കേരളത്തിലെ പൊലീസ് സേന പല കാര്യങ്ങള്‍ കൊണ്ടും ലോകത്തിലെ തന്നെ മികച്ച ക്രമസമാധാന സേനയായി തന്നെയാണ് നിലകൊള്ളുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. കേരള പൊലീസിന്‍റെ ചരിത്രം ആരംഭിക്കുന്നത് ആയിരത്തി എണ്ണൂറുകളിലാണ്. ആ കാലഘട്ടത്തില്‍ ജനാധിപത്യ സംവിധാനങ്ങള്‍ ഒന്നും നിലവിലില്ലായിരുന്നു. ജനാധിപത്യ വിരുദ്ധമായാണ് തിരുവിതാംകൂറിലും, കേരളത്തിന്‍റെ മറ്റു പല ഭാഗങ്ങളിലും നൂറ്റിഅമ്പതു വര്‍ഷത്തോളം കേരളത്തിന്‍റെ പൊലീസ് സേന പ്രവര്‍ത്തിച്ചുവന്നത്. എന്നാല്‍ 1957 നു ശേഷം കേരള പൊലീസിന് ഉണ്ടായ മാറ്റങ്ങള്‍ വളരെ അത്ഭുതകരമാണ്. മുന്‍പത്തെ സേനയുമായി ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ കഴിയാത്ത രീതിയില്‍ ഒരു മുഖം കേരള പൊലീസ് സേനയ്ക്ക് കൈവന്നു. പ്രഫഷണലിസത്തില്‍, കുറ്റാന്വേഷണത്തില്‍, ക്രമസമാധാനപാലനത്തില്‍ എല്ലാം ജനാധിപത്യപരമായ രീതിയില്‍, പൗരന്‍റെ അവകാശങ്ങള്‍ക്കു പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള ഒരു പ്രവര്‍ത്തനശൈലിയാണ് കേരള പൊലീസ് പൊതുവെ കാഴ്ചവയ്ക്കുന്നത് എന്ന് നിസ്സംശയം പറയാന്‍ കഴിയും. കുറ്റാന്വേഷണ രംഗത്ത്, പാശ്ചാത്യ പൊലീസ് സേനകളെ പോലും വെല്ലുന്ന രീതിയിലാണ് കേരള പൊലീസ് പ്രവര്‍ത്തിക്കുന്നത് എന്ന് കൂടി പറയാന്‍ ഞാനാഗ്രഹിക്കുന്നു.
ലോകത്തിലെ ഏറ്റവും കുറച്ചു കൊലപാതകങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലൊന്നായി കേരളം മാറിയിട്ടുണ്ട്. വളരെ കൂടിയ കൊലപാതക നിരക്കുള്ള ഒരു സംസ്ഥാനമായിരുന്നു പണ്ട് കേരളം. എന്നാല്‍ ഇംഗ്ലണ്ടിലെയും, ന്യൂസിലന്‍ഡിലെയും പോലെയുള്ള ഒരു നിരക്കാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളത്. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒരു സേന കൂടിയാണ് കേരളത്തിലേത്. ഒരു പക്ഷെ മറ്റെവിടെയും ഇല്ലാത്ത തരത്തില്‍ സമരങ്ങളും, ധര്‍ണകളും എല്ലാം കേരളത്തില്‍ ഉണ്ട്. പക്ഷെ ഇതിനെയൊന്നും അടിച്ചൊതുക്കാതെ നിയമവിധേയമായി തന്നെ പ്രവര്‍ത്തിക്കുന്നു കേരള പൊലീസ്. ജനമൈത്രി, സ്റ്റുഡന്‍റ് പൊലീസ്, ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകള്‍ മുതലായവ പൊലീസിന്‍റെ മാനുഷികമായ മുഖമുദ്രകളാണ്. കേരളത്തില്‍ ഉടനീളം സഞ്ചരിച്ചാലും ഒരു കത്തിക്കുത്തോ അടിപിടിയോ സാധാരണമായി നമുക്ക് കാണാന്‍ സാധിക്കില്ല. അതേക്കുറിച്ച് വാര്‍ത്തകള്‍ വായിച്ചേക്കാം പക്ഷേ നേരിട്ട് കാണാന്‍ പ്രയാസമാണ്. ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്തു റാന്നിയില്‍ നിന്ന് തിരുവനന്തപുരം വരെ യാത്ര ചെയ്താല്‍ ഒരു അടിപിടിക്കെങ്കിലും ദൃക്സാക്ഷിയാകേണ്ടി വരുമായിരുന്നു. അതുപോലെ തന്നെ കാര്‍ മോഷണത്തിന്‍റെ കാര്യത്തിലും. ഇംഗ്ലണ്ടിലൊക്കെയുള്ള കാര്‍ മോഷണത്തിന്‍റെ ആയിരത്തിലൊന്നു പോലും കാര്‍ മോഷണങ്ങള്‍ കേരളത്തില്‍ ഇല്ല. അങ്ങനെയുള്ള ഒരു പ്രദേശമായി കേരളത്തെ മാറ്റാന്‍ പൊലീസിന് കഴിഞ്ഞത് ജനങ്ങളുമായുള്ള സഹകരണം കൊണ്ട് മാത്രമാണ്. കേസുമായി സ്റ്റേഷനില്‍ എത്തിയാല്‍, അത് കാര്യക്ഷമമായി അന്വേഷിക്കുന്നതും, കോടതിയില്‍ അത് പ്രസന്‍റ് ചെയ്യുന്നതും, കുറ്റക്കാരെ ശിക്ഷിക്കുന്നതും എല്ലാം തന്നെ ക്രമാനുഗതമായി പോകുന്നത് ജനങ്ങളും, പൊലീസും തമ്മില്‍ നിലനില്‍ക്കുന്ന പാരസ്പര്യത്തിന്‍റെ ഫലമായാണ്. അതുകൊണ്ടു തന്നെയാണ് പണ്ടെങ്ങുമില്ലാതിരുന്ന പൊതുജന ആഭിമുഖ്യം ഇന്ന് പൊലീസിനുണ്ടാകുന്നത്.
ജനാധിപത്യ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ കേരള പൊലീസ് പലപ്പോഴും തയ്യാറായിട്ടുണ്ട്. അന്‍പതുകള്‍ക്കു ശേഷം പൊലീസ് സേനയില്‍ വന്നിരിക്കുന്ന സമഗ്രമായ മാറ്റമാണ് ഈ മികവിന്‍റെ അടിസ്ഥാനം. എന്നിരുന്നാല്‍ പോലും പൊലീസിന്‍റെ ജനിതകഘടനയില്‍ കുറച്ചു വൈകല്യങ്ങള്‍ ഉണ്ടെന്നുള്ള കാര്യം തുറന്നുപറയാതെ വയ്യ. കുടുംബത്തില്‍ നിന്നും പാരമ്പര്യമായി കിട്ടുന്ന ജനിതക വൈകല്യങ്ങള്‍ പോലെ തന്നെയാണ് ഇതും. സമകാലീന പ്രതിഭാസമല്ല അത്. പീരുമേട് കസ്റ്റഡി മരണം അടക്കമുള്ള ക്രൂരതകളെ എനിക്ക് അങ്ങനെ മാത്രമേ നിര്‍വചിക്കാനാകൂ. 1956 നു ശേഷമാണ് കേരള പൊലീസിന് ഒരു ജനാധിപത്യ മുഖം കൈവന്നത് എന്ന് പറഞ്ഞുവല്ലോ. അതിനു മുന്‍പ് നേരെ തിരിച്ചായിരുന്നു. സത്യവാനായ പൊലീസുകാരനെ ജനങ്ങള്‍ക്കോ, ഭരണകൂടത്തിനോ വേണ്ടായിരുന്നു. ഇ.വി കൃഷ്ണപിള്ള വളരെ സമര്‍ത്ഥമായി പൊലീസ് രാമായണം എന്ന കൃതിയില്‍ ഇത് അവതരിപ്പിച്ചിട്ടുണ്ട്. ഇടിയന്‍ നാണുപിള്ളക്കായിരുന്നു സത്യവാന്‍ കുട്ടന്‍പിള്ളയെക്കാള്‍ ജനസമ്മിതി. മീശയുടെ വലിപ്പത്തിന്‍റെയോ, കണ്ണിലെ രക്തച്ഛവിയുടെ പേരിലോ അനശ്വരമാക്കപ്പെട്ട അസ്തിത്വം പൊലീസിന് ലഭിച്ചത് ഇന്നും ഒഴിയാബാധയായി പൊലീസിന്‍റെ കൂടെ ഉണ്ടെന്നു വേണം കരുതാന്‍. അമ്പതു കൊല്ലം മുന്‍പ് വരെ പൊലീസിന്‍റെ മികവിന്‍റെ അടിസ്ഥാനവും ഇതുതന്നെയായിരുന്നു. എന്‍റെ സര്‍വീസ് കാലത്തുപോലും ഈ പൊലീസ് പ്രതീകങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ ഇന്ന് അത്തരം ബിംബങ്ങളൊന്നും ഇല്ലെങ്കില്‍ കൂടി കസ്റ്റഡിയിലെ ക്രൂരതകള്‍ പൂര്‍ണമായും രംഗം വിട്ടൊഴിഞ്ഞിട്ടില്ല.
അതിന്‍റെ കാരണം സ്വാതന്ത്ര്യത്തിനു മുന്‍പ് യാതൊരുവിധ മൗലികാവകാശങ്ങളും ജനങ്ങള്‍ക്കുണ്ടായിരുന്നില്ല എന്നതുകൊണ്ട് നിയമം നടപ്പിലാക്കാന്‍ വേണ്ടി പൊലീസ് ഏതു വഴിയും സ്വീകരിക്കുന്നത് പൊതുസമൂഹത്തില്‍ സ്വീകാര്യമായിരുന്നു എന്നതാണ്. ഏതു പ്രശ്നത്തെയും അടിച്ചൊതുക്കുക. സമരത്തെയും, പ്രതിഷേധങ്ങളെയും എല്ലാം ഇല്ലാതാക്കുക; കുറ്റം ചെയ്തവരെ എന്ത് മാര്‍ഗം ഉപയോഗിച്ചും പിടിക്കുക, ശിക്ഷിക്കുക - ഇവയായിരുന്നു ലക്ഷ്യം. മൗലികാവകാശങ്ങളെ മാനിച്ചു എന്നതായിരുന്നില്ല പൊലീസിന്‍റെ കാര്യക്ഷമതയുടെ അളവുകോല്‍. പൊലീസിന്‍റെ കാര്യക്ഷമതയെ സംബന്ധിച്ച് തെറ്റായ ഒരു ഉപസംസ്കാരം പണ്ട് വളര്‍ന്നുവന്നു. പൊലീസുകാരനാണെങ്കിലും, സബ് ഇന്‍സ്പെക്ടര്‍ ആണെങ്കിലും തങ്ങളെ ഏല്‍പിച്ച കാര്യം സാധിക്കുന്നതാണ് കാര്യക്ഷമത എന്നും ഒരു സങ്കല്‍പം അനൗദ്യോഗികമായി നിലനിന്നു. നിയമവും നൂലാമാലയുമൊന്നും കണക്കിലെടുത്തിരുന്നുമില്ല. കാര്യക്ഷമതയുടെ സങ്കല്‍പം ഇതായിരുന്നു. നിയമം നടപ്പാക്കുന്ന പൊലീസ് സ്വയം നിയമം പാലിക്കുക എന്നത് പണ്ട് നീതീകരിക്കാവുന്നതായിരുന്നില്ല. എന്നാലിന്ന് ഭരണകൂടം പൗരന്‍റെ അവകാശങ്ങള്‍ ലംഘിക്കാന്‍ പാടില്ല. പൊലീസുകാരും നിയമപരമായ രീതിയിലൂടെ അല്ലാതെ പ്രവര്‍ത്തിക്കാനും പാടില്ല.
പണ്ടത്തെ പൊലീസും ഇപ്പോഴത്തെ പൊലീസും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്. ദൗര്‍ഭാഗ്യവശാല്‍ തലമുറകളായി നിലനില്‍ക്കുന്ന തെറ്റായ കാര്യക്ഷമതാ സങ്കല്‍പത്തിന്‍റെ പേരിലാണ് പൊലീസില്‍ ഉപസംസ്കാരം രൂപപ്പെട്ടിരിക്കുന്നത്. മേലുദ്യോഗസ്ഥന്‍റെയോ, സര്‍ക്കാരിന്‍റെ തന്നെയോ തെറ്റായ ആഗ്രഹങ്ങള്‍ക്ക് നിയമപരമായി പ്രസക്തിയില്ലെന്ന് പൊലീസ് അറിയണം. ഞാന്‍ സര്‍വീസില്‍ ഉണ്ടായിരുന്നപ്പോള്‍ നിയമ വിരുദ്ധമായ ഉത്തരവുകള്‍ ആരും അനുസരിക്കേണ്ടെന്നു നിര്‍ദ്ദേശം നല്‍കിയപ്പോള്‍ വല്ലാത്ത പുകിലായിരുന്നു. നിയമപരമാണോ തന്‍റെ പ്രവൃത്തി എന്ന് നോക്കേണ്ട ഒറ്റ ഉത്തരവാദിത്വമേ പൊലീസുകാരനുള്ളൂ. നിയമത്തിന്‍റെ അകത്തു നിന്നുകൊണ്ട്, മേലധികാരിയുടെ ഉത്തരവും സര്‍ക്കാരിന്‍റെയും, തന്‍റെയും ആഗ്രഹവും എല്ലാം സഫലമാക്കാവുന്നതാണ് താനും. നിയമം ലംഘിച്ചുകൊണ്ട് ആഗ്രഹപൂര്‍ത്തീകരണം സാധ്യമാക്കി കൊടുക്കരുത്. ഇതാണ് അച്ചടക്കത്തിന്‍റെ കാതല്‍.
കുറ്റം തെളിയിക്കാന്‍ കസ്റ്റഡിയില്‍ എടുക്കുന്നവനെ ഒരു കാരണവശാലും പൊലീസ് ശാരീരികമായോ മാനസികമായോ പീഡിപ്പിക്കരുത്. കള്ളനെ മൂന്നാം മുറയില്‍ കൂടി കുറ്റം സമ്മതിപ്പിച്ചു തൊണ്ടി ഉടമസ്ഥന് തിരിച്ചു കൊടുക്കുന്ന പൊലീസാണ് ഇപ്പോഴും ജനങ്ങളുടെ മുന്‍പില്‍ ഹീറോ എന്നാണെങ്കില്‍ കൂടി നിയമവിരുദ്ധ മാര്‍ഗങ്ങളില്‍ കൂടി പൊലീസ് സഞ്ചരിക്കരുത്. കാര്യക്ഷമതയെ സംബന്ധിച്ചുള്ള തെറ്റായ സങ്കല്‍പം ഒരളവുവരെ പൊലീസില്‍ മാത്രമല്ല സമൂഹത്തിലുമുണ്ട്. ന്യൂനപക്ഷം പൊലീസുകാര്‍ക്ക് നിര്‍ഭാഗ്യവശാല്‍ പണ്ടത്തെ കാര്യക്ഷമതാ സങ്കല്‍പമാണ് ഇന്നും പഥ്യം. അതിന്‍റെ ഒരു പ്രതിഫലനമാണ് കസ്റ്റഡിയിലെ പീഡനവും, കൊലപാതകവും. നമ്മള്‍ എത്ര പരിശ്രമിച്ചാലും ഇത് തുടര്‍ന്ന് പോകുന്നതും അതുകൊണ്ടാണ്. ഇതിനെ ഇല്ലാതാക്കാന്‍ പൊലീസും, ജനങ്ങളും, രാഷ്ട്രീയ കക്ഷികളും ഒരുമിക്കുകയാണ് വേണ്ടത്. അല്ലാതെ ഞങ്ങളുടെ ഭരണകാലം, നിങ്ങളുടെ ഭരണകാലം എന്ന് പറഞ്ഞു ചേരിതിരിയുകയാല്ല വേണ്ടത്.
കുറ്റം ചെയ്യുന്ന പൊലീസിന് വളരെ കര്‍ശനമായ ശിക്ഷ നല്‍കേണ്ടത് അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങള്‍ തുടരാനുള്ള പ്രവണതക്ക് ഇത് വലിയ ഒരളവുവരെ നിയന്ത്രണം കൊണ്ടുവരും. കസ്റ്റഡി കൊലപാതകങ്ങള്‍ക്ക് തടയിടേണ്ടത് അത്യാവശ്യമാണ്. ഇതിനു ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ ആവശ്യവുമാണ്. പരിശീലന പദ്ധതിയില്‍ ഒരു പ്രത്യേക വിഭാഗമായി ഇത് ഉള്‍പ്പെടുത്തണം. എന്‍റെ കാലത്തു ഇതിനുള്ള പരിശീലനചേദികള്‍ എന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല എന്നത് എനിക്ക് അല്‍പം പശ്ചാത്താപം നല്‍കുന്ന സംഗതിയാണ്. കസ്റ്റഡി മരണങ്ങള്‍ - അതില്‍ പൊലീസിന്‍റെ പങ്ക് എന്നത് ഓരോ പഴയ കേസും പ്രത്യേകമായി എടുത്തു വിശകലനം ചെയ്യുന്ന ഒരു പരിശീലന രീതി കൊണ്ടുവരികയും ചരിത്രത്തില്‍ പൊലീസിന് പറ്റിയ തെറ്റ് മനസ്സിലാക്കി കൊടുക്കുകയും ലഭിച്ച ശിക്ഷകള്‍ ചൂണ്ടിക്കാണിക്കുകയും വേണം.
ഞാന്‍ വീണ്ടും പറയുന്നു. വിരട്ടലും ഉരുട്ടലും പൊലീസിന് ചേര്‍ന്ന പണിയല്ല. നാട്ടുകാരെ തല്ലിയും, കസ്റ്റഡിയില്‍ ഉപദ്രവിച്ചും പൊലീസ് പ്രവര്‍ത്തിക്കുന്നത് സേനക്ക് എന്നും അപകീര്‍ത്തിയേ സമ്മാനിക്കൂ. ഒരു ന്യൂനപക്ഷം ചെയ്യുന്ന പ്രവര്‍ത്തിക്കു ഭൂരിപക്ഷം പൊലീസും അനുഭവിക്കുന്ന നിരാശയ്ക്കും, ആത്മപീഢയ്ക്കും ഞാന്‍ സാക്ഷിയാണ്. പൊലീസിന്‍റെ അസ്തിത്വത്തിനു തന്നെ ഇത് അപമാനമാണ്.
No comments:
Post a Comment