അഗൂട്ടിയും അത്ഭുതമരവും
സിപ്പി പള്ളിപ്പുറം
പണ്ടു പണ്ടൊരു കാലത്ത് കാടും നാടുമൊന്നും വെവ്വേറെ ഉണ്ടായിരുന്നില്ല. എവിടെയും കൊടുംകാടുകള്‍ മാത്രമായിരുന്നു. മരങ്ങളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞ ഒരു ഇരുണ്ട ലോകം!
പച്ചിലകൊണ്ട് നാണം മറച്ചുനടക്കുന്ന വീടും കൂടുമില്ലാത്ത കുറേ മനുഷ്യരാണ് ആ കൊടുങ്കാട്ടില്‍ താമസിച്ചിരുന്നത്. അവരില്‍ ഒരാളായിരുന്നു അഗൂട്ടി.
ഒരു ദിവസം അഗൂട്ടിക്ക് വല്ലാതെ വിശന്നു. കാട്ടുകിഴങ്ങോ കാട്ടുപഴമോ കാട്ടിറച്ചിയോ എന്തെങ്കിലും കിട്ടുമെന്നുകരുതി അഗൂട്ടി ഇരുണ്ടകാട്ടിലൂടെ വളരെ ദൂരം സഞ്ചരിച്ചു. കുറേ ദൂരം പിന്നിട്ടിട്ടും അവന് ഒന്നും കിട്ടിയില്ല.
നിരാശനായ അഗൂട്ടി നടന്നു നടന്ന് കാലുകുഴഞ്ഞ് കാടിന്‍റെ ഒരറ്റത്തുള്ള കരിമ്പാറയ്ക്കു മുകളില്‍ തളര്‍ന്നിരുന്നു. നാളിതുവരെ ഒരാള്‍പോലും കാലുകുത്താത്ത ഒരു സ്ഥലമായിരുന്നു അത്.
അവിടെ എത്തിയപ്പോള്‍ ആരെയും കൊതിപ്പിക്കുന്ന ഒരു മണം അഗൂട്ടിയുടെ മൂക്കിലേക്ക് പറന്നെത്തി. ڇഹായ് ഹായ്! എന്തൊരു നല്ല മണം! ഇത്രയും തേനൂറുന്ന മണം ജീവിതത്തില്‍ ആദ്യമായിട്ടാണല്ലോ കേള്‍ക്കുന്നത്!ڈ അഗൂട്ടി തന്നെത്താന്‍ പറഞ്ഞു.
څഎവിടെന്നാണി നല്ല മണം വരുന്നത്?چ അവന്‍ ചുറ്റുപാടും കണ്ണോടിച്ചു. അപ്പോഴതാ അവിടെ അറ്റത്തായി മാനം മുട്ടുന്ന ചില്ലകളുയര്‍ത്തി ഒരു മരം നില്‍ക്കുന്നു. അതിന്‍റെ കൊമ്പുകളില്‍ അവിടവിടെയായി ലോകത്തിലെ സര്‍വവിധ പഴങ്ങളും മൂത്തുവിളഞ്ഞ് കിടക്കുന്നുണ്ട്. ഓറഞ്ച്, ആപ്പിള്‍, മുന്തിരി, പൈനാപ്പിള്‍, മാതളനാരങ്ങ, മുസ്സംബി, ചെറി എന്നിവയെല്ലാം അക്കൂട്ടത്തിലുണ്ടെന്ന് അവന്‍ മനസിലാക്കി. എല്ലാ പഴങ്ങളും ഉണ്ടാകുന്ന ഒരത്ഭുത മരം!
അഗൂട്ടിയുടെ വായില്‍ څകുടുകുടാچ വെള്ളം നിറഞ്ഞു. അവന്‍ തത്തിപ്പൊത്തി ആ പടുകൂറ്റന്‍ മരത്തിനു മേലേയ്ക്ക് വലിഞ്ഞുകേറി വിശപ്പിന്‍റെ കാഠിന്യം കൊണ്ട് കൈയില്‍ കിട്ടിയ പഴങ്ങളൊക്കെ അവന്‍ څഛടഛടാന്ന്چ പറിച്ചു തിന്നു. അതോടെ അവന്‍റെ വയറു മാത്രമല്ല; മനസ്സും നന്നായി നിറഞ്ഞു.
അഗൂട്ടി നല്ല മനസ്സുള്ളവനായിരുന്നു. എങ്കിലും താന്‍ അങ്ങനെയൊരു വിചിത്രമരം കണ്ട വിശേഷം മറ്റാരോടും പറഞ്ഞില്ല. ഒരാളും കാണാതെ എന്നും അവന്‍ അവിടെ പോയി പഴം പറിച്ചുതിന്നുകൊണ്ടിരുന്നു.
അഗൂട്ടി തടിച്ചുകൊഴുത്ത് നല്ല ഗുണ്ടുമണിയായി മാറി. ഒരു ദിവസം അവന്‍റെ ചേട്ടന്‍ മാക്കോനെയ്മ ചോദിച്ചു: ڇഎടാ അഗൂട്ടി ഓരോ ദിവസം ചെല്ലുതോറും നീയങ്ങ് തടിച്ചുകൊഴുത്തു വരികയാണല്ലോ. നിനക്ക് വിശേഷപ്പെട്ട എന്തൊക്കെയോ തിന്നാന്‍ കിട്ടുന്നുണ്ട്, അല്ലെ? ഏതായാലും ഇന്ന് നിന്നോടൊപ്പം ഞാനും വരാം.ڈ
ചേട്ടന്‍റെ ഈ സംസാരവും ചങ്ങാത്തവുമൊന്നും അഗൂട്ടിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. എങ്കിലും ചേട്ടനല്ലെ? ആട്ടിയോടിക്കാന്‍ പറ്റുമോ? അവന്‍ ചേട്ടനേയും കൂട്ടി മരത്തിനടുത്തേക്ക് നടന്നു.
അവിടെ എത്തിയപ്പോള്‍ മാക്കോനെയ്മ അമ്പരന്നുപോയി! څഹൊ! ഇതൊരു അത്ഭുതമരമാണല്ലോ.چ
അഗൂട്ടിയോടൊപ്പം അവനും മരത്തിനു മുകളില്‍ കയറി പലതരം പഴങ്ങള്‍ പറിച്ച് ആര്‍ത്തിയോടെ തിന്നാന്‍ തുടങ്ങി. അപ്പോള്‍ അഗൂട്ടി പറഞ്ഞു: ڇചേട്ടാ തിന്നുന്നതൊക്കെ കൊള്ളാം. എത്ര വേണമെങ്കിലും തിന്നോളൂ. പക്ഷേ ഇവിടെ ഇങ്ങനെയൊരു മരമുണ്ടെന്ന് ചേട്ടന്‍ ആരോടും പറഞ്ഞേക്കരുത്.ڈ
ڇഇല്ലില്ല ഞാനിതാരോടും പറയില്ല. എന്നാലും കുറച്ചുപഴങ്ങള്‍ ഞാനെന്‍റെ കൂട്ടുകാര്‍ക്കായി കൊണ്ടു പൊയ്ക്കോട്ടെ?ڈ മാക്കോനെയ്മ ചോദിച്ചു.
ڇഓഹോ എത്രവേണങ്കിലും കൊണ്ടു പൊയ്ക്കോളു.ڈ അഗൂട്ടി സമ്മതിച്ചു.
മാക്കോനെയ്മ ഒരു കുട്ട നിറയെ പഴങ്ങള്‍ പറിച്ചു കൊണ്ടുപോയി ഗ്രാമക്കാര്‍ക്ക് പങ്കുവച്ചു. അതു തിന്നപ്പോള്‍ എല്ലാവര്‍ക്കും ആര്‍ത്തിയായി.
ڇഹായ്! ഇത്ര നല്ല പഴം എവിടന്നു കിട്ടി?ڈ ഗ്രാമക്കാര്‍ ചോദിച്ചു.
ڇഅങ്ങകലെ ഒരത്ഭുത മരം നില്‍പ്പുണ്ട്. എന്‍റെ കൂടെ വന്നാല്‍ ഞാന്‍ കാണിച്ചുതരാം.ڈ മക്കോനെയ്മ ഗ്രാമക്കാരെ അവിടേക്ക് കൂട്ടിക്കൊണ്ടുപോയി. കൊട്ടയും വട്ടിയും ചാക്കും സഞ്ചിയുമൊക്കെ തൂക്കിപ്പിടിച്ചാണ് ആ ആര്‍ത്തിപണ്ടാരങ്ങള്‍ അവിടേക്ക് ചെന്നത്.
ഗ്രാമീണര്‍ കൂട്ടംകൂടി വരുന്നത് കണ്ട് അഗൂട്ടി പറഞ്ഞു.
ڇഅയ്യയ്യോ! എന്തായിത്? ഇതെന്‍റെ മരമാ! ഇതിലെ പഴങ്ങളുടെ അവകാശി ഞാനാണ്.ڈ അഗൂട്ടി വീണ്ടും ഓര്‍മപ്പെടുത്തി.
പക്ഷേ ഗ്രാമക്കാരാരും അഗൂട്ടിയുടെ വാക്കുകേട്ടില്ല. മരത്തിലെ മൂത്തതും മൂക്കാത്തതുമായ കായ്കനികളെല്ലാം അവര്‍ തല്ലിപ്പറിച്ച് നശിപ്പിക്കാന്‍ തുടങ്ങി.
ڇഎല്ലാം നശിപ്പിക്കല്ലേ. കുറച്ചെങ്കിലും നാളേക്ക് വച്ചേക്കൂ.ڈ
ڇനാളേക്കുള്ളത് നാളെ ഉണ്ടായിക്കൊള്ളും. നീ നിന്‍റെ പണിനോക്ക്.ڈ ഗ്രാമക്കാര്‍ അവനെ പരിഹസിച്ചു.
ആ നിമിഷത്തില്‍ മരത്തില്‍ നിന്ന് ഒരു കൂട്ടനിലവിളി ഉയര്‍ന്നു: ڇഅയ്യോ! ഞങ്ങളെ കടന്നലു കുത്തിയേ! കാട്ടുകടന്നല്‍!... കാട്ടുകടന്നല്‍!...ڈ അവരെല്ലാം څധടുപടുچ വെന്ന് താഴെയിറങ്ങി മണ്ണില്‍ കിടന്നുരുണ്ടു.
ڇകടന്നലുള്ള മരം നമുക്കിവിടെ വേണ്ട. നശിച്ചമരം!ڈ താഴെ നിന്ന ഗ്രാമീണര്‍ ആ മരം മുറിക്കാന്‍ ഒരുക്കമായി. അവര്‍ മഴുക്കള്‍ കൈയിലെടുത്തു.
ڇഅരുത്! ഈ മരം വെട്ടരുത്! ഇതുനമ്മെ തീറ്റിപ്പോറ്റുന്ന നന്മമരമാണ്!ڈ അഗൂട്ടിയും മാക്കോനെയ്മയും വിളിച്ചുകൂവി. പക്ഷേ വിഡ്ഢികളായ ഗ്രാമീണര്‍ അതു കേട്ടില്ല. അവര്‍ മരം മുറിച്ചു താഴെയിട്ടു.
പെട്ടെന്ന് മരത്തിന്‍റെ കടയ്ക്കല്‍ നിന്ന് ഒരു നീരുറവ പുറത്തേയ്ക്ക് പൊട്ടിയൊഴുകാന്‍ തുടങ്ങി. അല്പനേരം കൊണ്ട് ആ പ്രദേശം മുഴുവന്‍ വെള്ളത്തിനടിയിലായി. അത്യാഗ്രഹികളായ ഗ്രാമീണര്‍ വെള്ളപ്പൊക്കത്തില്‍പ്പെട്ട് എവിടേയ്ക്കോ ഒലിച്ചുപോയി.
അഗൂട്ടിയും മാക്കോനെയ്മയും അവിടെയുള്ള ഒരു കുന്നിന്‍ പുറത്തു കയറി കുത്തിയിരുന്നു. വെള്ളമിറങ്ങുന്നതുവരെ മലദൈവങ്ങള്‍ അവരെ കാത്തുപാലിച്ചു.
വെള്ളം തീരെ വറ്റിയപ്പോള്‍ അഗൂട്ടിയും മാക്കോനെയ്മയും കുന്നിന്‍ പുറത്തുനിന്ന് താഴെയിറങ്ങി. അവര്‍ക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. അവര്‍ പഴങ്ങള്‍ പറിച്ചു തിന്നാനായി അവിടത്തെ മരങ്ങള്‍ അന്വേഷിച്ചു. അപ്പോള്‍ എല്ലാത്തരം പഴങ്ങളും ഉണ്ടാകുന്ന ഒരു മരം പോലും അവിടെ കണ്ടില്ല. പകരം ഓരോതരം പഴങ്ങള്‍ മാത്രം ഉണ്ടാകുന്ന പ്രത്യേകം പ്രത്യേകം മരങ്ങളാണ് അവര്‍ കണ്ടത്.
അവര്‍ക്കുവേണ്ടത് എല്ലാത്തരം പഴങ്ങളും ഉണ്ടാകുന്ന പഴയ ആ അത്ഭുതമരമായിരുന്നു. അഗൂട്ടിയും മാക്കോനെയ്മയും അത്ഭുതമരം തേടി കാടായ കാടുമുഴുവന്‍ തിരഞ്ഞു. പക്ഷേ കണ്ടെത്തിയില്ല.
പിന്നെ അവരുടെ പിന്‍മുറക്കാരും അത്ഭുതമരം അന്വേഷിച്ചു; അവര്‍ക്കും അത് കണ്ടെത്താനായില്ല. കാലമേറെ കഴിഞ്ഞിട്ടും അവിടത്തെ ആളുകള്‍ ഇന്നും ആ അത്ഭുതമരം തേടിക്കൊണ്ടിരിക്കയാണ്. പക്ഷേ അതിനി എങ്ങനെ കണ്ടെത്താനാണ്? അത്യാഗ്രഹമുള്ളിടത്ത് ഒരു നന്മമരവും ഒരിക്കലും വളരുകയില്ല.
No comments:
Post a Comment