ജ്ഞാനപീഠം അലിഞ്ഞു തീരുമ്പോഴത്തെ മിന്നല്‍പ്പിണരുകള്‍ പി. രാമന്‍


     അക്കിത്തം പല തരത്തില്‍പെട്ട കവിതകള്‍ രചിച്ചിട്ടുണ്ട്. തനിക്കു ബോധ്യമുള്ള ചില ആശയങ്ങള്‍ പ്രത്യക്ഷമായിത്തന്നെ അവതരിപ്പിക്കുന്ന തരം കവിതകള്‍ക്കാണ് പൊതു സ്വീകാര്യത കൂടുതല്‍ കിട്ടിയിട്ടുള്ളത്. അത്തരം കവിതകളുടെ പേരിലാണ് അദ്ദേഹം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും വിമര്‍ശിക്കപ്പെട്ടതും. څഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസംچ ഈ വിഭാഗത്തില്‍ പെടുന്ന ഒരു കവിതയാണ്. അതുപോലെ, ഫ്യൂഡല്‍ കാലത്തു നിന്ന് പുതു ജനാധിപത്യ കാലത്തേക്കെത്തുമ്പോഴുള്ള ആകുലതകള്‍ ആവിഷ്കരിക്കുന്ന കവിതകളുടെ ഒരു ഗണവുമുണ്ട്. ഉദാഹരണത്തിന് څഡോലിچ എന്ന ചെറു കവിത നോക്കുക. മനയ്ക്കല്‍ പണ്ടൊരു ഡോലിയുണ്ടായിരുന്നു. ആഢ്യത്വത്തിന്‍റെ ചിഹ്നം. കാലം മാറിയിട്ടും ഭൂമി പോയിട്ടും മന പൊളിച്ചു ചെറുവീടാക്കിയിട്ടും ഇന്നും ഡോലി അവിടെത്തന്നെയുണ്ട്. ബന്ദുദിവസം രോഗം മൂര്‍ച്ഛിക്കുമ്പോള്‍ രോഗിയെ എടുത്തുകൊണ്ടുപോകാന്‍ അതു പ്രയോജനപ്പെട്ടേക്കും.
     എന്നാല്‍ ഈ രണ്ടു വിഭാഗം കവിതകളുടെ പേരിലല്ല ഞാന്‍ അക്കിത്തത്തെ ആദരിക്കുന്നത്. ആലോചിച്ചുറപ്പിക്കാതെ, ബോധോദയത്തിന്‍റെ മിന്നല്‍പ്പിണരുകള്‍ പ്രപഞ്ചത്തെ മുഴുവന്‍ വെളിച്ചത്തിലാറാടിക്കുന്ന ഒരു കൂട്ടം കവിതകള്‍ ഈ കവിയ്ക്കുണ്ട്. മുന്‍ നിശ്ചയങ്ങളെ അട്ടിമറിയ്ക്കുന്ന വെളിപാടുകളാണവ. തന്നെക്കുറിച്ചുള്ള ധാരണകളാണ് മുന്‍ നിശ്ചയങ്ങളുടെ അടിസ്ഥാനം. തന്നെ മറക്കുന്നിടത്തു നിന്നാണ് അതട്ടിമറിഞ്ഞു തുടങ്ങുന്നത്. ആ തുടക്കത്തെപ്പറ്റി കവി ഇങ്ങനെ എഴുതുന്നു.
ڇഇന്നലെപ്പാതിരാവില്‍ ചിന്നിയ പൂനിലാവില്‍
എന്നെയും മറന്നു ഞാനലിഞ്ഞു നില്‍ക്കേڈ
(പരമ ദുഃഖം)
     സ്വയം മറക്കുന്നതോടെ മാത്രം അലിയാന്‍ തുടങ്ങുന്ന കടുപ്പമാണ് മനുഷ്യ സ്വത്വം എന്ന് അക്കിത്തം ഓര്‍മിപ്പിക്കുന്നു. ഈ അലിയല്‍ ബോധമനസ്സ് മുന്‍ നിശ്ചയിച്ച അലിവോ നിരുപാധികമാം സ്നേഹമോ അല്ല. അങ്ങനെ അലിഞ്ഞു നില്‍ക്കേ അനുഭവിക്കുന്ന അകാരണമായ പരമ ദുഃഖത്തില്‍ താനും പ്രപഞ്ചവും ലയിച്ചുചേരുന്നു. അലിഞ്ഞു തീരലില്‍ നിന്നാരംഭിക്കുന്ന അകാരണമായ നിലവിളിയുടെ ആനന്ദമാണ് അക്കിത്തത്തിന്‍റെ മികച്ച കവിതകള്‍ എന്നെ അനുഭവിപ്പിക്കുന്നത്. അലിഞ്ഞില്ലാതാകലിന്‍റെ ഈ അഴക് മനുഷ്യന്‍റെ തുച്ഛതയുടെ അഴകായി കവി തിരിച്ചറിയുന്നുണ്ട്. തുച്ഛതയുടെ സൗന്ദര്യവും അതിലൂടെത്തിച്ചേരാവുന്ന ആനന്ദശൃംഗവും അക്കിത്തത്തിന്‍റെ പ്രധാന പ്രമേയമാണ്.
ڇവജ്രം തുളച്ചിരിക്കുന്ന
രത്നങ്ങള്‍ക്കുള്ളിലൂടവേ
കടന്നു പോന്നൂ ഭാഗ്യത്താല്‍
വെറും നൂലായിരുന്നു ഞാന്‍ڈ
     എന്ന വിനയം കേവല വിനയമോ നയമോ അല്ല, മറിച്ച് കാളിദാസ കവിതയുടെ സൗന്ദര്യത്തില്‍ അലിഞ്ഞു തീരുന്നിടത്തെ സ്വന്തം തുച്ഛതയുടെ സൂചകമാണ്.
     തുച്ഛതയുടെ സൗന്ദര്യം അത്യുജ്ജ്വലമായി ആവിഷ്കരിച്ച ഒരു കവിതയാണ് ആണ്ടമുള പൊട്ടല്‍. ഓണക്കാലത്ത് കുന്നുംപുറത്തു കളിക്കേ കൂട്ടുകാര്‍ പാടിയ ഒരു തമാശപ്പാട്ടില്‍ ഗൗരവത്തോടെ കുടുങ്ങിപ്പോയ കുട്ടിയാണ് ഇതിലെ കഥാപാത്രം. ആണ്ടമുളയുടെ മോളില്‍ കേറി തറ്റത്ത് ആവണപ്പലക ഇട്ടിരുന്ന്  ഉള്ളം കൈയില്‍ കട്ടുറുമ്പിനെ ഇറുക്കിപ്പിടിച്ച് തെക്കോട്ടു നോക്കിയാല്‍ പാതാളത്തില്‍ നിന്നും മഹാബലി വരുന്ന കാഴ്ച കാണാം എന്നു കളിയായിപ്പാടുന്ന ഒരു പാട്ടാണത്. അതില്‍ വീണുപോയ കുട്ടി കൂട്ടുകാരൊഴിഞ്ഞ നേരത്ത് കുന്നിന്‍മോളിലെ മുളങ്കാട്ടില്‍ ഒറ്റയ്ക്കു വലിഞ്ഞുകേറുകയാണ്. പാതാളത്തില്‍ നിന്നു കേറി വരുന്ന മഹാബലിയെ കാണലാണു ലക്ഷ്യം. മഹാബലിയെ കാണാതെ, പട്ടിലിന്‍ മുള്ളു തട്ടി മുറിഞ്ഞു ചോരയൊലിപ്പിച്ചു വരുന്ന കുട്ടിയെ കൂട്ടുകാരെല്ലാം കളിയാക്കി. അപമാനിതനായി വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയെ മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. അമ്മ പോലും ചോദിക്കുന്നു, ആരോട് തമ്മില്‍ തല്ലുകൂടിയാണ് വന്നത് എന്ന്. എന്നാല്‍ അന്നു മനസ്സിലുറച്ച ലക്ഷ്യം മുതിര്‍ന്നിട്ടും വിട്ടുപോയില്ല. മഹാബലിയെ കാണണം. നാടും നഗരവും ചുറ്റി പല പല ജീവിതാനുഭവങ്ങളിലൂടലഞ്ഞു വിയര്‍ത്ത അവന്‍റെ വേര്‍പ്പാറ്റാന്‍ ഇളകി മറിയുന്ന പുസ്തകത്താളുകള്‍ക്കും കഴിഞ്ഞില്ല. ലക്ഷ്യത്തിലെത്തിയേ ആ ദാഹമടങ്ങൂ. ഒടുവില്‍ അതടങ്ങി. അവന്‍ നേരില്‍ കാണുക തന്നെ ചെയ്തു, മഹാബലിയെ. അദ്ദേഹം പറഞ്ഞു, ഞാന്‍ വരുന്നതു മറ്റെവിടെ നിന്നുമല്ല, നിന്‍റെയുള്ളില്‍ നിന്നു തന്നെ. ഇപ്പോള്‍, ആ പഴയ കുട്ടിക്ക് ഒരൊറ്റ ആഗ്രഹമേയുള്ളൂ. കുന്നിന്‍ പുറത്തു കളിച്ചു നടന്ന ആ പഴയ കൂട്ടുകാരെ ഒന്നു കാണണം. ഞാന്‍ മഹാബലിയെ കണ്ടു എന്നു വീമ്പിളക്കാനല്ല. വെറുതെ ഒന്നു സ്നേഹത്തോടെ കെട്ടിപ്പുണരാന്‍. ഹേ ഭൂമി, നിന്ദനീയമായി ഒന്നും നിന്നില്‍ ഇല്ല എന്ന വിവേകത്തിന്‍റെ തെളിച്ചത്തില്‍ അലിഞ്ഞില്ലാതായവന്‍റെ സ്നേഹമാണ് പഴയ കൂട്ടുകാരെ മുകരാന്‍ ഓടിയണയുന്നത്. ഒരസംബന്ധഗാനത്തിന്‍റെ തുച്ഛതയുടെ അഴകില്‍ നിന്ന് മനുഷ്യന്‍റെ തന്നെ തുച്ഛതയുടെ അഴകിലേക്കുള്ള അലിഞ്ഞു തീരലാകുന്നു ഇക്കവിതയുടെ മഹത്വം.
     ഒരു പാട്ടാണ് പെട്ടെന്ന് എല്ലാം ആളിക്കത്തിച്ചത്. പൊടുന്നനെ ഉണര്‍ന്ന ഒരു ജിജ്ഞാസയാണ് കുഞ്ഞന്‍ ഉണ്ണിയെ ഡ്രൈവര്‍ക്കുളന്തൈയാക്കിയത്. റെയില്‍വേ സ്റ്റേഷന്‍ കാണാന്‍ വന്ന ഉണ്ണി തീവണ്ടിയെഞ്ചിനില്‍ കേറി സ്റ്റാര്‍ട്ടാക്കിയങ്ങു പോകയാണ്. (څഡ്രൈവര്‍ കുളന്തൈچ) അറുപതു കൊല്ലമായി അറിയാതെ പോയ, മുക്കൂറ്റിപ്പൂവിന് അഞ്ചിതളുണ്ടെന്ന ലളിത സത്യം ഇതാ ഇപ്പൊഴാണറിഞ്ഞത്. (څഅടുത്തൂണ്‍چ). ഇങ്ങനെ അലിയാന്‍, അറിയാന്‍, തിരിച്ചറിയാന്‍ നിമിത്തമാകുന്ന ഒരു ഞൊടി നേരത്തിന്‍റെ മിന്നല്‍ പ്രഭ നിത്യജീവിതാനുഭവങ്ങളുടെ പച്ചച്ച പ്രതലത്തില്‍ നിന്നുമാണ് ആളിയുയരുന്നത്.
     പെട്ടെന്നു കേട്ട ചോദ്യങ്ങളും പെട്ടെന്നു പറയുന്ന മറുപടികളും പെട്ടെന്നുള്ള തോന്നിച്ചകളും തള്ളിയെത്തിക്കുന്ന ഔന്നത്യങ്ങള്‍ അക്കിത്തം കവിതയില്‍ ധാരാളം. കുട്ടിക്കാലത്ത് ഉച്ചനേരങ്ങളില്‍ വീട്ടില്‍ വന്നിരുന്ന മണ്‍പാത്രക്കച്ചവടക്കാരന്‍ കച്ചവടം കഴിഞ്ഞു കൊട്ട തലയില്‍ വച്ചു പോകാന്‍ നേരത്ത് കുട്ടിയോടു പറയുന്ന ഒരു മറുപടിയുണ്ട് څആനച്ചിറകില്‍چ എന്ന കവിതയില്‍.
ചിറകുള്ളൊരു കൊമ്പനാനയു-
ണ്ടിക്കുറി കൈയില്‍, തരുവാന്‍ മറന്നു പോയി.
ചരടിട്ടൊരു ചാടി, ലീമനക്കല്‍
ചുരമാന്തട്ടെ, വരാമടുത്ത മാസം.
     ഭാവനയുടെ പ്രലോഭനം കുട്ടിക്കു വാഗ്ദാനം ചെയ്താണ് അയാള്‍ കൊട്ടയുമേന്തി പോകുന്നത്. കളിവാക്കെല്ലാം കാര്യമായെടുക്കുന്നവനാണ് അക്കിത്തം കവിതയിലെ കുട്ടി. ആ കാര്യഗൗരവത്തില്‍ പെട്ട് ഒലിച്ചുപോകുന്നവനുമാണ്.
     څആനച്ചിറകില്‍چ എന്ന കവിത ഇവിടെ അവസാനിക്കുകയാണെങ്കിലും ചിറകുള്ള കൊമ്പന്‍റെ പിറകെ കുട്ടിയുടെ ഭാവന കുതിക്കുക തന്നെ ചെയ്യും. ഇവിടെ കുട്ടിയോടാണു കലാകാരന്‍ ഇങ്ങനെ പറയുന്നതെങ്കില്‍, څതൊള്ളേക്കണ്ണന്‍چ എന്ന കവിതയില്‍ വര്‍ണാലങ്കാരച്ചുമടേറ്റി കണ്ണും മുഖവും മൂടി ചിലമ്പണിക്കാലടി വച്ചു വരുന്ന പൂതന്‍ ഒന്നേ രണ്ടേ മൂന്നേ നാലേ അഞ്ചേ ആറേ ഏഴേ എന്നെണ്ണിയിരിക്കുന്ന വൃദ്ധനോടാണു പൊടുന്നനെ പറയുന്നത്:
കൊറ്റിനു വേണ്ടിച്ചുറ്റി നടപ്പൂ
ഞാനൊരു തൊള്ളേക്കണ്ണന്‍
     പെട്ടെന്നു കേട്ട ആ തൊള്ളേക്കണ്ണന്‍ എന്ന വാക്കിന്‍റെ പിന്നാലെ പോവുകയാണ് പൂതന്‍റെ പിറകേ കുട്ടിയെന്നതു പോലെ പെട്ടെന്നു ചിന്താധീനനായിപ്പോയ കവിതയിലെ വൃദ്ധനും കവിതയ്ക്കു പുറത്തുള്ള വായനക്കാരനും. മൂക്കിന്‍തുമ്പിലിപ്പോഴും തങ്ങി നില്‍ക്കുന്ന ഒരു സൗരഭ്യത്തിന്‍റെ ഓര്‍മ, വീടുവീടാന്തരം ആ സൗരഭ്യം കൊണ്ടു നടന്നു വിറ്റു ജീവിച്ച ഒരു മനുഷ്യനിലേക്കു നീളുന്നു.
അവന്‍റെ വിധിയൊത്തവനെങ്ങിപ്പോള്‍
അലഞ്ഞു തിരിയുവതാവോ?
മായുന്നില്ലീ വായുവില്‍ നിന്നാ
മാദക മോഹനനൃത്തം. (څസൗരഭ സ്മരണچ).
     വേനലിന്‍റെ കാഠിന്യത്തില്‍ ഉഷ്ണം താങ്ങാനാവാതെ നില്‍ക്കുന്ന കവുങ്ങുകള്‍ക്കു വെള്ളം തേകുമ്പോള്‍ ചൂടിളം കാറ്റില്‍ പൊഴിഞ്ഞു വീണ പഴുക്കടയ്ക്ക ഉള്ളം കൈയിലെടുക്കെ, അതു പറയുകയായി:
അന്തിത്തുടുപ്പിലാച്ചെമ്പവിഴക്കട്ട-
യന്തരാത്മാവിനോടോതി:
നിര്‍ത്തരുതുണ്ണീ, മുറുക്കു നീ, നിര്‍ത്തിയാല്‍
ദഗ്ദ്ധമായ്ത്തീരുമെന്‍ വംശം
     ഒരു ജീവ വംശത്തിന്‍റെ നിലനില്‍പ്പു മുഴുവന്‍ മുറുക്കുക എന്ന ക്രിയയിലേക്ക് പൊടുന്നനെ സംഗ്രഹിച്ചു വച്ച വാക്കുകളുടെ മിന്നലില്‍ തിളങ്ങുന്ന മാനങ്ങളാണ് ഇക്കവിത വായനക്കാരിലേക്കു നീട്ടി നീട്ടി ബാക്കി നിര്‍ത്തുന്നത്. (څപഴുക്ക പറഞ്ഞത്چ).
     ഇടശ്ശേരിക്കെന്നതു പോലെ അക്കിത്തത്തിനുമുണ്ട് څഅന്തിത്തിരിچ എന്നൊരു കവിത. സന്ധ്യയായിട്ടും മുല്ലത്തറയില്‍ അന്തിത്തിരി വയ്ക്കാതെ പൂവിറുത്തു നില്‍ക്കുന്ന തങ്കമ്മയാണ് ഇതിലെ കഥാപാത്രം. മുത്തശ്ശി വഴക്കു തുടങ്ങിയിട്ടുണ്ട്. ഇനി എത്ര മണിക്കൂര്‍ ശകാരവും ഉപദേശവും കേള്‍ക്കേണ്ടി വരുമെന്നു ബേജാറായി, കൈയില്‍ അപ്പോള്‍ കോര്‍ത്ത മുല്ലമാലയുമായി ഇറയത്തു കേറുന്ന തങ്കമ്മ നേരെ ചെന്നുപെടുന്നത് മുത്തശ്ശിയുടെ മുന്നില്‍. ശകാരിക്കാന്‍ വന്ന മുത്തശ്ശിയെ, അപ്പോള്‍ വിരിഞ്ഞ മുല്ലപ്പൂക്കളുടെ സുഗന്ധത്തണുപ്പ് പെട്ടെന്നു കീഴടക്കുകയാണ്.
നിശ്ശബ്ദതയില്‍ കത്തും പരിമള-
നിര്‍ഭര ദിവ്യമുഹൂര്‍ത്തത്തെ
നാസ വിടര്‍ത്തിപ്പാനം ചെയ്താ
ഭാസുര ഹൃദയം വിടരുമ്പോള്‍
പെട്ടെന്നെന്നെ ശ്ശീതളമാം ര-
ണ്ടസ്ഥികള്‍ തന്‍ വിറ പുല്‍കുന്നു.
     ആത്മാവിന്‍റെ വാട്ടമകറ്റുന്ന ഈ മണം എന്നും നിലനില്‍ക്കാനാണ് അന്തിത്തിരി വയ്ക്കുന്നത് എന്നു പ്രസാദിക്കുകയാണ് പെട്ടെന്നു മുത്തശ്ശി. ആ പെണ്‍കുട്ടി ഒട്ടും പ്രതീക്ഷിക്കാത്ത മറുപടി. അവളുടെ കൈയിലെ മുല്ലപ്പൂന്തണുപ്പ് മുത്തശ്ശിയെ കീഴടക്കുക തന്നെ ചെയ്തു. ആ മറുപടി കേള്‍ക്കേ അവളുടെ മനസ്സിലുദിച്ച മിന്നല്‍പ്പിണരുകൊണ്ട് അന്തിത്തിരി വച്ചാണ് ഈ കവിത അവസാനിക്കുന്നത്. കണ്‍മിഴിക്കുന്ന നൈമിഷികയുടെ ഇത്തിരിപ്പൂക്കളില്‍ നിന്ന് പെട്ടെന്നുയരുന്ന കുളിര്‍ മിന്നല്‍പ്പിണരുകള്‍ കാണിച്ചുതരുന്ന പ്രപഞ്ച ദര്‍ശനമാണ് എന്നെ സംബന്ധിച്ചിടത്തോളം അക്കിത്തം കവിതയുടെ കാതല്‍.

Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts