2016 ല്‍ കേരളത്തില്‍ അധികാരമേറ്റ ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന് ശുചിത്വ കേരളം ആയിരുന്നു. 2012-2016 കാലഘട്ടത്തില്‍ കേരളത്തിലങ്ങോളമിങ്ങോളം മാലിന്യ സംസ്കരണ കേന്ദ്രങ്ങളെ ചൊല്ലിയുള്ള ബഹുജന പ്രക്ഷോഭവും അതേ സമയം കേരളത്തിലെമ്പാടും പരിഹരിക്കപ്പെടാതെ കിടന്ന മാലിന്യ പ്രശ്നങ്ങളും അതേ തുടര്‍ന്നുണ്ടായ പകര്‍ച്ചവ്യാധികളുടെ വ്യാപ്തിയും ഭരണകൂടം തിരിച്ചറിയുകയും പാര്‍ട്ടിയുടെ സംവിധാനങ്ങളില്‍ നടത്തപ്പെട്ട അക്കഡമിക്കും അല്ലാതെയുമായി നടത്തപ്പെട്ട വേദികളിലൊക്കെയും ഈ പ്രശ്നങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും ചെയ്യുകയുണ്ടായി. തിരുവനന്തപുരം നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രമായ വിളപ്പില്‍ശാല പ്ലാന്‍റ് കേരളത്തിലെമ്പാടും ശ്രദ്ധ പിടിച്ചുപറ്റിയ സമരമായി വളരുകയും ഒടുവില്‍ അടച്ചുപൂട്ടപ്പെടുകയും ചെയ്തത് ഈ കാലയളവിലാണ്.
കാസര്‍ഗോഡ് ജില്ലയിലെ പീലിക്കോട് പഞ്ചായത്തില്‍ തുടക്കം കുറിക്കപ്പെട്ട വികേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതിയുടെ അനുഭവങ്ങളും ആലപ്പുഴ ചുനക്കര ഗ്രാമ പഞ്ചായത്തിലെ സമാന പരീക്ഷണങ്ങളും കേരളത്തിലങ്ങോളമിങ്ങോളം ചെറുതും വലുതുമായ മാലിന്യ സംസ്കരണ പരീക്ഷണങ്ങളും ശ്രമങ്ങളുമൊക്കെ ഗൗരവത്തോടെ പുനഃപരിശോധിക്കാനും ഭരണകേന്ദ്രങ്ങള്‍ തയ്യാറായി. അതിന്‍റെ തുടര്‍ച്ചയെന്നോണം ആലപ്പുഴ നഗരത്തെ മാലിന്യ മുക്തമാക്കാനുള്ള ജനകീയ ഇടപെടലും തുടര്‍ന്നുണ്ടായ വലിയ മാറ്റവും കേരളത്തിലെ മാലിന്യ സംസ്കരണ പദ്ധതികളുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറി. വികേന്ദ്രീകൃത മാലിന്യ സംസ്കരണവും മാലിന്യങ്ങളുടെ തരം തിരിച്ചുള്ള ശേഖരണവും ഗ്രീന്‍ പ്രോട്ടോക്കോളുമൊക്കെ മാലിന്യങ്ങളാല്‍ വിഴുങ്ങപ്പെട്ട ആലപ്പുഴ നഗരത്തെ വളരെ പെട്ടെന്ന് മാറ്റിയെടുക്കുകയും അത് ലോകശ്രദ്ധ നേടുകയും ചെയ്തു.
ശുചിത്വം ആരോഗ്യം എന്ന വിഷയത്തെ ആസ്പദമാക്കി സി. പി. എം ആലപ്പുഴയില്‍ വച്ചു നടത്തിയ സംസ്ഥാനതല ശില്‍പശാലയില്‍ സി. പി. എമ്മിന്‍റെ ദേശീയ തലം തൊട്ട് പ്രാദേശിക തലം വരെയുള്ള പ്രതിനിധികളും ഇടതുപക്ഷത്തിന്‍റെ എല്ലാ തലങ്ങളിലുമുള്ള ജനപ്രതിനിധികളുടെ പ്രതിനിധികളും ആദ്യന്തം പങ്കെടുക്കുകയും ചെയ്തത് തന്നെ ഈ വിഷയത്തിന്‍റെ പ്രാധാന്യം വെളിവാക്കുന്നതായിരുന്നു. തുടര്‍ന്ന് ആലപ്പുഴ മാതൃക പൊതുവില്‍ അംഗീകരിക്കപ്പെടുകയും അത് കേരളത്തിലെ ഏറ്റവും വലിയ നഗരമായ തിരുവനന്തപുരത്ത് നടപ്പിലാക്കാനും തീരുമാനിക്കുകയും ചെയ്തു.
സര്‍ക്കാരിന്‍റെ നവകേരള മിഷനിലെ പ്രധാനപ്പെട്ട ഒരു ദൗത്യമായിരുന്നു ഹരിത കേരള മിഷന്‍. വെള്ളം, വൃത്തി, വിളവ് എന്ന മുദ്രാവാക്യവുമായി ഹരിതകേരള മിഷന്‍ നിലവില്‍ വന്നു. ജല സംരക്ഷണം, മാലിന്യ സംസ്കരണം, ജൈവകൃഷി എന്നീ മൂന്നു കാര്യങ്ങളെ പരസ്പരം ബന്ധപ്പെടുത്തി കേരളത്തിലങ്ങോളമിങ്ങോളം പദ്ധതികളാവിഷ്കരിച്ച് നടപ്പിലാക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ സഹായിക്കാനും പദ്ധതികളുടെ സംസ്ഥാനതല വകുപ്പുതല ഏകോപനത്തിനുമായാണ് ഹരിത കേരള മിഷന്‍ രൂപീകരിച്ചത്.
2014 ല്‍ ആലപ്പുഴ മാതൃക തിരുവനന്തപുരത്തേക്ക് പകര്‍ത്തുന്ന സമയത്ത് പുതിയ സംവിധാനങ്ങളും സാങ്കേതിക വിദ്യകളും പരീക്ഷിക്കപ്പെട്ടു. ഉറവിട മാലിന്യ സംസ്കരണം, നഗരങ്ങളിലെ അടുക്കളത്തോട്ടം, മാലിന്യ സംസ്കരണത്തിന് സേവനദാതാക്കള്‍, വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഗ്രീന്‍ ആര്‍മി, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ അളവു കുറയ്ക്കുന്നതിനുള്ള ഗ്രീന്‍ പ്രോട്ടോക്കോള്‍ തുടങ്ങിയവ അങ്ങനെ ചിലതായിരുന്നു. തിരുവനന്തപുരം നഗരത്തിന്‍റെ ഈ പരീക്ഷണാനുഭവങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടാണ്. കേരളത്തിലെ സവിശേഷ സാഹചര്യങ്ങള്‍ക്കിണങ്ങുന്ന ഉറവിട മാലിന്യ സംസ്കരണവും വികേന്ദ്രീകൃത മാലിന്യ പരിപാലനവും എന്ന നയത്തിലധിഷ്ഠിതമായി ഹരിത കേരള മിഷന്‍ സംസ്ഥാനത്തെ മാലിന്യ സംസ്കരണ പദ്ധതികള്‍ക്കാവശ്യമായ പരിശീലന പരിപാടികളും, പ്രചാരണ പരിപാടികളും സംഘടനാ സംവിധാനങ്ങളും പിന്തുണാ സംവിധാനങ്ങളും സംഘടിപ്പിക്കാന്‍ തുടങ്ങിയത്. ഇന്ത്യയിലെന്നല്ല ലോകത്ത് തന്നെ ആദ്യത്തെ സംഭവമായിരുന്നു ഹരിതകേരള മിഷന്‍ മുന്നോട്ടു വച്ച കാഴ്ചപ്പാടുകളും തന്ത്രങ്ങളും പ്രവര്‍ത്തന പദ്ധതിയും.
എന്നാല്‍ തുടക്കത്തിലേ തന്നെ പ്രശ്നങ്ങള്‍ തുടങ്ങി. ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും മേലെ അധികാരവും നിയന്ത്രണവും ലക്ഷ്യമിട്ട കേരളത്തിലെ ഉന്നത ഐ. എ. എസ് ഉദ്യോഗസ്ഥര്‍ ഹരിത കേരള മിഷന്‍റെയും കേരള ശുചിത്വ മിഷന്‍റെയും പ്രവര്‍ത്തനങ്ങള്‍ക്ക് ആവും വിധം തടസ്സങ്ങള്‍ സൃഷ്ടിച്ചു. സമയത്തിന് ഉത്തരവുകള്‍ പാസാക്കാതെയും ഫണ്ട് അനുവദിക്കാതെയും മിഷന്‍ പ്രവര്‍ത്തകരെ ഉന്നതതല യോഗങ്ങളില്‍ അധിക്ഷേപിച്ച് മനോവീര്യം കളഞ്ഞും ഒക്കെ അനാവശ്യമായി പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. കേരളം കണ്ട മഹാ പ്രളയത്തിലുണ്ടായ മാലിന്യങ്ങള്‍ സമയബന്ധിതമായി ശേഖരിച്ച് സംസ്കരിക്കാന്‍ സംവിധാനമുണ്ടാക്കുന്നതില്‍ ഹരിതകേരള മിഷനും കേരള ശുചിത്വ മിഷനും വഹിച്ച നേതൃത്വം വളരെ വലുതാണ്. രണ്ടു മഹാ പ്രളയത്തിനു ശേഷവും വലിയ പകര്‍ച്ച വ്യാധികളൊന്നും കേരളത്തെ തൊടാതിരുന്നതു തന്നെ ആ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതയ്ക്ക് തെളിവാണ്. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ സര്‍ക്കാരിലെ ഉന്നതോദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല.
വികേന്ദ്രീകൃത മാലിന്യ സംസ്കരണവും ഉറവിട മാലിന്യ സംസ്കരണവും ഗ്രീന്‍ പ്രോട്ടോക്കോളുമൊന്നും ആധുനിക മാലിന്യ സംസ്കരണ പദ്ധതികളല്ലെന്നും അവ പ്രായോഗികമല്ലെന്നുമുള്ള വാദങ്ങള്‍ നിരത്തിയും അവയൊക്കെയും വലിയ പരാജയമാകുമെന്ന ഭീതി പരത്തിയും ജനകീയമായി ചര്‍ച്ച ചെയ്തുണ്ടാക്കിയ പദ്ധതികളും സര്‍ക്കാര്‍ നയങ്ങളും തന്നിഷ്ടത്തിനു പൊളിച്ചെഴുതാനും അവര്‍ക്കായി. ഉറവിട മാലിന്യ സംസ്കരണവും വികേന്ദ്രീകൃത മാലിന്യ സംസ്കരണവും എന്ന ആശയത്തിന് പകരം കേരളത്തില്‍ കേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതികളും പ്രത്യേകിച്ച് മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം ഉണ്ടാക്കുന്ന പദ്ധതികളുമാണ് കേരളത്തിന് വേണ്ടതെന്ന ആശയം പ്രചരിപ്പിക്കാന്‍ ശ്രമം നടന്നു. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്ന ഖരമാലിന്യ പരിപാലന നയത്തിനകത്ത് കേന്ദ്രീകൃത മാലിന്യ സംസ്കരണ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാമെന്ന് എഴുതിച്ചേര്‍ക്കുകയും ചെയ്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങളോരോന്നായി കവര്‍ന്നെടുത്ത് ഉദ്യോഗസ്ഥ ഭരണം കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി കേരളത്തില്‍ വേസ്റ്റ് മാനേജ്മെന്‍റ് ബോര്‍ഡ് സ്ഥാപിക്കാന്‍ ഈ ഉദ്യോഗസ്ഥര്‍ തീരുമാനിക്കുകയും അത് ദേശീയ ഹരിത ട്രിബ്യൂണലിനു കൊടുത്ത അഫിഡവിറ്റില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തു. സംസ്ഥാന മന്ത്രിസഭ ഇതുവരെ തീരുമാനമെടുക്കാത്ത ഒരു കാര്യമാണിതെന്നോര്‍ക്കണം. ഈ ബോര്‍ഡിനു വേണ്ട സാഹചര്യമൊരുക്കുന്നതിന് കേരള പഞ്ചായത്ത് രാജ് ആക്ടില്‍ ഭേദഗതി കൊണ്ടുവരാനും ശ്രമിച്ചു. ശ്രമങ്ങള്‍ ഏതാണ്ട് പാതിവഴി വരെ വിജയിച്ചിട്ടുമുണ്ട്. അതായത് കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ വേസ്റ്റ് മാനേജ്മെന്‍റ് ബോര്‍ഡിന് കൈമാറണം. ബോര്‍ഡ് കേന്ദ്രീകൃത മാലിന്യ സംസ്കരണ കമ്പനികളുമായി ചേര്‍ന്ന് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കും. ഇതാണ് പദ്ധതിയുടെ ഏകദേശ രൂപം.
കേരളത്തിലുണ്ടാകുന്ന മാലിന്യങ്ങളുടെ ഏകദേശം 70 ശതമാനവും ജൈവമാലിന്യങ്ങളാണ്. അതിന്‍റെ 80 ശതമാനവും വെള്ളം അഥവാ ഈര്‍പ്പവുമാണ്. ഈ മാലിന്യങ്ങളെ പ്ലാസ്റ്റിക്കുകളും കടലാസും ചേര്‍ത്ത് വൈദ്യുതി ഉപയോഗിച്ചോ മറ്റ് ഇന്ധനങ്ങളുപയോഗിച്ചോ ചൂടാക്കി ഉണക്കിക്കത്തിച്ച് ഉണ്ടാക്കുന്ന താപത്തെ പ്രയോജനപ്പെടുത്തി വൈദ്യുതി ഉല്‍പാദിപ്പിച്ച് അത് കെ. എസ്. ഇ. ബി ക്ക് വില്‍പന നടത്താമെന്നുള്ള സ്വപ്നമാണ് വേസ്റ്റ് ടു എനര്‍ജി അഥവാ മാലിന്യങ്ങളില്‍ നിന്നും ഊര്‍ജ്ജം പദ്ധതികള്‍ മുന്നോട്ടു വയ്ക്കുന്നത്. സര്‍ക്കാര്‍ പണമോ, സ്ഥലമോ ഒന്നും മുടക്കേണ്ടതില്ലെന്നും പ്ലാന്‍റ് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി നിലവിലെ വിപണി വിലയെക്കാളും താഴ്ന്ന വിലയില്‍ വാങ്ങിയാല്‍ മതിയെന്നുമുള്ള മോഹന വാഗ്ദാനങ്ങളുമായാണ് ഇത്തരം കമ്പനികള്‍ സര്‍ക്കാരുമായി കരാര്‍ വയ്ക്കുന്നത്. കരാര്‍ വച്ചു കഴിഞ്ഞ് രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് കരാറില്‍ ചില ഭേദഗതികള്‍ വരുത്തും. ഒന്നാമതായി പ്ലാന്‍റില്‍ കൈകാര്യം ചെയ്യപ്പെടുന്ന മാലിന്യത്തിന് ടിപ്പിംഗ് ഫീസ് ആവശ്യപ്പെടും. രണ്ടാമതായി വൈദ്യുതിയുടെ വില വിപണി വിലയില്‍ നിന്നും ഉയര്‍ത്തി പുതുക്കി നിശ്ചയിക്കും. എല്ലാ കമ്പനികളും യൂറോപ്പിലോ അമേരിക്കയിലോ രജിസ്റ്റര്‍ ചെയ്ത ഒരു കമ്പനിയുമായി ബന്ധമുള്ള കമ്പനിയായിരിക്കും. അവ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. അന്വേഷിച്ചു ചെല്ലുമ്പോള്‍ ഒരു ഡോര്‍ അഡ്രസ്സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കടലാസ് കമ്പനികളായിരിക്കും ഭൂരിപക്ഷവും. ഉദാഹരണത്തിന് ലോറോ എ. വിറോ എന്ന അമേരിക്കന്‍ കമ്പനിയുടെ രജിസ്റ്റേര്‍ഡ് മൂലധനം 15 യു. എസ് ഡോളര്‍ മാത്രമായിരുന്നു.
2013 മുതല്‍ ഇതാ ഉടന്‍ വരുന്നു എന്നു കേള്‍ക്കുന്ന ഒരു പദ്ധതിയാണ് ബ്രഹ്മപുരം വേസ്റ്റ് ടു എനര്‍ജി പദ്ധതി. ബ്രിട്ടീഷ് കമ്പനിയും മലയാളികള്‍ നയിക്കുന്ന ഇന്ത്യന്‍ കമ്പനികളും ബ്രിട്ടീഷ് കമ്പനികളും ചേര്‍ന്ന് 250 കോടി രൂപാ ചെലവില്‍ നടപ്പിലാക്കുന്നു എന്ന് പല തവണ വാര്‍ത്തകളിലിടം പിടിച്ച പദ്ധതി വര്‍ഷം ആറായിട്ടും തുടങ്ങിയിട്ടുപോലുമില്ല. എന്നാല്‍ ഈ പദ്ധതിയെ വിശ്വസിച്ച് കൊച്ചി നഗരസഭയും ചുറ്റുമുള്ള മുനിസിപ്പാലിറ്റികളും മാലിന്യങ്ങള്‍ ശേഖരിച്ചു കൂനകൂട്ടിക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യയില്‍ മാലിന്യത്തില്‍ നിന്നും ഊര്‍ജ്ജ പദ്ധതികളൊന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടത്തിക്കൊണ്ടു പോകാന്‍ കഴിയില്ലെന്ന് കഴിഞ്ഞ പത്തു വര്‍ഷത്തെ അനുഭവം നമ്മുടെ മുന്നിലുണ്ട്. പാര്‍ലമെന്‍റിന്‍റെ കീഴിലുണ്ടായ ഒരു സമിതി കുറച്ചു കൊല്ലങ്ങള്‍ക്കു മുമ്പ് ഇന്ത്യയിലെ ഇത്തരം പദ്ധതികളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ആ റിപ്പോര്‍ട്ടില്‍ വ്യക്തമായും ഇത്തരം പദ്ധതികളുടെ കഴിവുകേടുകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് എന്‍വയണ്‍മെന്‍റ് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടും ഈ വസ്തുതയെ ശരിവയ്ക്കുന്നതാണ്.
കേരളത്തില്‍ ഏഴ് സ്ഥലങ്ങളില്‍ കേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതികള്‍ നടപ്പിലാക്കാന്‍ താല്‍പര്യം കാണിച്ച ഏഴു കമ്പനികളില്‍ മൂന്നു നാലെണ്ണം ഫ്രോഡ് ഗണത്തില്‍പ്പെടുന്നതാണ്. സുല്‍ത്താന്‍ ബത്തേരിയില്‍ ഒട്ടും പ്രായോഗികമല്ലാത്ത ഭീമന്‍ ബയോഗ്യാസ് പ്ലാന്‍റ് സ്ഥാപിക്കാന്‍ മൂന്നു വര്‍ഷമായി ഒരു കമ്പനി ശ്രമം നടത്തുന്നു. എങ്ങുമെത്തിയിട്ടില്ല. മൂന്നാറിലെ മാലിന്യ സംസ്കരണത്തിന് മുന്നോട്ടു വന്ന കമ്പനിയാകട്ടെ ലോകത്ത് ഇന്ന് വരെ കണ്ടുപിടിച്ചിട്ടില്ലാത്ത മൂലകം മാലിന്യത്തില്‍ നിന്നും സൃഷ്ടിക്കുമെന്ന് പറഞ്ഞ് പെട്ടിയും തൂക്കി വന്നതാണ്; പിന്നെ വിവരമില്ല. തിരുവനന്തപുരത്ത് പദ്ധതി നടപ്പിലാക്കാന്‍ പെരിങ്ങമ്മലയില്‍ സ്ഥലമെടുത്തെങ്കിലും പ്രാദേശിക ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നു. തിരുവനന്തപുരത്ത് മുട്ടത്തറയിലേക്കൊന്ന് ആലോചിച്ചു നോക്കിയെങ്കിലും വിമാനത്താവള അധികൃതര്‍ അനുവാദം നല്‍കിയില്ല. കൊച്ചിയില്‍ കമ്പനി കരാര്‍ വച്ചു. പക്ഷേ ഒന്നും സംഭവിക്കുന്നില്ല. കോഴിക്കോട് കരാര്‍ ആയി എന്നു കേള്‍ക്കുന്നു.
ഇത്തരം കമ്പനികള്‍ക്കു വേണ്ടിയാണ് ലോകത്തിന് തന്നെ മാതൃകയാകുമായിരുന്ന ശുചിത്വകേരളം പദ്ധതിയെ അട്ടിമറിക്കുന്നത്. ഉറവിട മാലിന്യ സംസ്കരണത്തിനും വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിനും പ്രാമുഖ്യം കൊടുത്ത തിരുവനന്തപുരം നഗരസഭ വളരെ വിജയകരമായി, മാതൃകാപരമായി കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനിടെയാണ് ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവ് നടപ്പിലാക്കാനെന്ന വ്യാജേന തിരുവനന്തപുരത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങളൊക്കെയും നിയമവിരുദ്ധമാണെന്ന് വാദമുയര്‍ത്തി ഭീമമായ തുക പിഴ വിധിച്ചത്.
കേരള വെറ്ററിനറി സര്‍വകലാശാലയിലെ അധ്യാപകനും ശാസ്ത്രജ്ഞനുമായ ഡോ. ഫ്രാന്‍സിസ് സേവ്യര്‍ ആവിഷ്കരിച്ച തുമ്പൂര്‍മൂഴി എയ്റോബിക് കമ്പോസ്റ്റിംഗ് സംവിധാനമാണ് കേരളത്തില്‍ നഗരമാലിന്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വ്യാപകമായി ഉപയോഗിക്കുന്നത്. വികേന്ദ്രീകൃതമായി വലിയ മനുഷ്യാധ്വാനമില്ലാതെ കാര്യക്ഷമമായി കമ്പോസ്റ്റ് ചെയ്യാമെന്നതായിരുന്നു ഈ സംവിധാനത്തിന്‍റെ മേന്മ. സംസ്ഥാന ശുചിത്വമിഷന്‍ സാങ്കേതികാംഗീകാരം നല്‍കിയ ഈ സംവിധാനം അശാസ്ത്രീയമാണെന്നാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ കണ്ടെത്തല്‍. അതുപോലെ വീടുകളിലെ കിച്ചന്‍ ബിന്‍ കമ്പോസ്റ്ററുകളും അശാസ്ത്രീയമാണത്രേ. സ്ഥലപരിമിതി ഏറെയുള്ള കേരളത്തില്‍ നടത്താന്‍ പ്രയാസമുള്ള റെന്‍ഡറിംഗ് യൂണിറ്റുകളാണ് കോഴിയിറച്ചി മാലിന്യങ്ങളെ ഉന്നത ഊഷ്മാവിലും മര്‍ദ്ദത്തിലും സംസ്കരിച്ച് വിവിധ ഉല്‍പന്നങ്ങളാക്കി മാറ്റുന്നത്. ഇടുക്കിയിലും തമിഴ്നാട്ടിലുമുള്ള യൂണിറ്റുകളിലേക്കാണ് കോഴിയിറച്ചി മാലിന്യങ്ങള്‍ തിരുവനന്തപുരം നഗരസഭയുടെ മേല്‍ നോട്ടത്തിലും
നിയന്ത്രണത്തിലും കയറ്റി വിടുന്നത്. ഇതുമൂലം, നഗരത്തിലെ ഇറച്ചി മാലിന്യ പ്രശ്നങ്ങള്‍ക്ക് വലിയ പരിഹാരം ഉണ്ടായിട്ടുമുണ്ട്. തിരുവനന്തപുരം നഗരത്തിനു പുറത്ത് പ്രവര്‍ത്തിക്കുന്ന പന്നി വളര്‍ത്തു ഫാമുകളെ സന്ദര്‍ശിച്ച് നിയമപ്രകാരമുള്ള മാനദണ്ഡങ്ങളെല്ലാം പാലിക്കുന്ന ഫാമുകളിലേക്ക് മാത്രമായാണ് നഗരത്തിലെ ഹോട്ടലുകളിലെയും കല്യാണ മണ്ഡപങ്ങളിലെയും ഭക്ഷണ മാലിന്യങ്ങള്‍ കയറ്റി വിടുന്നത്. ഇതിനും പുറമേ നഗരത്തിനു പുറത്തുള്ള വലിയ റബര്‍ തോട്ടങ്ങളില്‍ ഏക്കറിന് ഒരു ടണ്‍ എന്ന നിരക്കില്‍ ഭക്ഷ്യമാലിന്യങ്ങള്‍ ട്രഞ്ച് കമ്പോസ്റ്റ് ചെയ്തു നല്‍കുന്ന ഒരു സേവനദാതാവ് വഴിയും ജൈവമാലിന്യങ്ങള്‍ സംസ്കരിക്കാനയക്കുന്നുണ്ട്. ഇതെല്ലാം ഒറ്റയടിക്ക് നിര്‍ത്തി വയ്ക്കാനാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ ഉത്തരവ്. കഴിഞ്ഞ നാലു കൊല്ലം കൊണ്ട് നഗരസഭ വികസിപ്പിച്ചു കൊണ്ടുവന്ന സംവിധാനങ്ങളെ ഒറ്റയടിക്ക് ഇല്ലാതാക്കുന്ന നടപടിക്കു പിന്നിലും സ്ഥാപിത താല്‍പര്യക്കാര്‍ ഉണ്ട്.
കേരളത്തിന്‍റെ സവിശേഷ സാഹചര്യം മുന്‍നിര്‍ത്തി കേരളത്തിന് വികേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനങ്ങളാണ് വേണ്ടതെന്നും അവ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനു വേണ്ട സാഹചര്യമൊരുക്കാന്‍ വേണ്ട സാങ്കേതിക സഹായം ലഭ്യമാക്കുമെന്നും കേന്ദ്രസര്‍ക്കാരിനെയും കോടതിയെയും ബോധ്യപ്പെടുത്താനുത്തരവാദപ്പെട്ട സ്ഥാപനമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡും കേരള ശുചിത്വ മിഷനും ഹരിത കേരള മിഷനും. അതില്‍ പി സി ബി സംസ്ഥാന താല്‍പര്യത്തിനു വിരുദ്ധമായി സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുകയും മറ്റു രണ്ടു മിഷനുകളും നിസ്സഹായരായി നോക്കി നില്‍ക്കുകയുമാണ്.
എന്തായാലും രണ്ടടി മുന്നോട്ട് നാലടി പിന്നോട്ട് എന്ന നിലയിലാണ് ശുചിത്വ കേരളം പരിപാടി ഇപ്പോള്‍ മുന്നോട്ടു പോകുന്നതെന്ന് പറയാതിരിക്കുക വയ്യ. ശുചിത്വ കേരളം പദ്ധതിക്കു വേണ്ടി സന്നദ്ധപ്രവര്‍ത്തനത്തിനിറങ്ങിയ ജനപ്രതിനിധികളെയും ബഹുജനങ്ങളെയും സംഘടനകളെയും നോക്കുകുത്തികളാക്കിക്കൊണ്ട് അവര്‍ പറഞ്ഞു പഠിപ്പിച്ച പാഠങ്ങളെയൊന്നാകെ കീറിയെറിയുന്ന ഒരവസ്ഥയാണ് ഇന്ന് കേരളത്തില്‍. ഹരിത കേരള മിഷന്‍റെ നേതൃത്വത്തില്‍ കേരളത്തിലുണ്ടായി വന്ന മാലിന്യ സംസ്കരണ സേവന ദാതാക്കളും (ഹരിത കര്‍മസേന) സാങ്കേതിക സഹായ സ്ഥാപനങ്ങളും ഇന്ത്യയിലെ മാലിന്യ സംസ്കരണ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്ന സമയമായിരുന്നു. ചവറു പെറുക്കുന്ന നിലയില്‍ നിന്നും ആത്മാഭിമാനത്തോടെ ചെയ്യാവുന്ന ഒരു സാങ്കേതിക തൊഴില്‍ മേഖല ഉരുവപ്പെട്ടു വരുന്ന സമയവുമായിരുന്നു. ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് നേരിട്ട് തൊഴില്‍ ലഭിച്ചു വരുന്ന സന്ദര്‍ഭം. കേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതികള്‍ക്ക് ഇത്തരം ജോലി ചെയ്യുന്നവരെ ആവശ്യമില്ല. ഉത്തരേന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യാവുന്ന കുറഞ്ഞകൂലിക്ക് കിട്ടുന്ന തൊഴിലാളികള്‍ മാത്രം മതിയാകും. അതുകൊണ്ടു തന്നെ വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ നമ്മുടെ നികുതിപ്പണം ചെലവാക്കി പടുത്തുയര്‍ത്തിയ വലിയൊരു സംവിധാനം ചീട്ടുകൊട്ടാരം പോലെ നമ്മുടെ കണ്‍മുന്നില്‍ മറിഞ്ഞു വീഴും. എന്നാലോ പ്രായോഗികമല്ലാത്ത കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ ഇരച്ചും കിതച്ചും വിഷപ്പുക തുപ്പി കേരളത്തെ ന്യൂഡല്‍ഹി പോലെ പുകവലയത്തിനുള്ളിലാക്കിയ ശേഷം നമ്മുടെ നികുതിപ്പണത്തില്‍ നിന്നും ഭീമമായ നഷ്ടപരിഹാരത്തുക കണക്കു പറഞ്ഞ് മേടിച്ച് പുറത്തുകടക്കും. ഉദ്യോഗത്തില്‍ നിന്നും വിരമിക്കുന്ന ഐ എ എസു കാര്‍ക്ക് ആജീവനാന്തം സര്‍വ അധികാരങ്ങളോടുമിരിക്കാന്‍ ചെയ്യുന്ന തൊഴിലുറപ്പ് പരിപാടിയുടെ ഭാഗമായി രൂപീകരിക്കുന്ന വേസ്റ്റ് മാനേജ്മെന്‍റ് ബോര്‍ഡില്‍ സകല ആനുകൂല്യങ്ങളോടും ഏമാന്മാരും സിര്‍ബന്ധികളും വാഴും. അപ്പോഴും പൊതു നിരത്തുകളില്‍ മാലിന്യങ്ങള്‍ നിറഞ്ഞുകൊണ്ടേയിരിക്കും.
No comments:
Post a Comment