നെ കളിയാക്കുകയും എന്നെ മിസ് ജെന്‍ഡര്‍ ചെയ്ത് സംസാരിക്കുകയുമൊക്കെ ചെയ്തു. എന്‍റെ ആദ്യത്തെ പ്രൈഡ് ഓര്‍മ അതാണ്. അങ്ങനെ നേരിട്ട് പങ്കെടുക്കാത്ത ഒരു പ്രൈഡ് എന്നെ ജീവിതത്തില്‍ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ആ വര്‍ഷം തൊട്ട് ക്വീറായിരിക്കുന്നതിലുള്ള അഭിമാനം ഞാന്‍ അനുഭവിക്കുന്നുണ്ടായിരുന്നു.
ക്വീര്‍ വ്യവഹാരങ്ങള്‍ക്കുള്ളില്‍ ജാതിയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളുണ്ടാകുന്നുണ്ടോ?
ക്വീര്‍ രാഷ്ട്രീയത്തിനകത്ത് ജാതി കൃത്യമായി അഡ്രസ്സ് ചെയ്യാന്‍ പലപ്പോഴും സാധിക്കുന്നില്ല. നമ്മള്‍ څദളിത് ക്വീര്‍چ എന്ന് സ്വയം വിശേഷിപ്പിക്കുമ്പോള്‍ ڇഎന്തിനാണ് നീ ജാതി പറയുന്നത്ڈ എന്നാണ് ചിലര്‍ ചോദിക്കുന്നത്. കേരളത്തിന്‍റെ സാഹചര്യത്തിലെങ്കിലും ജാതി പ്രവര്‍ത്തിക്കുന്നത് വളരെ പരോക്ഷമായാണ്. നമ്മളെ ഒറ്റപ്പെടുത്തിയും നിറത്തിന്‍റെ പേരിലൊക്കെ കളിയാക്കിയും ഇതിനുള്ളില്‍ തന്നെ ജാതി വിവേചനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കുറച്ച് കാലം മുന്നേ വരെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ പേര് മാറ്റുമ്പോള്‍ ജാതി വാല്‍ ചേര്‍ക്കുന്ന പതിവുണ്ടായിരുന്നു. നമ്മളുടെ ഇടപെടല്‍ മൂലം ഈ പ്രവണത കുറഞ്ഞിട്ടുണ്ട്. ജാതിയെ പാടെ തൂത്തുകളയാന്‍ ഒന്നും പറ്റിയില്ലെങ്കിലും ജാതിവാല്‍ ചേര്‍ക്കുന്നതൊരു മോശം പരിപാടിയാണെന്ന് ആളുകള്‍ക്ക് മനസ്സിലായി തുടങ്ങിയിട്ടുണ്ട്. ഇതൊരു മാറ്റമായാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ജാതിയും ലൈംഗികതയും ലിംഗതന്മയുമൊക്കെ തമ്മിലുള്ള പരസ്പര ബന്ധങ്ങളെ തിരിച്ചറിയുന്ന വിധത്തില്‍ ഇന്‍റര്‍സെഷണലായ ഒരു കാഴ്ച ചിഞ്ചു രൂപപ്പെടുത്തിയെടുക്കുന്നത് എങ്ങനെയാണ്?
ഇന്‍റര്‍സെഷണലായ രാഷ്ട്രീയമാണ് പറയേണ്ടതെന്ന് ഞാന്‍ മനസ്സിലാക്കുന്നത് ഒരു ദളിതനായതിനാലാണ്, ഒരു ക്വീറായതിനാലാണ്. പുരുഷാധിപത്യത്തിന്‍റെ ചിന്താപദ്ധതികളുടെയും ബ്രാഹ്മണിക് മൂല്യങ്ങളുടെയും ഇരകളാണ് നമ്മളെന്ന് ഞാന്‍ തിരിച്ചറിയുന്നു. നമുക്ക് നേരിടേണ്ടത് ഈ ചിന്താധാരകളെയാണ്. എന്തിനെയാണോ നമ്മള്‍ നേരിടുന്നതെന്ന് മനസ്സിലാക്കിക്കഴിഞ്ഞാല്‍ ഇന്‍റര്‍സെഷണലായിരിക്കാനേ നമുക്ക് കഴിയൂ.
ഇന്ത്യന്‍ സാഹചര്യത്തില്‍ ഹിന്ദുത്വ വലതു പക്ഷത്തിന് വളരെ എളുപ്പത്തില്‍ ഏറ്റെടുക്കാവുന്ന മട്ടിലാണ് ക്വീര്‍ മുന്നേറ്റങ്ങളുടെ പോക്ക്. ഈ വിമര്‍ശനത്തോട് എങ്ങനെ പ്രതികരിക്കുന്നു?
ക്വീര്‍ രാഷ്ട്രീയത്തെ ഹിന്ദുത്വത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കേണ്ടത് ശ്രമകരമായ പണിയാണ്. അത് ചെയ്യേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തവുമാണ്. ഹിന്ദുത്വത്തോട് ചേര്‍ത്തുവച്ച് ഇതിനെ വായിക്കാന്‍ വളരെ എളുപ്പമുണ്ട്. അതായത്, ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം തന്നെ പല സംസ്ഥാനങ്ങളിലും വിശ്വാസത്തിന്‍റെ ഭാഗമായാണ് നിലനില്‍ക്കുന്നത്. ഇതുകൊണ്ടാണ് രാമായണം, മഹാഭാരതം പോലുള്ള ടെക്സ്റ്റുകളോട് ചേര്‍ത്തുകെട്ടി അമാനുഷികരായി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ സ്ഥാനപ്പെടുത്താന്‍ ശ്രമങ്ങളുണ്ടാകുന്നത്. ഇത് വളരെ വ്യാജമായ ഒരു സംഗതിയാണ്. ഹിന്ദുത്വയുടെ ഈ തന്ത്രങ്ങളില്‍ നിന്ന് ക്വീര്‍ രാഷ്ട്രീയത്തെ വേര്‍തിരിച്ചെടുക്കേണ്ടത് നമ്മള്‍ ദളിത് ക്വീര്‍-മുസ്ലീം ക്വീര്‍ മനുഷ്യര്‍ ഒരുമിച്ചിരുന്ന് ചെയ്യേണ്ട പണിയാണ്. പലപ്പോഴും നമ്മള്‍ വ്യക്തികളായാണ് നിലനില്‍ക്കുന്നത്. കൃത്യമായി സംഘടിച്ച് ഇതിന് നേരെ നമ്മള്‍ തിരിയേണ്ടതുണ്ട്. പല സംഘടനകളും ചെയ്യാന്‍ മടിക്കുന്ന പണിയാണ് ഇത്. ജാതിക്കെതിരെയും ഹിന്ദുത്വക്കെതിരെയും നിലപാടെടുക്കേണ്ടതിന് നമ്മള്‍ ഇനിയും സംഘടിക്കേണ്ടതുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.
നിലവില്‍ ചിഞ്ചു കാലടി സംസ്കൃത സര്‍വകലാശാലയില്‍ തീയറ്റര്‍ വിഭാഗം വിദ്യാര്‍ത്ഥിയാണ്. എങ്ങനെയാണ് ക്യാമ്പസ് അനുഭവം? ഒരു തീയറ്റര്‍ വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഏത് വിധത്തിലാണ് ക്വീര്‍ വിഷയങ്ങളില്‍ നമുക്ക് ഈ മാധ്യമത്തെ ഉപയോഗപ്പെടുത്താനാകുക?
~ഒരു യൂണിവേഴ്സിറ്റി അന്തരീക്ഷത്തിലാണ് ഞാന്‍ എന്‍റെ രണ്ടാമത്തെ പി. ജി ചെയ്തത്. തീയറ്റര്‍ പഠിക്കുമ്പോള്‍ ഞാന്‍ ഉദ്ദേശിച്ച കാര്യം ഒരു ദൃശ്യഭാഷ പഠിച്ചെടുക്കുകയെന്നുള്ളതാണ്. ഇതുവരെ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായ ഒരു ഭാഷ എനിക്ക് വേണ്ടിയിരുന്നു. പ്രസംഗിച്ചും മറ്റുമൊക്കെ മടുത്തു എനിക്ക്. അതില്‍ നിന്ന് വ്യത്യസ്തമായി കുറെക്കൂടി എളുപ്പത്തില്‍ ആളുകളോട് സംവദിക്കാവുന്ന ഒരു മാധ്യമമായാണ് ഞാന്‍ ഈ ദൃശ്യഭാഷയെ പരിഗണിക്കുന്നത്.
യൂണിവേഴ്സിറ്റി അന്തരീക്ഷം ഏറെക്കുറെ എനിക്ക് അനുകൂലമായിരുന്നു. പിന്നെ ഇപ്പോള്‍ പണ്ടത്തെ ഒരു സാഹചര്യമേയല്ലല്ലോ. നമ്മളുടെ കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളൊക്കെയും വളരെ മുന്നോട്ട് പോയിട്ടുണ്ട്. എന്‍റെ ചിന്തകളെ മനസ്സിലാക്കുന്ന കൂട്ടുകാരോടൊപ്പം പഠിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. മാത്രമല്ല, തീയറ്റര്‍ ഡിപ്പാര്‍ട്ടുമെന്‍റായതിനാലും ആദ്യമായി തീയറ്റര്‍ പഠിക്കാന്‍ വരുന്ന ഒരു ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥിയെന്ന നിലയിലും എനിക്ക് വളരെയധികം സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അവിടെ അതിജീവിക്കാന്‍ എനിക്ക് എളുപ്പമുണ്ടായിരുന്നു. കൂടുതല്‍ അറിയാനും പഠിക്കാനും തന്നെയാണ് ഈ കാലഘട്ടം ചെലവഴിച്ചത്.
ഭാവിപരിപാടികള്‍ എന്തെല്ലാമാണ്?
ഹയര്‍ സ്റ്റഡീസ് തന്നെയാണ് നോക്കുന്നത്. ജെ. ആര്‍. എഫ് എഴുതി വാങ്ങണം. പി. എച്ച്. ഡി ചെയ്യണമെന്നുണ്ട്. ക്വീര്‍ തീയറ്റര്‍ ഗവേഷണം ചെയ്യണമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. പ്രായോഗിക രാഷ്ട്രീയത്തില്‍ ഇടപെടണമെന്നുണ്ട്. വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് ഞാന്‍ പ്രതിനിധാനം ചെയ്യുന്ന കമ്യൂണിറ്റിക്ക് കുറെക്കൂടി ദൃശ്യതയുണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.
No comments:
Post a Comment