എത്ര ദൈര്‍ഘ്യത്തില്‍ കുരുക്കുമ്പോഴും
മുറിക്കപ്പുറത്തേക്ക് പിടച്ചിലിന്‍റെ
നിഴലുപോലും ചെല്ലുന്നില്ല.
ക്ലോക്കിന്‍റെ സെക്കന്‍റ് സൂചിയില്‍
കുരുങ്ങി ശ്വാസം വലിഞ്ഞു മുറുകുന്നുണ്ട്.
മണിക്കൂറുകള്‍ക്കു ശേഷം
മുറി ഒരു രഹസ്യ സൂക്ഷിപ്പുകാരനും
ഉടല്‍ വലിയ രഹസ്യവുമാകുന്നു.
മിനുട്ടുകള്‍ കഴിഞ്ഞാല്‍
സൂചിമിടിപ്പിനും
വിരലില്‍ നിന്നുറ്റിയ മൂത്രത്തിനും
ഒരേ സ്വരമാകും.
അപ്പോള്‍ പതിയെ
നിലത്തു കിടത്താം.
ഇടയ്ക്ക് കയറി വന്ന പൂച്ച
പിടച്ചില്‍ കണ്ട് ഭയന്നോടിയിട്ടുണ്ടാകും.
സ്റ്റേഡിയത്തില്‍ കളി കാണുന്നാവേശത്തോടെ
ഒരു പല്ലി നോക്കി നില്‍പ്പുണ്ട്.
എട്ടുകാലി ഏകാഗ്രമായ നെയ്ത്തിലാണ്.
സമയത്തിനെത്താന്‍ കഴിയാത്ത
വ്യഗ്രതയില്‍
മണിക്കൂറും ഓട്ടത്തിലാണ്.
നിങ്ങള്‍ക്ക് തോന്നുന്നില്ലേ...,
മേഘമിരുണ്ട്
കാറ്റു നിലച്ച്
ഇലകള്‍ പൊഴിഞ്ഞ്
ഭൂമി നിശ്ശബ്ദമായി...
ഒന്നും സംഭവിച്ചിട്ടില്ല.
എല്ലാം സാധാരണ പോലെ തന്നെ.
മരണത്തിലസാധ്യമായി ഒന്നും
തന്നെയില്ല.
ചിലപ്പോള്‍,
പൂച്ച തിരികെ വന്ന്
അതിന്‍റെ ഉടമയെ ഭേദിച്ച്
എച്ചില്‍പാത്രം തിരഞ്ഞു പോകും.
ശ്വാസമതിന്‍റെ ഗതിയെ
ഉടലില്‍ നിന്ന് തിരിച്ചിറക്കും.
പതിവിലും വിപരീതമായി
അടഞ്ഞ വാതില്‍കണ്ട്
ഒരു കള്ളനെങ്കിലും എത്തി
നോക്കാതിരിക്കില്ല.
അവസാനത്തെ തുള്ളിയും
ഇറ്റി വീഴും മുമ്പേ
ക്ലോക്ക് അതിന്‍റെ സമയത്തെ
നിശ്ചലമാക്കി.
തൊട്ടു മുന്നേയുള്ള സെക്കന്‍റില്‍
മരിച്ച
കോടാനുകോടി ജീവജാലങ്ങള്‍
അതിന്‍റെ അക്കങ്ങളില്‍
സ്ഥാനം പിടിച്ചിരുന്നു.
മരണത്തിനപ്പുറവും
ഇങ്ങനൊക്കെത്തന്നെയാണ്.
അല്ലെങ്കിലും മരണമത്ര സംഭവമൊന്നുമല്ല.
ജീവിക്കുമ്പോള്‍ മരണം പോലെ
സാധ്യമായ മറ്റേതു തോന്നലാണുണ്ടായത്.
No comments:
Post a Comment