പരിസ്ഥിതി - കാസ്പിയന്‍ തടാകം ശോഷിക്കുന്നു...? -ഡോ. ഗോപകുമാര്‍ ചോലയില്‍

     ആഗോളതാപനത്തിന്‍റെയും കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും പശ്ചാത്തലത്തില്‍ ജലാശയങ്ങള്‍ വറ്റി വരളുന്ന പ്രവണത വര്‍ധിച്ചു വരികയാണ്. ഭാവിയില്‍ ഏതു ഭൂഖണ്ഡത്തിലും സംഭവിക്കാവുന്നതിന്‍റെ നേര്‍ ചിത്രമാണ് ഇന്ന് നാം കാസ്പിയന്‍ തടാകത്തില്‍ ദര്‍ശിക്കുന്നത്. ഇത് നിരന്തരം ചര്‍ച്ച ചെയ്യപ്പെടുന്നതും ആണ്. ജലദൗര്‍ലഭ്യം സൃഷ്ടിക്കാവുന്ന വിപത്തുകള്‍ എടുത്തു പറയേണ്ടതില്ല. കേപ് ടൗണില്‍ വെള്ളത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതും ജനങ്ങള്‍ പൈപ്പിന്‍ ചുവട്ടില്‍ ക്യൂ നില്‍ക്കുന്നതും നാം കണ്ടു. ജല അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങി. ജല ധാരാളിത്തം ശീലിച്ച ജനങ്ങള്‍ക്ക് വെള്ളത്തിന് റേഷന്‍ ഏര്‍പ്പെടുത്തിയതോടെ തിരിച്ചറിവിന്‍റെ ഒരു പുതിയ ലോകം വെളിപ്പെട്ടു. ഒരു തുള്ളി വെള്ളത്തിന്‍റെ വില എന്താണെന്ന് ചുരുങ്ങിയ പക്ഷം അവരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടാവണം. ഉമ്യ ദലൃീ യിലേക്ക് ജനങ്ങള്‍ തയ്യാറാകാന്‍ ഭരണകൂടം നിര്‍ദേശവും നല്‍കി... ഈ കാഴ്ചകളും വാര്‍ത്തകളും നമ്മുടെ കണ്ണ് തുറപ്പിച്ചില്ലെങ്കില്‍ ഒന്ന് പറയാനില്ല. ഇന്ത്യയിലെ ബാംഗ്ലൂര്‍ ഉള്‍പ്പെടെയുള്ള മഹാനഗരങ്ങളിലും അത്തരം സാഹചര്യങ്ങള്‍ നാളെ വന്നെത്താം. ഉള്‍നാടന്‍ ജലാശയങ്ങള്‍ ധാരാളമുള്ള സംസ്ഥാനത്ത് അടിക്കടി അനുഭവപ്പെടുന്ന മഴക്കുറവും, വര്‍ധിച്ച തോതിലുള്ള താപനവും നമ്മുടെ കാലാവസ്ഥയില്‍ സ്ഥായിയായ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. വേനല്‍ കടുത്താല്‍ സംസ്ഥാനത്തിന്‍റെ പലയിടങ്ങളിലും അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം ദശകങ്ങളായി നാം അനുഭവിക്കുന്നുണ്ട്. നമ്മുടെ ഉള്‍നാടന്‍ ജലാശയങ്ങള്‍ മിക്കവയും വേനലില്‍ മെലിഞ്ഞ് ശോഷിക്കുന്ന കാഴ്ചയും പതിവാണല്ലോ. സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകവും ഇപ്പോള്‍ തന്നെ പലവിധ ഭീഷണികള്‍ നേരിടുന്ന സാഹചര്യം നിലനില്‍ക്കുന്നു. കാലാവസ്ഥാവ്യതിയാന - ആഗോളതാപന പശ്ചാത്തലത്തില്‍ ലോകത്തിലെ ഏറ്റവും വലിയ തടാകമായ കാസ്പിയന്‍ തടാകത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന ശോഷണം പരിശോധിക്കുകയാണ് ലേഖനത്തില്‍. ഒപ്പം കേരളത്തിലെ സാഹചര്യങ്ങളില്‍, ആഗോള താപന പശ്ചാത്തലത്തില്‍ സംഭവിക്കാവുന്ന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടുന്നു.

     ലോകത്തിലെ ഏറ്റവും വലിയ തടാകമായ കാസ്പിയന്‍ തടാകം ശോഷണം അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. താപനാധിഷ്ഠിത കാലാവസ്ഥാവ്യതിയാനം മൂലം സൃഷ്ടിക്കപ്പെടാനിടയുളള വന്‍ ജലപ്രതിസന്ധിയിലേക്കാണിത് നയിക്കുക. കാസ്പിയന്‍ കടലിലെ ജലനിരപ്പ് താഴുന്നതിനോടനുബന്ധമായി ഉള്‍നാടന്‍ തടാകങ്ങള്‍ വറ്റിവരളുന്ന അവസ്ഥയുണ്ടാവുകയും തന്മൂലം ഏറ്റവും ചുരുങ്ങിയത് അഞ്ച് ഏഷ്യന്‍ രാഷ്ട്രങ്ങളിലെങ്കിലും ജലദൗര്‍ലഭ്യം നേരിടേണ്ടി വരികയും ചെയ്യാനിടയുണ്ട്. പുതിയ പഠനങ്ങള്‍ പ്രകാരം, കാസ്പിയന്‍ കടലിലെ ജലനിരപ്പ് പ്രതിവര്‍ഷം ഏതാനും സെന്‍റിമീറ്ററുകളോളം താഴ്ന്നുകൊണ്ടിരിക്കയാണ്. താപനം കൂടുന്ന അവസ്ഥയില്‍ ജലനിരപ്പ് കുറയുന്നതിന്‍റെ വേഗതയും തോതും കൂടുവാനാണ് സാധ്യത. ഈ നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍, ഏതാനും സെന്‍റിമീറ്ററുകള്‍ എന്ന നിലവിട്ട് ഇപ്പോഴുമുള്ളതിനേക്കാള്‍ ഒന്‍പത് മീറ്ററോളം ജലനിരപ്പ് താഴ്ന്നേക്കാം. ഇത് ഒരുപക്ഷെ, ഏകദേശം 18 മീറ്ററോളം താഴാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

     കാലാവസ്ഥാവ്യതിയാന കാലഘട്ടത്തില്‍ ഹിമസാമ്രാജ്യങ്ങള്‍ ഉരുകി സമുദ്രജലനിരപ്പ് ഉയര്‍ന്ന് തീരദേശങ്ങളെയും ദ്വീപുകളെയും നാമാവശേഷമാക്കുന്ന പ്രക്രിയ ഒരു വശത്ത് നടക്കുമ്പോഴാണ് തികച്ചും വിരുദ്ധപ്രകൃതമുള്ള - അതായത് ജലാശയങ്ങളിലെ ജലനിരപ്പ് താഴ്ന്ന് ക്രമേണ വറ്റി വരളുന്ന പ്രക്രിയ മറുവശത്ത് നടക്കുന്നത്. വേനല്‍ക്കാലത്ത് വ്യാപക ബാഷ്പീകരണം മൂലം വന്‍തോതില്‍ ജലനഷ്ടം ഉണ്ടാകുന്നു. എന്നാല്‍, ഈ ജലനഷ്ടം പരിഹരിക്കുവാന്‍ ആവശ്യമായ തോതിലുള്ള മഴയോ ഹിമരൂപീകരണമോ ലഭിക്കുന്നതുമില്ല. ഇക്കാരണം മൂലം 3,71,000 ചതുരശ്ര കിലോമീറ്റര്‍ വരുന്ന കാസ്പിയന്‍ തടാക വിസ്തൃതി അതിദ്രുതം കുറയാനിടവന്നിരിക്കുന്നു ധഇീാാൗിശരമശേീിെ ഋമൃവേ മിറ ഋി്ശൃീിാലിേ 1, അൃശേരഹല ിൗായലൃ: 69 (2020)പ. അസര്‍ബൈജാന്‍, റഷ്യ, ഇറാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, കസാഖിസ്ഥാന്‍ തുടങ്ങി കാസ്പിയന്‍ തടാകത്തിന്‍റെ അതിരുകളായി നിലകൊള്ളുന്ന രാജ്യങ്ങളിലെ ഭൂപ്രദേശങ്ങള്‍ തല്‍ഫലമായി തടാകത്തിലെ താഴ്ന്നുകൊണ്ടിരിക്കുന്ന ജലനിരപ്പിനെ അപേക്ഷിച്ച് വളരെ ഉയര്‍ന്ന മേഖലകളായി വര്‍ത്തിക്കുന്ന സ്ഥിതി സംജാതമായിരിക്കുന്നു. തടാകത്തിലെ ജലനിരപ്പ് താഴുന്നതോടൊപ്പം ഈ ഭൂവിഭാഗങ്ങളിലെ അനുബന്ധ ഭൂഗര്‍ഭ ജലനിരപ്പും താഴാനിടയാവുകയും ഇത്തരം പ്രദേശങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം സൃഷ്ടിക്കുകയും ചെയ്യുന്നു. കാസ്പിയന്‍ തടാകത്തില്‍ സംഭവിക്കുന്നത് ഒറ്റപ്പെട്ട സംഗതിയല്ല. ഇതരഭൂഖണ്ഡങ്ങളിലെ പൂര്‍ണമായും കരപ്രദേശങ്ങളാല്‍ ചുറ്റപ്പെട്ട ഏതൊരു ജലാശയത്തിനും സംഭവിക്കാവുന്നതാണ് ഇക്കാര്യം. അത്തരം പ്രദേശങ്ങളില്‍ ആഗോളതാപനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഗൗരവപൂര്‍ണമായ പഠനങ്ങള്‍ നടത്തേണ്ടത് ആവശ്യമാണ്. എന്നാല്‍, കാസ്പിയന്‍ തടാകത്തിലേതു പോലുള്ള ജലനഷ്ടവും ജലാശയശോഷണവും ആദ്യത്തേതല്ല. ലവണാംശമുള്ള ജലമാണെങ്കില്‍ പോലും, വ്യവസായം, കൃഷി, ജനആവാസ കേന്ദ്രങ്ങള്‍ എന്നിവ ഏറ്റവും അധികം ആശ്രയിക്കുന്ന ലോകത്തെ ഏറ്റവും വലിയ ആവൃത (ഹമിറ ഹീരസലറ) ജലാശയമാണ് കാസ്പിയന്‍ തടാകം.

     വംശനാശം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന څകാസ്പിയന്‍ സീല്‍چ അടക്കമുള്ള വളരെ വിപുലമായ ജീവി ഇനങ്ങളുടെ ആവാസ സ്ഥാനം കൂടിയാണ് കാസ്പിയന്‍ തടാകം. ശൈത്യകാലത്ത് രൂപം കൊള്ളുന്ന ഹിമപാളികളെയാണ് ഈ വിഭാഗം ജീവികള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ പോറ്റിവളര്‍ത്തുവാന്‍ ആശ്രയിക്കുന്നത്. തടാകത്തിലെ ആഴം കുറഞ്ഞ ഇടങ്ങളില്‍ ദേശാടനപക്ഷികള്‍ക്കുള്ള ആഹാരം ലഭ്യമാണ്. മാത്രമല്ല, കടല്‍ക്കൂരിയെന്ന, വംശനാശത്തിനടിപ്പെട്ടുകൊണ്ടിരിക്കുന്ന മത്സ്യ ഇനങ്ങള്‍ ഉള്‍പ്പെടെ ധാരാളം മത്സ്യങ്ങള്‍ മുട്ടയിട്ട് വംശവര്‍ധന നടത്തുന്ന ഇടങ്ങള്‍ കൂടിയാണ് ആഴം കുറഞ്ഞ തടാക മേഖലകള്‍. കാസ്പിയന്‍ തടാകത്തിന്‍റെ പ്രധാന ജലസ്രോതസ്സ് വോള്‍ഗാ നദിയാണ്. തടാകത്തിന് യാതൊരു വിധത്തിലുള്ള സമുദ്രബന്ധവും ഇല്ല. തന്മൂലം, ജലസമ്പത്ത് ബാഷ്പീകരണം, മഴ, പുഴയില്‍ നിന്നൊഴുകിയെത്തുന്ന ജലത്തിന്‍റെ തോത് എന്നിവയെ ആശ്രയിച്ച് നിലകൊള്ളുന്നു. താപന കാലഘട്ടത്തില്‍ ബാഷ്പീകരണത്തോത് വര്‍ധനവിന്‍റെ ദിശയിലുമാണ്; മഴയുടെ ലഭ്യതയിലാകട്ടെ, കുറവിനുള്ള പ്രവണതയാണു മുന്നിട്ട് നില്‍ക്കുന്നത്. നിലവിലെ താപന സാഹചര്യങ്ങളില്‍, ജല ലഭ്യത നന്നേ കുറഞ്ഞ, പ്രകൃത്യാ തന്നെ വരണ്ട അര്‍ദ്ധ-നിരാര്‍ദ്ര (ലൊശമൃശറ) പ്രദേശങ്ങളാകട്ടെ, കൂടുതല്‍ നിരാര്‍ദ്ര സ്വഭാവം കൈവരിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു.

     എന്നാല്‍, ഇത്തരം അവസ്ഥാവിശേഷങ്ങള്‍ കാസ്പിയന്‍ തടാകത്തെ അതിജീവിച്ച് കഴിയുന്ന ജീവിവിഭാഗങ്ങളുടെ മാത്രം വെല്ലുവിളികള്‍ അല്ല. മറിച്ച്, ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ തടാകങ്ങളെ ആശ്രയിച്ച് കഴിയുന്ന മനുഷ്യനടക്കമുള്ള ലക്ഷോപലക്ഷം ജീവികളുടെ കൂടി പ്രശ്നമാണ്. മഞ്ഞുരുകി സമുദ്രനിരപ്പ് ഉയരുമ്പോള്‍ എപ്രകാരമാണോ വലിയൊരു വിഭാഗം പ്രശ്നബാധിതരാവുന്നത്, അപ്രകാരം തന്നെയുള്ള മാനം കൈവരിക്കുകയാണ് ജലനഷ്ടം വഴി തടാകങ്ങള്‍ ശോഷണം അഭിമുഖീകരിക്കുമ്പോഴും. സമുദ്രനിരപ്പ് ഉയരുന്ന അവസ്ഥയെയാണ് തീരദേശ രാഷ്ട്രങ്ങള്‍ ഭയക്കുന്നത്. എന്നാല്‍, കാസ്പിയന്‍ കടലിനെ സംബന്ധിച്ചിടത്തോളം ഇതിന് തികച്ചും വിരുദ്ധസ്വഭാവമുള്ള ഒരു പ്രശ്നത്തെയാണ് ഈ തടാകത്തെ ഉപജീവിച്ച് അധിവസിക്കുന്ന ജനവിഭാഗങ്ങള്‍ നേരിടേണ്ടിവരുന്നത്; അതായത്, തടാകത്തിലെ ജലനിരപ്പില്‍ വന്‍തോതിലുണ്ടാകുന്ന കുറവ്. ഭൂവിഭാഗങ്ങളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ലവണത്വമേറിയ ഒരു തടാകമാണ് യഥാര്‍ത്ഥത്തില്‍ കാസ്പിയന്‍ കടല്‍. വിസ്തൃതിയില്‍ ലോകത്തിലെ ഏറ്റവും വലിപ്പമേറിയ തടാകം ഓരോ വര്‍ഷവും ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. 1990 കള്‍ മുതല്‍ ഓരോ വര്‍ഷവും ജലനിരപ്പ് ഏതാനും സെന്‍റിമീറ്റര്‍ വച്ച് താഴ്ന്നുകൊണ്ടിരിക്കുന്നു. വരുന്ന ദശകങ്ങളില്‍ ജലനിരപ്പ് താഴുന്നതിന്‍റെ വേഗത വര്‍ധിക്കുവാനാണ് സാധ്യത എന്നും വിലയിരുത്തപ്പെടുന്നു.

     ഉത്തരസമുദ്രത്തിലെ (ചീൃവേ ടലമ) ജലനിരപ്പില്‍ ഉണ്ടാകാനിടയുള്ള രണ്ടോ മൂന്നോ മീറ്റര്‍ താഴ്ച പോലും റോട്ടര്‍ഡാം, ഹംബര്‍ഗ്, ലണ്ടന്‍ എന്നീ തുറമുഖങ്ങളിലേക്കുള്ള പ്രവേശനം വൈഷമ്യത്തിലാക്കാന്‍ ഇടയുണ്ട്. മത്സ്യബന്ധന ബോട്ടുകള്‍ മാത്രമല്ല, വലിയ ജലയാനങ്ങള്‍ വരെ ഒരുപോലെ ഈ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരും. എന്നാല്‍, കാസ്പിയന്‍ സമുദ്രനിരപ്പില്‍ ഉണ്ടാകാനിടയുള്ള താഴ്ച ചുരുങ്ങിയത് 9 മീറ്ററും കൂടുതല്‍ താപനാധിക്യമുള്ള സാഹചര്യങ്ങളില്‍ 18 മീറ്റര്‍ വരെയും ആണ് പ്രവചിക്കപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തില്‍ കാസ്പിയന്‍ കടലിന്‍റെ ഉപരിതല വിസ്തൃതി മൂന്നിലൊന്ന് കണ്ട് ചുരുങ്ങാനിടയുണ്ട്. ആവാസവ്യൂഹശോഷണം, കാസ്പിയന്‍ സമുദ്ര മേഖലയില്‍ മാത്രം കാണപ്പെടുന്ന ജീവിവര്‍ഗങ്ങളുടെ നിലനില്‍പ് എന്നീ പ്രശ്നങ്ങളോടൊപ്പം കാസ്പിയന്‍ സമുദ്രജലനിരപ്പിന്‍റെ ശോഷണത്തിന് ഒരു രാഷ്ട്രീയമാനം കൂടി ഇപ്പോള്‍ കൈവരിക്കുന്നു. അതായത്, തടാകത്തിലെ ജലശേഖരത്തിന്‍റെ ഉപഭോക്താക്കളായ അസര്‍ബൈജാന്‍, റഷ്യ, ഇറാന്‍, തുര്‍ക്മെനിസ്ഥാന്‍, കസാഖിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങള്‍ തമ്മില്‍ ജലഉപഭോഗം, മത്സ്യബന്ധനാവകാശം എന്നിവ സംബന്ധിച്ച് പുതിയ ഉടമ്പടികള്‍ ഉണ്ടാക്കേണ്ടി വരും. ഐക്യരാഷ്ട്രസംഘടനയുടെ പരിസ്ഥിതി വിഭാഗത്തിന്‍റെ (ഡചഋജ) നിയന്ത്രണത്തിലുള്ള ഒരു അന്താരാഷ്ട്ര വിദഗ്ധ സമിതി വഴി ഇക്കാര്യം പഠിക്കുകയും പ്രശ്നങ്ങള്‍ക്ക് ഒരു സമവായം ഉണ്ടാക്കുകയും ചെയ്യണമെന്ന് ശാസ്ത്രലോകം നിര്‍ദ്ദേശിക്കുന്നു.

     കാലാവസ്ഥാവ്യതിയാനത്തിന്‍റെ പരിണതഫലമെന്നോണം ഉള്‍നാടന്‍ തടാകങ്ങള്‍, ഇതരജലാശയങ്ങള്‍ എന്നിവയിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഇതുമൂലം ജനജീവിതം, ജൈവവൈവിധ്യം, രാജ്യാന്തര നയസ്ഥിരത എന്നീ ഘടകങ്ങള്‍ക്ക് നേരിടേണ്ടിവരാവുന്ന പ്രതിസന്ധികള്‍ കണക്കിലെടുത്ത് ജനങ്ങളില്‍ ബോധവല്‍ക്കരണം സൃഷ്ടിക്കുവാനുള്ള നടപടിക്രമങ്ങള്‍ അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ട്. ഇന്‍റര്‍ ഗവണ്‍മെന്‍റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (കജഇഇ) ന്‍റെ വിവരങ്ങള്‍ അടിസ്ഥാനമാക്കി താപനം മൂലം കടല്‍നിരപ്പ് ഉയരുന്ന അവസ്ഥയോട് താദാത്മ്യം പ്രാപിക്കുവാന്‍ ധാരാളം രാഷ്ട്രങ്ങള്‍ മുന്‍കൈയെടുത്ത് വരുന്നു. എന്നാല്‍, ഇതിന് വിപരീതമായി, താപനം മൂലം ജലാശയങ്ങള്‍, തടാകങ്ങള്‍ എന്നിവയിലെ ജലനിരപ്പ് താഴുമ്പോഴുണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ക്ക് വളരെ കുറഞ്ഞ ശ്രദ്ധയും പ്രതികരണങ്ങളും മാത്രമെ ലഭിക്കുന്നുള്ളൂ. അന്തരീക്ഷതാപം ഏറുന്നതു മൂലം കരയിലും ജലാശയങ്ങളിലും ബാഷ്പീകരണ തോതില്‍ ക്രമാതീതമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഈ പ്രക്രിയ മൂലം തടാകങ്ങളുടെ ജലനിരപ്പ് താഴുന്നതിനും അവയുടെ വിസ്തീര്‍ണത്തില്‍ കുറവ് വരുന്നതിനും ഇടയായിട്ടുണ്ട്. കൂടാതെ, മഴയിലുണ്ടാവുന്ന ഗണ്യമായ കുറവ് ഈ അവസ്ഥയ്ക്ക് തീക്ഷ്ണതയേറ്റുന്നു. പരിപൂര്‍ണമായും കരയാല്‍ ചുറ്റപ്പെട്ട തടാകങ്ങളാണ് കാലാവസ്ഥാവ്യതിയാനം മൂലം ഇത്തരത്തിലുള്ള മാറ്റങ്ങള്‍ക്ക് കൂടുതലായും വിധേയമാകുന്നത്. മഴലഭ്യത, തടാകത്തിലേക്ക് ഒഴുകിയെത്തുന്ന ജലത്തോത്, ബാഷ്പീകരണം എന്നിവ തമ്മിലുള്ള സന്തുലനമാണ് ഇത്തരം തടാകങ്ങളിലെ ജലനിരപ്പ് നിശ്ചയിക്കുന്നത്. ജലാശയങ്ങളെ അപേക്ഷിച്ച്, കരപ്രദേശങ്ങളില്‍ കാലാവസ്ഥാ പ്രകൃതങ്ങള്‍ക്കനുസൃതമായി ജലലഭ്യത കുറയുമ്പോള്‍ അത് ڇശുദ്ധജലദൗര്‍ലഭ്യംڈ എന്ന സുപ്രധാന പ്രശ്നമായാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍, തടാകങ്ങള്‍ പോലുള്ള ആവൃത ജലാശയങ്ങള്‍ ശോഷിക്കപ്പെടുമ്പോള്‍ അത് ലക്ഷോപലക്ഷം ജനങ്ങളുടെ ഉപജീവനത്തെ തന്നെ വഴിമുട്ടിക്കുന്ന തരത്തിലുള്ള ദൂരവ്യാപക ഫലങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാകുന്നു. ഇതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ് ഇപ്പോള്‍ കാസ്പിയന്‍ തടാകത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

     എന്നാല്‍, പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്ന അന്താരാഷ്ട്ര ഗവേഷണ സമിതികള്‍ പോലും ഉള്‍നാടന്‍ തടാകങ്ങളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് താഴ്ന്ന വിഷയത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കിയിട്ടില്ല. തടാകങ്ങളുടെ ജലനിരപ്പില്‍ ഉണ്ടാകുന്ന ശോഷണം സൃഷ്ടിക്കുന്ന പാരിസ്ഥിതിക-സാമ്പത്തിക-രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് വ്യാപക സ്വഭാവമാണുള്ളത്. വോള്‍ഗാ നദീമുഖം, റംസാര്‍ തണ്ണീര്‍ത്തടങ്ങള്‍ തുടങ്ങി കാസ്പിയന്‍ തടാകമേഖലയില്‍ നിലവില്‍ സംരക്ഷിത വിഭാഗത്തില്‍പ്പെടുത്തിയിട്ടുള്ള മേഖലകള്‍ കാലക്രമേണ തിരിച്ചറിയാനാവാത്തവിധം മാറിപ്പോയേക്കാം. ഈ മേഖലകളില്‍ നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങള്‍, പോഷകവസ്തുക്കള്‍ എന്നിവയുടെ ആധിക്യം തടാകത്തിന്‍റെ അടിത്തട്ടിന്‍റെ സ്വാഭാവിക പ്രകൃതം ഇല്ലാതാക്കും. ചൂടേറുന്ന അവസ്ഥയില്‍ പോഷകസാന്നിധ്യം മൂലം തടാകമേഖലയില്‍ ഉണ്ടാകുന്ന ഉയര്‍ന്ന ഉത്പാദനത്തോത് ജലത്തിലെ ഓക്സിജന്‍ ലഭ്യതയില്‍ ഗണ്യമായ കുറവ് സൃഷ്ടിക്കും. ഒരു ആവാസ വ്യവസ്ഥയെയും അതിജീവിക്കാനനുവദിക്കാത്ത നിര്‍ജീവമേഖലകളുടെ വ്യാപക രൂപീകരണം തടാകത്തിലെ ആഴം കുറഞ്ഞ ഇടങ്ങളിലെയും, ആഴം കൂടിയ ഇടങ്ങളിലെയും അതിപ്രധാന ജൈവവൈവിധ്യ മേഖലകളെ പ്രതികൂലമായി ബാധിക്കാം. കാസ്പിയന്‍ തടാകമേഖലയിലെ ജലശോഷണം പരമാവധി കുറച്ചു കൊണ്ടു വരുവാനുള്ള പരിശ്രമങ്ങള്‍ വഴി മേഖലയിലെ ആവാസവ്യവസ്ഥകളും തനത് കാസ്പിയന്‍ ജൈവസമ്പന്നതയും തിരിച്ചുകൊണ്ടുവരാനാവുമെന്ന് പ്രതീക്ഷിക്കാം.

     ആവൃത ജലാശയങ്ങള്‍ (ഘമിറ ഹീരസലറ ംമലേൃ യീറശലെ) ആയ തടാകങ്ങളുടെ ജലനിരപ്പില്‍ ഭാവിയിലെ കാലാവസ്ഥാ പ്രേരിതസാഹചര്യങ്ങള്‍ വരുത്താനിടയുള്ള വ്യതിയാനങ്ങളെക്കുറിച്ച് ആഗോളതലത്തില്‍ തന്നെ ഒരു ബോധവല്‍ക്കരണ പ്രചാരണത്തിന് തുടക്കം കുറിക്കേണ്ടതുണ്ട്. കജഇഇ (ഇന്‍റര്‍ ഗവണ്‍മെന്‍റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്) റിപ്പോര്‍ട്ടുകള്‍, ജൈവവൈവിധ്യം, ആവാസ വ്യൂഹങ്ങള്‍ എന്നിവ സംബന്ധിച്ച നിരീക്ഷണ പഠനങ്ങള്‍ തുടങ്ങിയവ തയ്യാറാക്കുമ്പോള്‍ ഇക്കാര്യത്തിന് ചെറുതല്ലാത്ത പരിഗണന നല്‍കേണ്ടതുണ്ട്. തടാകങ്ങളുടെ ജലനിരപ്പില്‍ ലോകമാകമാനം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ശോഷണത്തെ അടിസ്ഥാനമാക്കി അതുമൂലമുണ്ടായേക്കാവുന്ന ദുര്‍ഘടങ്ങള്‍, ബാധിതമേഖലകള്‍ എന്നിവ വിലയിരുത്തുവാന്‍  കൂട്ടായ ശാസ്ത്രപദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുമുണ്ട്. ഇക്കാര്യത്തില്‍ അനുകൂല തന്ത്രങ്ങള്‍, ലഘൂകരണ മാര്‍ഗങ്ങള്‍ എന്നിവ വികസിപ്പിക്കുവാനും ഏകോപിപ്പിക്കുവാനും വേണ്ടി സുസജ്ജമായ ഒരു ആഗോള കാര്യനിര്‍വാഹക സംഘം രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്. ഐക്യരാഷ്ട്രസംഘടനയുടെ പരിസ്ഥിതി വിഭാഗത്തിന്‍ കീഴില്‍ വര്‍ത്തിക്കുന്ന ണഅടജ (ണീൃഹറ അറമുമേശേീി ടരശലിരല ജൃീഴൃമാാല) തുടങ്ങിയ പദ്ധതികളുടെ സഹായവും ഈ കാര്യനിര്‍വഹണസംഘത്തിന് പ്രാപ്യമായിരിക്കണം.

     ആഗോളതാപന സാഹചര്യങ്ങളില്‍ അതികഠിനമായ ജലശോഷണത്തെ നേരിട്ടുകൊണ്ടിരിക്കുന്ന കാസ്പിയന്‍ തടാകം കേരളത്തിലോ ഭാരതത്തിലോ അല്ല. കേരളീയരെ സംബന്ധിച്ചിടത്തോളം ഏഷ്യന്‍ ഭൂഖണ്ഡത്തിലെ അതിവിദൂര പ്രദേശങ്ങളിലെങ്ങോ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിലെ ജലശോഷണം ഒരുപക്ഷെ കേരളീയരുടെ ഒരു പ്രശ്നമേ അല്ലായിരിക്കാം. എന്നാല്‍, നിരവധി ഉള്‍നാടന്‍ തടാകങ്ങളും ജലാശയങ്ങളുമുള്ള കേരളം ഇതേ പ്രശ്നം തന്നെ ഭാവിയില്‍ അഭിമുഖീകരിക്കേണ്ടി വന്നാല്‍ അതില്‍ അത്ഭുതമില്ല. കാലാവസ്ഥാവ്യതിയാനത്തിന്‍റെ മുഖമുദ്രകളായ താപാധിക്യം, മഴക്കുറവ്, ബാഷ്പീകരണതോതിലുള്ള വര്‍ദ്ധനവ് എന്നീ ഘടകങ്ങള്‍ കേരളത്തിലെ ജലാശയങ്ങളുടെ കാര്യത്തിലും നിര്‍ണായകമാകാം. മഴ തെല്ലൊന്ന് മാറി നിന്നാല്‍ വറ്റിവരണ്ട് മണല്‍പ്പരപ്പ് മാത്രമാവുന്ന കേരളത്തിലെ വലിയ നദികളിലൊന്നായ ഭാരതപ്പുഴ തന്നെ പ്രത്യക്ഷ ഉദാഹരണം. കരയാല്‍ ചുറ്റപ്പെട്ട തടാകങ്ങളുടെ ജലപോഷണം നിര്‍വഹിക്കുന്നത് മഴക്ക് പുറമെ അവയിലേക്കെത്തിച്ചേരുന്ന നദികളാണ്. എന്നാല്‍, മഴ വേണ്ടത്ര ലഭിക്കാത്ത സാഹചര്യങ്ങളില്‍ സ്വാഭാവികമായും നദികള്‍ വറ്റിവരണ്ട് ഇത്തരം തടാകങ്ങളില്‍ ജലം എത്തിച്ചേരാനാവാത്ത അവസ്ഥ വരുന്നു. ഉള്‍നാടന്‍ ജലാശയങ്ങളെ ആശ്രയിച്ച് കാര്‍ഷിക-കാര്‍ഷികേതര ഉപജീവനമാര്‍ഗങ്ങള്‍ നിര്‍വഹിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ കേരളത്തിലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ തടാകമായ കാസ്പിയന്‍ തടാകത്തിന് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുര്‍ഗതി കേരളത്തിലെ, ഭാരതത്തിലെ, ലോകത്തിലെ ഏതൊരു തടാകത്തിലും സംഭവിക്കാവുന്നതേയുള്ളു. അണക്കെട്ടുകളില്‍ സംഭരിച്ച് സൂക്ഷിക്കപ്പെട്ടിട്ടുള്ള ജലം, വൈദ്യുതി ആവശ്യങ്ങള്‍ക്ക് മാത്രമല്ല ഉപയോഗിക്കപ്പെടുന്നത്. ലക്ഷോപലക്ഷം ജനങ്ങള്‍ക്ക് ആവശ്യഘട്ടങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതും അണക്കെട്ടുകളിലെ സംഭരിത ജലത്തില്‍ നിന്നാണ്. നദികള്‍ വറ്റിവരളുകയും തടാകങ്ങള്‍ക്ക് ജലപരിപോഷണം ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ സ്വാഭാവികമായും അണക്കെട്ടുകളും ജല ദാരിദ്ര്യം നേരിടേണ്ടി വരുന്നു. ഇക്കാര്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് വേണം ആഗോളതാപനം ലോകത്തെവിടെയും സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ നോക്കിക്കാണേണ്ടത്. അതുകൊണ്ട് നമ്മള്‍ ഓരോരുത്തരും താപനം ലഘൂകരിക്കുന്നതില്‍ ശാസ്ത്രലോകം നല്‍കുന്ന മുന്നറിയിപ്പുകളുടെയും നിര്‍ദ്ദേശങ്ങളുടെയും വക്താക്കളും പ്രയോക്താക്കളും ആകുക എന്നതാണ് നമുക്ക് ചെയ്യാനാവുന്ന ഏറ്റവും ലളിതമായ പോംവഴി.
(ഡോ. ഗോപകുമാര്‍ ചോലയില്‍ - ലേഖകന്‍ കേരള കാര്‍ഷിക സര്‍വകലാശാല, കാലാവസ്ഥ വ്യതിയാന പരിസ്ഥിതിശാസ്ത്ര കോളെജിലെ സയന്‍റിഫിക് ഓഫീസറും കാലാവസ്ഥ കോളമിസ്റ്റുമാണ്.)

Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts